ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേൽ ചുമതലയേറ്റു; 16 മന്ത്രിമാർ

Mail This Article
ന്യൂഡൽഹി ∙ ഗുജറാത്തിൽ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി മന്ത്രിസഭ അധികാരമേറ്റു. 16 മന്ത്രിമാരാണ് ആദ്യഘട്ടത്തിൽ ചുമതലയേറ്റത്. 11 പേർക്കു കാബിനറ്റ് പദവിയുണ്ട്. മുൻ സർക്കാരിലെ 7 മന്ത്രിമാർ പുതിയ സഭയിലുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത്ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി മുഖ്യമന്ത്രിമാർ എന്നിവർ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു. ഗവർണർ ആചാര്യ ദേവ്വ്രത് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോലി സമുദായത്തിനും പട്ടേൽ സമുദായത്തിനും മറ്റു പിന്നാക്കക്കാർക്കും ഗോത്രവർഗക്കാർക്കും പ്രാതിനിധ്യമുണ്ട്. കൂടുതൽ മന്ത്രിമാരെ വൈകാതെ ഉൾപ്പെടുത്തിയേക്കും. കോൺഗ്രസ് വിട്ടു വന്ന അൽപേഷ് ഠാക്കൂറിനെ മന്ത്രിയാക്കുമെന്ന് സൂചനയുണ്ട്. ഭാനുബെൻ ബാബരിയയാണ് മന്ത്രിസഭയിലെ ഏക വനിത.
കഴിഞ്ഞ മന്ത്രിസഭയിലെ ഊർജമന്ത്രി കാനു ദേശായി, ആരോഗ്യമന്ത്രി റിഷികേഷ് പട്ടേൽ, കൃഷി മന്ത്രി രാഘവ് ജി പട്ടേൽ എന്നിവ പുതിയ മന്ത്രിസഭയിലുമുണ്ട്. കഴിഞ്ഞ തവണത്തെ ആഭ്യന്തര സഹമന്ത്രി ഹർഷ് സംഘ്‌വി, വനം–സഹകരണ സഹമന്ത്രി ജഗദീഷ് വിശ്വകർമ, ഒന്നാം പട്ടേൽ മന്ത്രിസഭയിൽ സഹമന്ത്രിമാരായിരുന്ന കുബേർ ഡിണ്ടോർ, മുകേഷ് പട്ടേൽ എന്നിവരും വിജയ് രൂപാണി മന്ത്രിസഭയിലുണ്ടായിരുന്ന പർഷോത്തം സോളങ്കി എന്നിവരും മന്ത്രിമാരാണ്. കോൺഗ്രസ് വിട്ടുവന്ന കുൻവർജി ബവാലിയ, ബൽവന്ത് രാജ്പുത് എന്നിവർക്കും മന്ത്രിസ്ഥാനം ലഭിച്ചു.
English Summary: Bhupendra Patel sworn in as Gujarat chief minister