ADVERTISEMENT

ന്യൂഡൽഹി ∙ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നു പ്രഖ്യാപിച്ച് സെപ്റ്റംബർ ഏഴിനു കന്യാകുമാരിയിൽനിന്ന് രാഹുൽ ഗാന്ധി ആരംഭിച്ച പദയാത്ര 4 മാസം പിന്നിട്ട് ഉത്തരേന്ത്യയുടെ മണ്ണിലൂടെ നീങ്ങുമ്പോൾ, അടിമുടി രാഷ്ട്രീയ യാത്രയായി രൂപം മാറുന്നു. ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ രാഷ്ട്രീയം പറയാൻ വിസമ്മതിച്ച രാഹുൽ, ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന ഏക ലക്ഷ്യം മാത്രമാണു തന്റെ മുന്നിലുള്ളതെന്ന് ആവർത്തിച്ചിരുന്നു. മധ്യപ്രദേശിലെ ഹിന്ദി ഹൃദയഭൂമിയും കടന്ന് ഉത്തരേന്ത്യയിലേക്കു കടന്നതോടെ യാത്രയിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യം രാഹുൽ ഉയർത്തിപ്പിടിക്കുന്നതിന്റെ സൂചനകൾ പ്രകടം. തീരുമാനിച്ചുറപ്പിച്ചുള്ള രാഷ്ട്രീയ പരാമർശങ്ങൾ രാഹുൽ നടത്തുന്നതും പ്രതിപക്ഷ കക്ഷികളിലേക്കു പാലമിടാൻ കോൺഗ്രസ് ശ്രമിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. 

യാത്ര വിജയിക്കുമോ എന്ന സന്ദേഹമാണ് രാഷ്ട്രീയമില്ലെന്നു പറയാൻ തുടക്കത്തിൽ രാഹുലിനെ പ്രേരിപ്പിച്ചത്. യാത്രയ്ക്ക് ഇതുവരെ ലഭിച്ച സ്വീകാര്യത രാഹുലിന്റെയും പാർട്ടിയുടെയും ആത്മവിശ്വാസമുയർത്തി. അതിന്റെ ബലത്തിലാണു രാഹുൽ ഇപ്പോൾ രാഷ്ട്രീയം സംസാരിക്കുന്നത്. 

കോൺഗ്രസിന്റെ മുന്നോട്ടുള്ള രാഷ്ട്രീയ വഴി മാത്രമല്ല, 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ മുട്ടുകുത്തിക്കാൻ പ്രതിപക്ഷം ഒന്നിച്ചു നിൽക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചും പറയുന്ന രാഹുൽ, പ്രതിപക്ഷ നിരയിൽ പ്രതിഛായ ഉയർത്താനുള്ള ശ്രമമാണു നടത്തുന്നത്. അതേസമയം, പ്രധാനമന്ത്രി സ്ഥാനാർഥിയായി സ്വയം പ്രതിഷ്ഠിച്ചു പ്രതിപക്ഷത്തെ പ്രബല നേതാക്കളെ പിണക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിക്കുന്നു. അതു വിജയിച്ചുവെന്നതിന്റെ തെളിവാണ് അടുത്ത കാലംവരെ രാഹുലിനെ വിലകുറച്ചു കണ്ടിരുന്ന ബിഎസ്പി നേതാവ് മായാവതി യാത്രയ്ക്ക് ആശംസകൾ നേർന്നത്. അഖിലേഷ് യാദവും യാത്രയ്ക്ക് ആശംസകൾ നേർന്നു. 

അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരി ആചാര്യ സത്യേന്ദ്ര ദാസ്, വിഎച്ച്പി നേതാവും രാമജൻമഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറിയുമായ ചംപത് റായ് എന്നിവരുടെ അപ്രതീക്ഷിത പ്രശംസയും രാഹുലിനു ലഭിച്ചു. യാത്രയെ തുടക്കത്തിൽ വിമർശിക്കുകയും പിന്നീട് മൗനം പാലിക്കുകയും ചെയ്ത ബിജെപി ഇപ്പോൾ വിമർശനം പുനരാരംഭിച്ചതു ദേശീയ രാഷ്ട്രീയത്തിൽ രാഹുലുണ്ടാക്കുന്ന ചലനങ്ങളിലുള്ള ആശങ്കയായാണു കോൺഗ്രസ് കാണുന്നത്. 

പ്രചാരണത്തിന്റെ രീതി മാറും

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ രാഹുൽ നയിക്കാനിരിക്കുന്ന പ്രചാരണത്തിന്റെ സ്വഭാവവും ജോഡോ യാത്ര വ്യക്തമാക്കുന്നു. ‘ചൗക്കിദാർ ചോർ ഹേ’ (കാവൽക്കാരൻ കള്ളനാണ്) എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉന്നമിട്ട് 2019 ൽ രാഹുൽ ഉയർത്തിയ മുദ്രാവാക്യത്തിൽ വിദ്വേഷത്തിന്റെയും വ്യക്തിഹത്യയുടെയും അംശമുണ്ടായിരുന്നു. വിദ്വേഷ പ്രചാരണങ്ങളെ അനുകൂലമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ മോദിക്കുള്ള അസാമാന്യ കഴിവ് രാഹുലും കോൺഗ്രസും 2019 ൽ മനസ്സിലാക്കി. ഇനി അങ്ങനെയൊരു അവസരം മോദിക്കു നൽകരുതെന്ന കണക്കുകൂട്ടലിലാണു സ്നേഹവും സാഹോദര്യവും ഐക്യവും മുദ്രാവാക്യമാക്കിയ യാത്രയ്ക്ക് രാഹുൽ ഇറങ്ങിത്തിരിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുലിന്റെ പ്രചാരണം ഇവയിലൂന്നിയായിരിക്കും. 

English Summary: Rahul Gandhi starts talking politics in Bharat Jodo Yatra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com