ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്ത് 5 ലക്ഷത്തിലധികം പേരെ ബാധിച്ച ഡുഷ്യെൻ മസ്കുലർ ഡിസ്ട്രോഫി (ഡിഎംഡി) എന്ന അപൂർവ ജനിതക രോഗത്തിനു ചെലവുകുറഞ്ഞ ചികിത്സ കണ്ടെത്താൻ ഇന്ത്യൻ ഗവേഷകരുടെ ശ്രമം. ജോധ്പുർ ഐഐടി, ഡിഎംഡിക്കായി ഒരു ഗവേഷണ കേന്ദ്രം തുറന്നതോടെയാണ് ഇതുസംബന്ധിച്ച പ്രതീക്ഷ സജീവമാകുന്നത്. ജോധ്പുർ എയിംസ്, ബെംഗളൂരുവിലെ ഡിസ്ട്രോഫി എനൈലേഷൻ റിസർച് ട്രസ്റ്റ് എന്നിവയുമായി ചേർന്നാണു ഗവേഷണം. വൈകല്യത്തിനു കാരണമാകുന്ന ഡിഎൻഎ/ആർഎഎൻഎയുടെ ഭാഗം ഒരു ജനിതാകവരണം വഴി മറയ്ക്കുന്ന ചികിത്സാരീതിയാണ് പരീക്ഷിക്കുന്നത്. ഇതു മൃഗങ്ങളിൽ പരീക്ഷിച്ച് ഉറപ്പു വരുത്താനുള്ള ട്രയലിനു വൈകാതെ തുടക്കമാകും. ഡിസിജിഐയുടെ അനുമതിയായിട്ടുണ്ട്.

പൂർണപരിഹാരമില്ലെങ്കിലും ഓരോ കുട്ടിക്കും പ്രതിവർഷം 2–3 കോടി രൂപ വരെയാണ് നിലവിലെ ചികിത്സയ്ക്ക് ചെലവ്. അതും ഇറക്കുമതി ചെയ്തെത്തിക്കുന്ന മരുന്നുകൾ. 

 

എന്താണ് ഡിഎംഡി?

മസ്കുലാർ ഡിസ്ട്രോഫികളിൽ ഏറ്റവും സാധാരണവും അപകടകാരിയുമായി കാണപ്പെടുന്ന അവസ്ഥയാണിത്. പേശിയിലെ കോശങ്ങളെ കേടുകൂടാതെ സംരക്ഷിക്കുന്ന ഡിസ്ട്രോഫിൻ എന്ന പ്രോട്ടീൻ ഇല്ലാതെ വരുന്നതാണു പ്രശ്നം. പേശികളുടെ ബലക്ഷയം ആദ്യം അനുഭവപ്പെടും. പിന്നീട് പൂർണമായും തളരുന്ന അവസ്ഥയിലേക്കു പോലും എത്തും. 

കിടന്നകിടപ്പിൽ നിന്ന് സ്വയം അനങ്ങാൻപോലും കഴിയാതെയാകും. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും സാധാരണപ്രവർത്തനങ്ങൾക്കു പോലും കഴിയാത്ത സ്ഥിതിയിലേക്ക് എത്തുന്നതാണ് ഏറ്റവും സങ്കീർണാവസ്ഥ. സാധാരണഗതിയിൽ അമ്മയിൽ നിന്ന് ആൺമക്കളിലേക്കു ജനിതകമായി പകരുന്ന ഈ രോഗം, അപൂർവമായെങ്കിലും പെൺകുട്ടികളിലും വരാം.

 

 

കാൻസർ വാക്സീൻ; പരീക്ഷണം സെപ്റ്റംബറിൽ

ലണ്ടൻ∙ ബ്രിട്ടനിൽ കാൻസർ വാക്സീന്റെ പരീക്ഷണം സെപ്റ്റംബറിൽ തുടങ്ങുമെന്ന് ജർമൻ വാക്സീൻ നിർമാണ സ്ഥാപനം ബയോഎൻടെക് അറിയിച്ചു. പദ്ധതിക്കായി ബ്രിട്ടിഷ് സർക്കാരുമായി ബയോഎൻടെക് നേരത്തെ ധാരണയിലെത്തിയിരുന്നു. 2030 വരെയുള്ള കാലയളവിൽ 10,000 ഷോട്ടുകൾ നൽകാനാണു പദ്ധതി. കേംബ്രിജിൽ 70 ശാസ്ത്രജ്ഞൻമാരടങ്ങുന്ന ഒരു വാക്സീൻ വികസന പരീക്ഷണശാലയും സ്ഥാപിക്കുന്നുണ്ട്.

പല തരത്തിൽ കാൻസർ വാക്സീൻ വികസിപ്പിക്കപ്പെടുന്നുണ്ട്. ഇതിൽ എംആർഎൻഎ ഗണത്തിലുള്ള വാക്സീനുകളാണ് ഇപ്പോൾ ബ്രിട്ടനിലെ രോഗികളിൽ പരീക്ഷിക്കാനൊരുങ്ങുന്നത്. കാൻസർ ബാധിച്ച കോശങ്ങളെ മാത്രം ആക്രമിക്കാനുള്ള തരത്തിൽ പ്രതിരോധ വ്യവസ്ഥയ്ക്ക് നിർദേശം നൽകുന്ന രീതിയാണ് എംആർഎൻഎ വാക്സീൻ അവലംബിക്കുന്നത്. കോവിഡിനെതിരെയുള്ള വാക്സീൻ നിർമാണത്തിൽ എംആർഎൻഎ സാങ്കേതികവിദ്യ വലിയ ശ്രദ്ധ നേടിയിരുന്നു.

 

English Summary: DMD treatment in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com