ADVERTISEMENT

പൂജ്യത്തോടടുത്ത കൊടുംതണുപ്പ്, നെടുകെ പിളരുന്ന കെട്ടിടങ്ങൾ, ഇടിഞ്ഞു താഴുന്ന ഭൂമി. അതിനിടയിലേക്കു പിടയുന്ന ഹൃദയവും കൂട്ടിപ്പിടിച്ചു ചിലർ മടങ്ങിയെത്തുന്നു. അവർക്കു വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ വേണം, ചിലർക്കു വീടിന്റെ രേഖകൾ വേണം, വേറെ ചിലർക്കാവട്ടെ, തണുപ്പിനെ പ്രതിരോധിക്കാൻ കമ്പിളി പുതപ്പെങ്കിലും കിട്ടിയാൽ മതി. ഭൂമി ഇടിഞ്ഞുതാഴുന്നതിനാൽ പലയിടത്തേക്കായി മാറ്റിപ്പാർപ്പിക്കപ്പെട്ടവരാണു സ്വന്തം മണ്ണിലേക്ക് ആധിയോടെ വന്നു പോകുന്നത്. 

സിഗ്ദാർ കോളനിയിലെ ഹേമലത റാവത്തും മരുമകൾ മംമ്തയും ഇന്നലെ എത്തിയതു 10 ദിവസത്തിനു ശേഷമായിരുന്നു. ദൂരെ ടൗൺ ഹാളിലാണ് ഇപ്പോൾ താമസം. എത്രനാൾ കൂടി അവിടെ തുടരേണ്ടി വരുമെന്നുറപ്പില്ലാത്തതിനാൽ കുട്ടികളെ അവിടെയാക്കി അത്യാവശ്യ സാധനങ്ങളുമെടുത്തു പോകാനായിരുന്നു വരവ്. വീട്ടിലെ ഫർണിച്ചർ ഉൾപ്പെടെയുള്ളവ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയെന്ന ആശ്വാസമുണ്ട്. 

ചരിഞ്ഞും തറ വിണ്ടുകീറിയും പല വീടുകളും വാസയോഗ്യമല്ലാതായിരിക്കുന്നു. ആളൊഴിഞ്ഞ വീഥികളിൽ അപൂർവമായെങ്കിലും കണ്ടുമുട്ടുന്നവരുടെ മുഖത്ത് ആധിയാണു നിറഞ്ഞുനിൽക്കുന്നത്. കണ്ണുകളിൽ ഭാവിയെക്കുറിച്ചുള്ള ആശങ്ക. അടുത്തിടെ വീടുവച്ചൊരാളെയും കണ്ടു. ചോദ്യങ്ങൾക്കു മറുപടി നൽകാനാകാത്തവിധം സങ്കടത്തിൽ അയാൾ മുങ്ങിയിരുന്നു. 

ഉപഗ്രഹസഹായത്തോടെ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 4000 പേരെയാണ് ഇതിനകം ജോഷിമഠിൽനിന്നു മാറ്റിപ്പാർപ്പിച്ചത്. 600 ൽ ഏറെ കെട്ടിടങ്ങൾ ഭാഗികമായി തകരുകയോ വിള്ളൽ വീഴുകയോ ചെയ്തെന്നാണു പ്രാഥമിക വിലയിരുത്തൽ. ഇവിടങ്ങളിൽ താമസിച്ചിരുന്നവരെ പൂർണമായി ഒഴിപ്പിച്ചു. ഐടിബിപി, കരസേനാ മന്ദിരങ്ങൾക്കും വിള്ളലുണ്ട്. ജോഷിമഠിലെ 30 ശതമാനത്തോളം പ്രദേശത്തെ പ്രതിസന്ധി ബാധിച്ചതായാണു കേന്ദ്രം ചുമതലപ്പെടുത്തിയ വിദഗ്ധസംഘത്തിന്റെ വിലയിരുത്തൽ 

മനസ്സുനീറി: ജോഷിമഠിലെ സിഗ്ദാർ കോളനിയിലെ വീട്ടില്‍ നിന്നു ഹേമലത റാവത്തും മരുമകൾ മംമ്തയും ടൗണ്‍ ഹാളിലേക്കു പോകുന്നു.
മനസ്സുനീറി: ജോഷിമഠിലെ സിഗ്ദാർ കോളനിയിലെ വീട്ടില്‍ നിന്നു ഹേമലത റാവത്തും മരുമകൾ മംമ്തയും ടൗണ്‍ ഹാളിലേക്കു പോകുന്നു. ചിത്രം: രാഹുൽ ആർ.പട്ടം

ദേശീയ ദുരന്തമെന്ന് കോൺഗ്രസും

ന്യൂഡൽഹി ∙ ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്നുണ്ടായ പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പഠനറിപ്പോ‍ർട്ടുകൾ വരുന്നതു വരെ നി‍ർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണം. ദുരന്തം പ്രതികൂലമായി ബാധിച്ച കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണം. ജോഷിമഠിനെ നിലനിർത്താനും ആളുകളെ പുനരധിവസിപ്പിക്കാനും പുതിയൊരു ടൗൺ വികസിപ്പിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. 

ഇതിനിടെ, ജോഷിമഠിലെ പ്രതിസന്ധി ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിർദേശിക്കണമെന്നും നഷ്ടപരിഹാരം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി നൽകിയ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. ഇന്നു വീണ്ടും ഉന്നയിക്കാനാണു ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.

English Summary: joshimath land subsidence crisis

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com