ADVERTISEMENT

ന്യൂഡൽഹി ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള ലേഖനം പങ്കുവച്ചു എന്നത് ഒരാളുടെ ജഡ്ജി നിയമനത്തെ അലട്ടേണ്ട വിഷയമല്ലെന്നു സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. കേന്ദ്ര സർക്കാർ നേരത്തേ മടക്കിയ അഭിഭാഷകൻ ആർ.ജോൺ സത്യന്റെ പേര് മദ്രാസ് ഹൈക്കോടതി ജഡ്ജിയായി വീണ്ടും ശുപാർശ ചെയ്തുകൊണ്ടാണ് കൊളീജിയത്തിന്റെ പരാമർശം.

ആദ്യം ജോൺ സത്യന്റെ പേരു നൽകുമ്പോൾത്തന്നെ ജഡ്ജി സ്ഥാനത്തേക്കുള്ള യോഗ്യത ബോധ്യപ്പെട്ടതാണെന്നും അദ്ദേഹത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതൊന്നും കൊളീജിയത്തിനു മുന്നിലുണ്ടായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ജോൺ സത്യനെ ഹൈക്കോടതി ജഡ്ജിയായി കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ, ഇതു കേന്ദ്രം മടക്കി. ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രീയച്ചായ്‌വ് ഇല്ലെങ്കിലും മോദി വിമർശനം ഉൾപ്പെടുന്ന ലേഖനം പങ്കുവച്ചതും 2017ൽ മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പോസ്റ്റിൽ ‘രാഷ്ട്രീയച്ചതി’, ‘ഇന്ത്യയെ ഓർത്തു ലജ്ജിക്കുന്നു’ എന്നിങ്ങനെ ടാഗ് ചെയ്തതും ചൂണ്ടിക്കാട്ടിയായിരുന്നു കൊളീജിയത്തിന്റെ നിർദേശം സർക്കാർ മടക്കിയത്.

ഇതിനിടെ, അഭിപ്രായപ്രകടനം നടത്തുന്നത് ഒരാളെ അയോഗ്യനാക്കുന്നില്ലെന്നു വ്യക്തമാക്കി ബോംബെ ഹൈക്കോടതിയിലെ സോമശേഖർ സുന്ദരേശനെ ജഡ്ജിയാക്കാനുള്ള ശുപാർശയും കൊളീജിയം ആവർത്തിച്ചു. സമൂഹമാധ്യമങ്ങളിൽ എഴുതുന്നതുവച്ച് ഒരാളെ പക്ഷപാതമുള്ളയാളായി ചിത്രീകരിക്കാനാകില്ലെന്നു കൊളീജിയം വ്യക്തമാക്കി. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ വ്യവസ്ഥ ചൂണ്ടിക്കാട്ടിയാണിത്. കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അഭിപ്രായപ്രകടനം നടത്തിയെന്ന പേരിലായിരുന്നു സോമശേഖരന്റെ ശുപാർശ സർക്കാർ മടക്കിയത്.

അഭിഭാഷകരായ അമിതേഷ് ബാനർജി, സാക്യ സെൻ എന്നിവരെ കൽക്കട്ട ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാർശയും കൊളീജിയം ആവർത്തിച്ചു.

∙ ‘ലൈംഗികാഭിമുഖ്യം മാനദണ്ഡമാകരുത്’

ലൈംഗികാഭിമുഖ്യത്തിന്റെ പേരിൽ ഒരാളെ ജഡ്ജിയാകുന്നതിൽനിന്നു തടയാനാകില്ലെന്നു സുപ്രീം കോടതി കൊളീജിയം വ്യക്തമാക്കി. സ്വവർഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡൽഹി ഹൈക്കോടതി ജഡ്ജി ആക്കണമെന്ന ശുപാർശ ആവർത്തിച്ചുകൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്സർലൻഡ് എംബസിയിൽ ജോലിചെയ്യുന്ന വിദേശ പൗരൻ ആണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര സർക്കാർ പേരു മടക്കിയത്. എന്നാ‍ൽ, ഭരണഘടനാപദവി വഹിക്കുന്ന മറ്റു പലരുടെയും പങ്കാളികൾ വിദേശികളാണെന്നും സ്വിറ്റ്സർലൻഡ് ഇന്ത്യയുടെ സുഹൃദ്‌രാജ്യമാണെന്നും കൊളീജിയം ചൂണ്ടിക്കാട്ടി. ലൈംഗികാഭിമുഖ്യം കൃപാൽ മറച്ചുവച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടി.

English Summary: Supreme court collegium clarifies that a person who shared criticized article about prime minister narendra modi is not reason for rejecting his application as judge appointment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com