ADVERTISEMENT

ഭോപാൽ ∙ മധ്യപ്രദേശിലെ ഷയോപുരിൽനിന്നു കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ 3 യുവാക്കളെ വിട്ടുകിട്ടാനുള്ള മോചനദ്രവ്യത്തിനായി ഗ്രാമീണർ പിരിവെടുക്കുന്നു. രാം സ്വരൂപ് യാദവ്, ഭട്ടു ബാഗേൽ, ഗുഡ്ഡ ബാഗേൽ എന്നീ യുവാക്കളെ 4 ദിവസം മുൻപാണു രാജസ്ഥാനിൽനിന്നുള്ള കൊള്ളസംഘം പിടിച്ചുകൊണ്ടുപോയത്. 

ദരിദ്രരായ യുവാക്കളുടെ കുടുംബങ്ങൾക്കു കൊള്ളക്കാർ ആവശ്യപ്പെട്ട 15 ലക്ഷം കണ്ടെത്താൻ നിവൃത്തിയില്ലാത്ത സാഹചര്യത്തിലാണു ഗ്രാമീണർ പിരിവിനിറങ്ങിയത്. 

കൊള്ളക്കാർ പിടിച്ചുകൊണ്ടുപോയവരിലൊരാളുടെ വീടിനു മേൽക്കൂര പോലുമില്ല. 100 രൂപ മുതൽ കയ്യിലുള്ളതുകൊടുത്തു ഗ്രാമവാസികൾ മോചനദ്രവ്യം സ്വരൂപിക്കാനുള്ള ശ്രമത്തിലാണ്.

പൊലീസ് അന്വേഷിക്കുന്നുണ്ടെങ്കിലും യുവാക്കളെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്നു കണ്ടെത്താനായിട്ടില്ല. കൊള്ളക്കാരെ പേടിച്ചു കർഷകർ ആടുമാടുകളെ വിൽക്കുകയാണെന്നു സ്ഥലം സന്ദർശിച്ച മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ രാംനിവാസ് റാവത്ത് പറഞ്ഞു. രാജസ്ഥാൻ അതിർത്തിയോടു ചേർന്ന ഗ്വാളിയർ – ചമ്പൽ മേഖലയിൽ കൊളളക്കാരുടെ ശല്യം രൂക്ഷമാണ്. 

ഏതാനും മാസം മുൻപ് ഷയോപുർ ജില്ലയിൽനിന്ന് തട്ടിക്കൊണ്ടുപോയ കർഷകനെ മോചിപ്പിച്ചതു പണം നൽകിയാണ്. രാജസ്ഥാനിലെ കേശവഗുർജരുടെ നേതൃത്വത്തിലുള്ള കൊള്ളസംഘമാണ് ഇവിടെ സജീവമായുള്ളത്.  ഇയാളുടെ തലയ്ക്ക് 1.25 ലക്ഷം പൊലീസ് ഇനാം പ്രഖ്യാപിച്ചിരുന്നു.

English Summary: Three youth in bandit custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com