ബിബിസി ഡോക്യൂമെന്ററി: ലിങ്കുകൾ നീക്കം ചെയ്യാൻ സർക്കാർ നിർദേശം

Narendra Modi (PTI Photo)
നരേന്ദ്ര മേ‍‍ാദി (PTI Photo)
SHARE

ന്യൂഡൽഹി ∙ ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകൾ നീക്കം ചെയ്യാൻ ട്വിറ്ററിനോടും യുട്യൂബിനോടും കേന്ദ്രസർക്കാർ നിർദേശിച്ചതായി റിപ്പോർട്ട്. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററി വിവാദമാകുന്നതിനിടെയാണിത്. തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രിയന്റേതുൾപ്പെടെ ഡോക്യൂമെന്ററിയെക്കുറിച്ചു പ്രതിപക്ഷ നേതാക്കൾ നൽകിയ ട്വീറ്റുകളും നീക്കി. ട്വീറ്റുകളും യുട്യൂബ് വിഡിയോകളും മൈക്രോ ബ്ലോഗിങ്ങുമെല്ലാം നീക്കം ചെയ്യാനാണു സർക്കാർ ആവശ്യപ്പെട്ടത്. ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട 50ലേറെ ട്വീറ്റുകൾ നീക്കം ചെയ്യാൻ വാർത്താവിനിമയ മന്ത്രാലയം ട്വിറ്ററിനോട് ആവശ്യപ്പെട്ടുവെന്നാണു വിവരം.

ട്വീറ്റ് നീക്കിയ കാര്യം ഡെറക് മറ്റൊരു ട്വീറ്റിലൂടെ വെളിപ്പെടുത്തി. പ്രധാനമന്ത്രി ന്യൂനപക്ഷങ്ങളെ എങ്ങനെ വെറുക്കുന്നുവെന്നതു ഡോക്യുമെന്ററിയിൽ വ്യക്തമാണെന്നു ഡെറക് പറഞ്ഞു. ഇതിനിടെ, ബിബിസി ഡോക്യൂമെന്ററിക്കെതിരെ സിവിൽ സർവീസുകാരും റിട്ട. ജഡ്ജിമാരും അടക്കം 302 പേർ രംഗത്തെത്തി. വസ്തുതാപരമായ തെറ്റുകളാണ് ഡോക്യുമെന്ററിയിലേതെന്നും മോദിക്കു സുപ്രീം കോടതി ക്ലീൻ ചിറ്റ് നൽകിയെന്ന വസ്തുത ബിബിസി മറച്ചുവച്ചുവെന്നും ഇവർ ആരോപിച്ചു. കത്തിൽ ഒപ്പിട്ടവരിൽ രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അനിൽ ദേവ് സിങ്, മുൻ പ്രതിരോധ സെക്രട്ടറി യോഗേന്ദ്ര നരെയ്ൻ എന്നിവരുമുണ്ട്. ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കുണ്ടായിരുന്നുവെന്നും വംശഹത്യയിൽ കുറ്റവാളിയാണെന്നും ബ്രിട്ടിഷ് വിദേശകാര്യ മന്ത്രാലയത്തിൽ രേഖകളുണ്ടെന്നുമാണു ബിബിസി ഡോക്യൂമെന്ററിയിൽ പറയുന്നത്.

English Summary: Centre blocks Tweets sharing BBC documentary critical of PM Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.