ജമ്മുവിൽ ഇരട്ട സ്ഫോടനം; 9 പേർക്ക് പരുക്ക്
Mail This Article
ജമ്മു ∙ രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ പദയാത്ര നഗരത്തിലെത്താൻ 2 ദിവസം മാത്രം അവശേഷിക്കെ, ജമ്മുവിലുണ്ടായ ഇരട്ട സ്ഫോടനത്തിൽ 9 പേർക്ക് പരുക്കേറ്റു. ജമ്മുവിൽ നിന്ന് 70 കിലോമീറ്റർ അകലെ ചഡ്വാളിൽ ആണ് ജാഥ ഇപ്പോഴുള്ളത്. അതേസമയം ഭാരത് ജോഡോ യാത്ര മുൻ നിശ്ചയപ്രകാരം തന്നെ നടക്കുമെന്നും അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.
നർവൽ പ്രദേശത്തെ ട്രാൻസ്പോർട്ട് നഗറിൽ വർക്ഷോപ്പിൽ കിടന്ന വാഹനത്തിലാണ് പകൽ 11ന് ആണ് ആദ്യ സ്ഫോടനമുണ്ടായത്. ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. പരുക്കേറ്റ 5 പേരെ ആശുപത്രിയിലാക്കുകയും പ്രദേശം ഒഴിപ്പിക്കുകയും ചെയ്തു. ഇതിനിടെ 50 മീറ്റർ മാറി 15 മിനിറ്റ് ഇടവേളയിൽ രണ്ടാമത്തെ സ്ഫോടനം നടന്നു. ഒരാൾക്ക് ഇവിടെ പരുക്കേറ്റു. എന്നാൽ, പരുക്കേറ്റ 9 പേർ ചികിത്സ തേടിയെന്ന് ഗവ. മെഡിക്കൽ കോളജ് അധികൃതർ വ്യക്തമാക്കി. ആരുടെയും പരുക്ക് ഗുരുതരമല്ല.
സംസ്ഥാനത്ത് പര്യടനം നടത്തുന്ന ഭാരത് ജോഡോ യാത്രയും റിപ്പബ്ലിക് ദിന പരിപാടികളും അലങ്കോലമാക്കാൻ ലക്ഷ്യമിട്ട് ഭീകരർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് സ്ഫോടനമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്.
ഇന്ന് രാവിലെ കഠ്വയിലെ ഹിരാനഗറിൽ നിന്നാണ് യാത്ര തുടങ്ങുന്നത്.
English Summary: Twin blast in Jammu