ഓഹരിനിക്ഷേപകർക്ക് നഷ്ടം 10.73 ലക്ഷം കോടി; അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ആഘാതം തുടരുന്നു

HIGHLIGHTS
  • അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ആഘാതം തുടരുന്നു
  • അദാനി ഗ്രൂപ്പിനു മാത്രം 4.17 ലക്ഷം കോടി മൂല്യനഷ്ടം
  • ഫോബ്സ് സമ്പന്നപട്ടികയിൽ മൂന്നാമതായിരുന്ന അദാനി ഏഴാമതായി
adani-new
ഗൗതം അദാനി
SHARE

ന്യൂഡൽഹി / കൊച്ചി ∙ യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗിന്റെ അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങൾ ഓഹരിവിപണിയെ പിടിച്ചുലയ്ക്കുന്നു. കഴിഞ്ഞ 2 വ്യാപാരദിനങ്ങളിലായി രാജ്യത്തെ ഓഹരിനിക്ഷേപകർക്ക് 10.73 ലക്ഷം കോടി രൂപ നഷ്ടമായി.

ബോംബെ സ്റ്റോക് എക്സ്ചേഞ്ച് (ബിഎസ്ഇ) സൂചികയായ സെൻസെക്സ് ബുധനാഴ്ചയും ഇന്നലെയുമായി 1647 പോയിന്റ് ഇടിഞ്ഞ് 59,330.90 പോയിന്റിലെത്തി. ഇന്നലെ മാത്രം 874 പോയിന്റ് ഇടിവ്. വ്യാപാരത്തിനിടെ 1000 പോയിന്റിലേറെ നഷ്‌ടമുണ്ടായെങ്കിലും പിന്നീടു നില മെച്ചപ്പെടുത്തി. നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് (എൻഎസ്ഇ) സൂചിക നിഫ്റ്റി 3 മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയായ 17,604.35 പോയിന്റിലാണ് ക്ലോസ് ചെയ്തത്. 

അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരിമൂല്യത്തിൽ 2 ദിവസത്തിനിടയിലെ നഷ്ടം 4.17 ലക്ഷം കോടി രൂപ. ഇന്നലെ മാത്രം അദാനി ടോട്ടൽ ഗ്യാസിന്റെയും അദാനി ഗ്രീൻ എനർജിയുടെയും ഓഹരിവില 20% വീതവും അദാനി ട്രാൻസ്മിഷന്റേത് 19.99 ശതമാനവും ഇടിഞ്ഞു. അദാനി എന്റർപ്രൈസസിന്റെ ഇടിവ് 18.52%. അദാനി പവർ, അദാനി വിൽമർ എന്നിവയുടെ ഓഹരി വിലകൾ കൂടുതൽ ഇടിവു തടയുന്ന 5% ‘ലോവർ സർക്കീറ്റി’ലെത്തി. 

ഫോബ്സ് പട്ടികയിൽ ലോകത്തെ സമ്പന്നരിൽ മൂന്നാം സ്‌ഥാനത്തായിരുന്ന അദാനി ഗ്രൂപ്പ് തലവൻ ഗൗതം അദാനി ഏഴാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. ആസ്‌തിമൂല്യം 9660 കോടി ഡോളറായി (ഏകദേശം 7.87 ലക്ഷം കോടി രൂപ) കുറഞ്ഞു. എൽഐസിക്ക് അദാനി ഗ്രൂപ്പിലുള്ള നിക്ഷേപത്തിന്റെ മൂല്യം 81,268 കോടി രൂപയിൽനിന്ന് 62,621 കോടിയായി. 

ബാങ്കിങ് ഓഹരികളും ഇടിയുന്നത് അദാനി ഗ്രൂപ്പിന്റെ കടബാധ്യതകളെക്കുറിച്ച് ഹിൻഡൻബർഗ് റിപ്പോർട്ടിലുള്ള പരാമർശം കാരണമാണെന്നു കരുതുന്നു. കേന്ദ്ര ബജറ്റിനു മുന്നോടിയായി വിദേശനിക്ഷേപകർ പുലർത്തുന്ന ജാഗ്രതയും വിപണിയെ ബാധിച്ചിരിക്കാമെന്നു വിലയിരുത്തലുണ്ട്. 

ആരോപണങ്ങളുടെ പശ്‌ചാത്തലത്തിൽ അദാനി ഗ്രൂപ്പിന്റെ പല ഇടപാടുകളെക്കുറിച്ചും സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) അന്വേഷണം ആരംഭിച്ചേക്കുമെന്നു സൂചനയുണ്ട്. അദാനി കമ്പനികളുടെ പ്രകടനം മോശമാണെങ്കിലും 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് ഓഹരിവ്യാപാരമെന്നാണ് ഹിൻഡൻബർഗിന്റെ ആരോപണം. 12,000 കോടി ഡോളർ വിപണിമൂല്യമുള്ള ഗ്രൂപ്പ് 10,000 കോടിയിലേറെ നേടിയത് ഇത്തരത്തിലാണെന്നും 2 വർഷത്തെ അന്വേഷണത്തിലൂടെ തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നിലെ ലക്ഷ്യങ്ങളെക്കുറിച്ചും അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. 

നിയമനടപടിയിലേക്ക്: അദാനി ഗ്രൂപ്പ്

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഹിൻഡൻബർഗിനെതിരെ ഇന്ത്യൻ, യുഎസ് നിയമങ്ങൾ പ്രകാരമുള്ള നപടികൾ പരിഗണിക്കുകയാണെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. റിപ്പോർട്ട് ദുരുദ്ദേശ്യപരവും വസ്തുതാവിരുദ്ധവുമാണെന്നും ആവർത്തിച്ചു. സ്വന്തം റിപ്പോർട്ടിൽ ഉറച്ചുനിൽക്കുകയാണെന്ന് ഹിൻഡൻബർഗ് പ്രതികരിച്ചു. 

എഫ്പിഒ: ആദ്യദിനം അപേക്ഷകർ 1%

അദാനി ഗ്രൂപ്പിലെ മുഖ്യ കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഇന്നലെ ആരംഭിച്ച അനുബന്ധ ഓഹരി ഇഷ്യുവിനെയും (എഫ്പിഒ) വിവാദം ബാധിച്ചു. ആദ്യദിവസം 1% അപേക്ഷകളാണു ലഭിച്ചത്. ഈമാസം 31 വരെയുള്ള എഫ്പിഒയിലൂടെ വിപണിയിൽനിന്ന് 20,000 കോടി രൂപ സമാഹരിക്കുകയാണു ലക്ഷ്യം. 

English Summary: Gautam Adani slips to 7th spot in Forbes billionaires list as net worth declines on Group stocks crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

സാഹസികത ഇഷ്ടമാണോ? എങ്കിൽ ഈ ജോലി നിങ്ങൾക്കുള്ളതാണ്!

MORE VIDEOS