ADVERTISEMENT

ന്യൂഡൽഹി ∙ ഗ്വാളിയർ താവളത്തിൽനിന്നു പറന്നുപൊങ്ങിയ 2 പോർവിമാനങ്ങൾ കൂട്ടിയിടിച്ച സംഭവം വ്യോമസേനയ്ക്കു നടുക്കമുണ്ടാക്കി. എന്താണ് യഥാർഥത്തിൽ സംഭവിച്ചതെന്നറിയാൻ വ്യോമസേന അന്വേഷണസമിതി രൂപീകരിച്ചിട്ടുണ്ട്.

അത്യാധുനിക പോർ വിമാനമായ സുഖോയ്–30 എംകെഐ, ആധുനിക വിമാനമായ മിറാഷ് 2000 എന്നീ 2 വിമാനങ്ങളും പരിശീലനപ്പറക്കൽ നടത്തുകയായിരുന്നു. എന്നാൽ, ഇവ പരിശീലനവിമാനങ്ങളായിരുന്നില്ല. പോരാട്ട സ്ക്വാഡ്രനുകളിലെ പോർവിമാനങ്ങളായിരുന്നു. പറക്കൽ പരിശീലനം (ഫ്ലൈറ്റ് ട്രെയ്നിങ്) അല്ല, പോരാട്ടപരിശീലനമാണു (കോംബാറ്റ് ട്രെയ്നിങ്) നടത്തിയതെന്നു വ്യക്തം.

ഇരു വിമാനങ്ങളുടെയും കോക്പിറ്റുകൾ തമ്മിൽ അന്തരമുണ്ട്. പൈലറ്റും നാവിഗേറ്ററുമായി 2 പേരാണ് പൊതുവേ സുഖോയ് 30 ന്റെ കോക്പിറ്റിലുണ്ടാവുക. മിറാഷിൽ ഒരു പൈലറ്റ് മാത്രം.

കേഡറ്റുകൾക്ക് നൽകുന്നതാണ് പറക്കൽപരിശീലനം. അതിനായി പ്രത്യേക പരിശീലനവിമാനങ്ങളുണ്ട്. മിറാഷിന്റെപോലും പരിശീലനവിമാനമായിരുന്നുവെങ്കിൽ അതിൽ 2 സീറ്റുകൾ ഉണ്ടാകുമായിരുന്നു. 

ഇവിടെ മിറാഷിന്റെ ഒരു സീറ്റുള്ള പോരാട്ടപതിപ്പാണ് അപകടത്തിൽ പെട്ടത്. സുഖോയ് 30 ന്റെ പോരാട്ടപതിപ്പിലും പൈലറ്റിനും നാവിഗേറ്റർക്കുമായി 2 സീറ്റുകളുണ്ട്. 2 വിമാനങ്ങളിലായി 3 പേർ അപകടത്തിൽപെട്ടത് ഇങ്ങനെയാണ്. ഇവർ മൂവരും പോരാട്ട വിമാനങ്ങൾ പറത്തുന്നതിൽ അനുഭവസമ്പത്തുള്ളവരായിരുന്നു. അതിനാൽതന്നെ സംഭവം അതീവ ഗൗരവത്തോടെയാണ് വ്യോമസേന കാണുന്നത്.

Indian Air Force officials work near the wreckage of one of two crashed Indian Air Force Mi-17 helicopters following a mid-air collision near Jamnagar, some 330 kms. from Ahmedabad on August 30, 2012. At least five airmen were killed when two Russian-designed military helicopters crashed August 30 after taking off in the western Indian state of Gujarat, police said.  AFP PHOTO / STR
2012ൽ പരിശീലനപ്പറക്കിലിനിടെ 2മി–17 ഹെലിക്കോപ്റ്ററുകൾ ഗുജറാത്തിൽ കൂട്ടിയിടിച്ചുണ്ടായ അപകടം ( AFP PHOTO / STR)

2 വിമാനങ്ങളും വ്യോമസേനയുടെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റുമായി ബന്ധപ്പെട്ടവയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ആകാശപോരാട്ടത്തിന് പുതിയ തന്ത്രങ്ങളും അടവുകളും രൂപപ്പെടുത്തുകയാണ് ഈ സ്ഥാപനത്തിന്റെ ദൗത്യം. വ്യോമസേനയിലെ മികച്ച പരിശീലനം നേടിയ ഒരു ശതമാനം പൈലറ്റുമാരാണ് ഇവിടെയുള്ളത്.

സംഘം ചേർന്നു പറക്കുമ്പോൾ വിവിധതരം വിമാനങ്ങൾ ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, ബോംബിങ് ദൗത്യമാണെങ്കിൽ സുഖോയ് 30, ജാഗ്വാർ തുടങ്ങിയ വിമാനങ്ങളോടൊപ്പം ശത്രുവിമാനങ്ങളിൽ നിന്ന് സംരക്ഷണം നൽകാൻ മിഗ്–29 പോലുള്ള ഇന്റർസെപ്റ്റർ വിമാനങ്ങളും മിറാഷ്–2000 പോലുള്ള വിവിധോദ്ദേശ്യവിമാനങ്ങളും അയയ്ക്കാറുണ്ട്.

ശബ്ദാതിവേഗത്തിലും മറ്റും പറക്കുമ്പോൾ സെക്കൻ‍‍ഡുകൾക്കിയിൽ എന്തും സംഭവിക്കാമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ടാണ് ഫൈറ്റർ പൈലറ്റുമാർ കോക്പിറ്റിൽ കയറുന്നത്. ആകാശകൂട്ടിയിടിയകൾ സാധാരണമല്ല, എന്നാൽ, അപൂർവവുമല്ല

1996 നവംബർ 12നു ഡൽഹിക്കടുത്തു ചക്രി ദാദ്രി ഗ്രാമത്തിൽ 2 യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ചതാണ് ലോകവ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടിയിടി ദുരന്തം. 

ഡൽഹിയിൽ നിന്ന് പറന്നുയർന്ന സൗദിയ വിമാനവും ലാൻഡ് ചെയ്യാൻ വരികയായിരുന്ന കസഖ് എയർ വിമാനവും തമ്മിൽ കൂട്ടിയിടിച്ച് 349 പേരാണ് കൊല്ലപ്പെട്ടത്. അതിനുശേഷം ഇന്ത്യയ്ക്കുള്ളിലും ഇന്ത്യയിലേക്കും പറക്കുന്ന എല്ലാ യാത്രാവിമാനങ്ങളിലും കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമായ എയർ കൊലീഷൻ അവോയ്ഡൻസ് സിസ്റ്റം (അകാശ്) വേണമെന്ന് ചട്ടമുണ്ടാക്കി. പൈലറ്റിനു മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണത്.

എന്നാൽ, സൈനികവിമാനങ്ങളിൽ അകാശ് സംവിധാനമില്ല. കാരണം സൈനികപരിശീലനത്തിൽ അനവധി വിമാനങ്ങൾ ഒത്തുചേർന്ന് പറക്കൽ അഭ്യാസങ്ങൾ ചെയ്യേണ്ടതുണ്ട്. അപ്പോൾ അകാശ് പ്രവർത്തിക്കുന്നത് അഭ്യാസത്തിനു തടസമാകും.

ഇന്ത്യയിലെ പ്രധാന സൈനികവിമാന കൂട്ടിയിടികൾ

 

∙2019 ഫെബ്രുവരി 19

ബെംഗളൂരു യെലഹങ്കയിലെ ഏറോ–ഇന്ത്യ പ്രദർശനത്തിനായി വ്യോമാഭ്യാസം നടത്തിക്കൊണ്ടിരുന്ന സൂര്യകിരൺ സ്ക്വാഡ്രണിലെ 2 വിമാനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ കൊല്ലപ്പെട്ടു, ഒരാൾ രക്ഷപ്പെട്ടു.

∙2016 മേയ് 1

രണ്ട് മിഗ്–27 വിമാനങ്ങൾ റൺവേയിൽ കൂട്ടിയിടിച്ചു

∙2012 ഓഗസ്റ്റ് 30

പരിശീലനപ്പറക്കിലിനിടെ 2 മിഗ് 17 ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു.

∙2004 ഏപ്രിൽ 2

പരിശീലനപ്പറക്കലിനിടെ മോശം കാലാവസ്ഥയിൽ 2 ജാഗ്വാർ വിമാനങ്ങൾ കൂട്ടിയിടിച്ചു.

∙2002 ഒക്ടോബർ 1

നാവികസേനയുടെ 2 ഇല്യൂഷിൻ–38 വിമാനങ്ങൾ കൂട്ടിയിടിച്ച് 15 പേർ കൊല്ലപ്പെട്ടു.

∙2000 ഒക്ടോബർ 16

അസമിലെ സോണിത്പുരിൽ 2 മിഗ് 21 വിമാനങ്ങൾ കൂട്ടിയിടിച്ചു.

English Summary: Indian army jet mid-air collision; Reasons

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com