‘ഇനി വരരുത്, സങ്കട വിളികൾ’: ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിപ്പിച്ച് രാഹുൽ ഗാന്ധിയുടെ വികാരനിർഭര പ്രസംഗം

HIGHLIGHTS
  • നാലായിരത്തിലേറെ കിലോമീറ്റർ പിന്നിട്ട് ഭാരത് ജോഡോ യാത്രയ്ക്കു കശ്മീരിൽ സമാപനം
rahul-gandhi-30
ഭാരത് ജോ‍ഡോ യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് നടന്ന റാലിയിൽ പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി. ചിത്രം: Twitter
SHARE

‘‘എനിക്കു 14 വയസ്സുള്ളപ്പോൾ ക്ലാസിലിരിക്കെ ടീച്ചർ അടുത്തു വന്നു പറഞ്ഞു: രാഹുൽ, നിന്നെ പ്രിൻസിപ്പൽ വിളിക്കുന്നു. എന്തെങ്കിലും കുസൃതി കാട്ടിയതിന് അടിക്കാൻ വിളിച്ചതായിരിക്കുമെന്നു ഞാനോർത്തു. മുറിയിലെത്തിയപ്പോൾ പ്രിൻസിപ്പൽ പറഞ്ഞു: നിനക്കൊരു ഫോൺകോൾ ഉണ്ട്. എന്റെ അമ്മയ്ക്കൊപ്പമുള്ള സ്ത്രീയായിരുന്നു അങ്ങേത്തലയ്ക്കൽ. മുത്തശ്ശിക്കു വെടിയേറ്റു എന്ന് അവർ അലറിവിളിച്ചു പറഞ്ഞു. 7 വർഷത്തിനു ശേഷം, മേയ് 21ന് എനിക്കു വീണ്ടുമൊരു ഫോൺകോൾ വന്നു. അന്നു ഞാൻ യുഎസിൽ പഠിക്കുകയായിരുന്നു. അച്ഛന്റെ സുഹൃത്തായിരുന്നു അപ്പുറത്ത്. അദ്ദേഹം പറഞ്ഞു: രാഹുൽ, ഒരു സങ്കടവാർത്തയുണ്ട്. ഞാൻ ചോദിച്ചു: എനിക്കറിയാം. അച്ഛൻ പോയി അല്ലേ? അദ്ദേഹം അതെ എന്നു പറഞ്ഞു’’– ജീവിതത്തിലെ രണ്ടു മഹാദുരന്തങ്ങളുടെ ഓർമയിൽ രാഹുൽ ഗാന്ധി വിതുമ്പി. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിലായിരുന്നു, കനത്ത മഞ്ഞുവീഴ്ചയിൽനിന്നുകൊണ്ട്, മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും പിതാവ് രാജീവ് ഗാന്ധിയുടെയും മരണം ഉൾപ്പെടെ സൂചിപ്പിച്ച് ഒരു മണിക്കൂറോളം നീണ്ട രാഹുലിന്റെ വികാരനിർഭരമായ പ്രസംഗം. 

പ്രസംഗത്തിനിടെ തന്റെ കയ്യിലെ മൊബൈൽ ഫോൺ ഉയർത്തിക്കാട്ടി രാഹുൽ സദസ്സിനോടു പറഞ്ഞു: ‘‘നിങ്ങൾക്ക് ഇത് വെറുമൊരു ഫോൺ മാത്രമായിരിക്കും. എനിക്കും പ്രിയങ്കയ്ക്കും അങ്ങനെയല്ല. ഈ യാത്രയുടെ ലക്ഷ്യമെന്താണെന്ന് മാധ്യമപ്രവർത്തകർ എന്നോടു ചോദിച്ചു. എനിക്കു വന്നതു പോലുള്ള ഫോൺവിളികൾ ഇനി ആർക്കും ലഭിക്കരുത് എന്നതാണു ലക്ഷ്യം. അങ്ങനെയൊരു ഫോൺകോൾ എടുക്കേണ്ട അവസ്ഥ ഒരമ്മയ്ക്കോ കുട്ടിക്കോ ഇനിയുണ്ടാവരുത്. പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സേനാംഗങ്ങളുടെ മക്കളുടെയുള്ളിലെ വേദന എനിക്കു മനസ്സിലാക്കാനാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കോ അമിത് ഷായ്ക്കോ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനോ ആർഎസ്എസ്സുകാർക്കോ അതു മനസ്സിലാവില്ല. ആ വേദന അനുഭവിച്ചവരാണു ഞാനും പ്രിയങ്കയും’’. 

വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടതുറക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് ആവർത്തിച്ചുകൊണ്ടാണ് രാഹുൽ പ്രസംഗം അവസാനിപ്പിച്ചത്. നാലായിരത്തിലേറെ കിലോമീറ്റർ വെയിലും മഴയും താണ്ടി രാഹുൽ നയിച്ച പദയാത്ര 136-ാം ദിവസമാണു ശ്രീനഗറിലെ കൊടുംതണുപ്പിൽ അവസാനിച്ചത്. സമാപന സമ്മേളനത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു. 

എന്റെ വസ്ത്രം ചുവപ്പാക്കിയില്ല; പകരം സ്നേഹം നൽകി

‘‘കശ്മീരിലേക്കു കടന്നപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരും കെ.സി.വേണുഗോപാലും ഭരണാധികാരികളും എന്നോടു പറഞ്ഞു: മറ്റു സ്ഥലങ്ങളിൽ നടന്നതു പോലെയല്ല. കശ്മീരിലൂടെയുള്ള 4 ദിവസ യാത്രയിൽ താങ്കൾക്കു നേരെ ആക്രമണമുണ്ടായേക്കാം; ഗ്രനേഡ് എറിഞ്ഞേക്കാം. ഞാൻ മനസ്സിലോർത്തു, എന്റെ പൂർവികർ താമസിച്ചിരുന്ന സ്ഥലത്തേക്കാണു ഞാൻ പോകുന്നത്. എന്റെ വീട്ടുകാർക്കരികിലേക്ക്. അവർക്കിടയിൽ ആർക്കെങ്കിലും എന്നോടു വെറുപ്പുണ്ടെങ്കിൽ എന്റെ വെള്ള ടീ ഷർട്ട് ചുവപ്പാക്കാൻ അവർക്ക് അവസരം നൽകാം. കാരണം, എന്റെ കുടുംബവും ഗാന്ധിജിയും എന്നെ പഠിപ്പിച്ചത് ഭയമില്ലാതെ ജീവിക്കാനാണ്. കശ്മീരിലെ ജനത എന്റെ നേർക്ക് ഗ്രനേഡ് എറിഞ്ഞില്ല. പകരം, അവർ ഹൃദയം തുറന്നു സ്നേഹം നൽകി; നിറകണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ചു. ഇതുപോലെ നടക്കാൻ ബിജെപിയിലെ ഒരാൾക്കു പോലുമാവില്ല. കാരണം അവർക്കു ഭയമാണ്’’– രാഹുൽ പറഞ്ഞു.

English Summary: Opposition Show At Rahul Gandhi's Yatra Finale Amid Heavy Snowfall

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS