ADVERTISEMENT

ശ്രീനഗർ ∙ താപനില പൂജ്യത്തിനു താഴേക്കു വീണിട്ടും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം തണുക്കാതെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം. ഇതിനിടെ, പ്രതിപക്ഷ നിരയിൽനിന്നു ചില കക്ഷികൾ വിട്ടുനിന്നതു ശ്രദ്ധിക്കപ്പെട്ടു. 

പ്രതിപക്ഷ നിരയിൽനിന്ന് തിരുച്ചി ശിവ (ഡിഎംകെ), ഫാറൂഖ് അബ്ദുല്ല, ഒമർ അബ്ദുല്ല (നാഷനൽ കോൺഫറൻസ്), മെഹബൂബ മുഫ്തി (പിഡിപി), ഡി.രാജ (സിപിഐ), കെ.നവാസ് കനി (മുസ്‍ലിം ലീഗ്), എൻ.കെ.പ്രേമചന്ദ്രൻ (ആർഎസ്പി), തിരുമാവളവൻ (വിസികെ) തുടങ്ങിയവർ പങ്കെടുത്തു. ജെഎംഎം പ്രതിനിധിയുമെത്തി. 

യാത്രയിൽ വിവിധയിടങ്ങളിൽ അണിചേർന്ന ശിവസേന, എൻസിപി എന്നിവ ചടങ്ങിൽ പങ്കെടുക്കാനാവാത്തതിന്റെ അസൗകര്യം കോൺഗ്രസിനെ അറിയിച്ചു. അതേസമയം, തൃണമൂൽ, സിപിഎം, എസ്പി, ബിഎസ്പി, ജെഡിയു, ജെഡിഎസ് എന്നിവയ്ക്കൊപ്പം ആർജെഡിയും വിട്ടുനിന്നത് അപ്രതീക്ഷിതമായി. മഞ്ഞുവീഴ്ച മൂലം വിമാനം റദ്ദായതിനാൽ, സച്ചിൻ പൈലറ്റ് (കോൺഗ്രസ്), ബിനോയ് വിശ്വം (സിപിഐ) തുടങ്ങിയവർക്ക് എത്താനായില്ല.

വേദനയകറ്റിയ വരികൾ

പുലർച്ചെ മുതലുള്ള കനത്ത മഞ്ഞുവീഴ്ച മൂലം പ്രദേശവാസികളുടെ ജനപങ്കാളിത്തം കുറഞ്ഞെങ്കിലും കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ ഷേർ ഇ കശ്മീർ സ്റ്റേഡിയത്തിലേക്കെത്തി. രാഹുൽ ഉൾപ്പെടെയുള്ള നേതാക്കൾ മണിക്കൂറുകളോളം മഞ്ഞിൽ കുളിച്ചു വേദിയിൽനിന്നു. 

യാത്രയിലെ തന്റെ അനുഭവങ്ങൾ സമാപന പ്രസംഗത്തിൽ രാഹുൽ വിവരിച്ചു. ‘ഞാൻ ദിവസം 8–10 കിലോമീറ്റർ ഓടുന്നയാളാണ്. അതുകൊണ്ടു തന്നെ യാത്ര നിഷ്പ്രയാസം നടത്താമെന്ന അഹങ്കാരം തുടക്കത്തിൽ എനിക്കുണ്ടായിരുന്നു. എന്നാൽ, കന്യാകുമാരിയിൽനിന്നു പുറപ്പെട്ട് ഏതാനും ദിവസം കഴിഞ്ഞപ്പോൾ അസഹ്യമായ മുട്ടുവേദന വന്നു. വേദന സഹിച്ചു നടക്കവേ, ഞാനോർത്തു: ഇനിയുള്ള 6–7 കിലോമീറ്റർ പൂർത്തിയാക്കാനാകുമെന്നു തോന്നുന്നില്ല. ആ സമയം, എനിക്കരികിലേക്ക് ഒരു പെൺകുട്ടി വന്നു; അവൾ ഒരു കടലാസ് തന്നു. അതിലവൾ ഇങ്ങനെ എഴുതിയിരുന്നു. – താങ്കൾ വേദന സഹിച്ചാണു നടക്കുന്നതെന്നു മുഖം കണ്ടാലറിയാം. എനിക്കു താങ്കൾക്കൊപ്പം മുഴുവൻ ദൂരം നടക്കണമെന്നുണ്ട്. പക്ഷേ, മാതാപിതാക്കൾ അനുവദിക്കില്ല. ഞാൻ ഹൃദയം കൊണ്ടു താങ്കൾക്കൊപ്പം നടക്കുന്നുണ്ട്. കാരണം, ഈ യാത്ര എന്നെപ്പോലുള്ളവരുടെ നല്ല ഭാവിക്കു വേണ്ടിയാണെന്നറിയാം’.

തണുപ്പകറ്റിയ മുഖങ്ങൾ

‘ഒരു ദിവസം രാവിലെ തണുപ്പിൽ നടക്കവേ 4 കുട്ടികൾ എനിക്കരികിലേക്കു വന്നു. ഭിക്ഷയെടുക്കുന്നവരായിരുന്നു അവർ. കീറിയ വസ്ത്രങ്ങളിട്ട അവരുടെ ശരീരമാകെ ചെളിയായിരുന്നു. ഞാൻ മുട്ടുകുത്തിയിരുന്ന് അവരെ കെട്ടിപ്പിടിച്ചു. അവർ തണുത്തു വിറയ്ക്കുന്നുണ്ടായിരുന്നു. അവർക്കു കമ്പിളി വസ്ത്രമില്ലെങ്കിൽ ഞാനും അതു ധരിക്കാൻ പാടില്ലെന്ന് ആ നിമിഷം മനസ്സിലുറപ്പിച്ചു. എനിക്കൊപ്പമുണ്ടായിരുന്നയാൾ ചെവിയിൽ പറഞ്ഞു – അവർ ആകെ ചെളി പുരണ്ട നിലയിലാണ്; കെട്ടിപ്പിടിക്കരുത്. ഞാൻ അദ്ദേഹത്തോടു പറഞ്ഞു – എന്നെയും താങ്കളെയുംകാൾ വൃത്തി അവർക്കുണ്ട്.

വീട്ടിലേക്കുള്ള മടക്കയാത്ര

എന്റെ പൂർവികർ കശ്മീരിൽനിന്ന് യുപിയിലെ അലഹാബാദിലേക്കു കുടിയേറിയവരാണ്. ആളുകളെ ഒന്നിപ്പിക്കുക, മറ്റുള്ളവരെ വേദനിപ്പിക്കാതിരിക്കുക, സ്വന്തം തെറ്റുകൾ കണ്ടെത്തുക എന്ന ‘കശ്മീരി’ സംസ്കാരമാണ് എന്റെ പൂർവികർ യുപിയിലെ ഗംഗാതീരത്തേക്കു കൊണ്ടുപോയത്. കോൺഗ്രസിനു വേണ്ടിയല്ല, രാജ്യത്തെ ജനങ്ങൾക്കു വേണ്ടിയാണു ഞാൻ യാത്ര ചെയ്തത്. ബിജെപിയും ആർഎസ്എസും പ്രചരിപ്പിക്കുന്ന വിദ്വേഷത്തെ സ്നേഹം കൊണ്ടു നാം നേരിടും. ’ – രാഹുൽ പറഞ്ഞു. പ്രതിപക്ഷ നേതാക്കൾക്കു പുറമേ കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, പ്രിയങ്ക ഗാന്ധി, കെ.സി.വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു.

കേരളത്തിൽനിന്ന് നേതൃനിര

കേരളത്തിൽനിന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, ബെന്നി ബഹനാൻ, ആന്റോ ആന്റണി, ടി.എൻ.പ്രതാപൻ, രാജ്മോഹൻ ഉണ്ണിത്താൻ, ജെബി മേത്തർ, രമ്യ ഹരിദാസ് എംഎൽഎമാരായ പി.സി.വിഷ്ണുനാഥ്, എ.അനിൽകുമാർ, അൻവർ സാദത്ത്, റോജി എം.ജോൺ, ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നേതാക്കളായ വി.ടി.ബൽറാം, എം.ലിജു, കെ.ജയന്ത്, സുമേഷ് അച്യുതൻ, എസ്.ശരത്, പി.എൻ.വൈശാഖ് തുടങ്ങിയവർ പങ്കെടുത്തു.

English Summary : Bharat Jodo Yatra: unity of opposition parties not happening 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com