ADVERTISEMENT

നിയമ‍‍ജ്ഞനാണെങ്കിലും, നിയമത്തിനല്ല നീതിക്ക് ഒന്നാം സ്ഥാനം നൽകണമെന്നായിരുന്നു ശാന്തി ഭൂഷന്റെ വാദം. ഉന്നത ജുഡീഷ്യറിയിലെ ജഡ്ജിമാർ സംശുദ്ധരും കഴിവുള്ളവരുമെന്ന് ഉറപ്പാക്കാൻ അദ്ദേഹം നടത്തിയ പോരാട്ടവും ആ നീതി ബോധത്തിന്റെ ഭാഗമായിരുന്നു.

ജനത ഭരണകാലത്ത് ശാന്തി ഭൂഷൺ നിയമമന്ത്രി ആയിരിക്കുമ്പോഴാണ് ഭരണഘടനയുടെ 44–ാം ഭേദഗതി അവതരിപ്പിക്കുന്നതും അടിയന്തരാവസ്ഥക്കാലത്തുപോലും അടിസ്ഥാന മനുഷ്യാവകാശങ്ങൾ തടയാൻ പാടില്ലെന്നു വ്യവസ്ഥ ചെയ്യുന്നതും. നീതിനിഷേധങ്ങൾ ചോദ്യം ചെയ്യാനുള്ള പൊതുതാൽപര്യ ഹർജികൾ നടത്താനായി സെന്റർ ഫോർ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ എന്ന കൂട്ടായ്മയും അദ്ദേഹം സ്ഥാപിച്ചു.

ജവാഹർലാൽ നെഹ്റുവിനായി അലഹാബാദിൽ 1957ൽ ശാന്തി ഭൂഷൺ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങി, ഇന്ദിര ഗാന്ധിയുടെ കൂടെ. ശാന്തി ഭൂഷന്റെ കുടുംബവും നെഹ്റു കുടുംബവുമായുള്ള സൗഹൃദമായിരുന്നു കാരണം. എന്നാൽ,  രാജ് നാരായൻ നൽകിയ തിരഞ്ഞെടുപ്പു കേസിൽ  അലഹാബാദ് ഹൈക്കോടതിയിൽ ഇന്ദിര ഗാന്ധിക്ക് എതിരെ ഹാജരാകാൻ അദ്ദേഹത്തിനു മടിയുണ്ടായില്ല.  1971ൽ നൽകിയ കേസാണെങ്കിലും, 1975ൽ ഇന്ദിര ഗാന്ധി കോടതിയിൽ ഹാജരായപ്പോഴാണ് കേസിനു ജനശ്രദ്ധ ലഭിച്ചതെന്നു ശാന്തി ഭൂഷൺ അനുസ്മരിച്ചിട്ടുണ്ട്. 1975 ജൂൺ 12നാണ് ഇന്ദിര ഗാന്ധിക്കെതിരെ വിധി വരുന്നത്. രണ്ടാഴ്ച തികയും മുൻപേ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടു.

എന്നാൽ, 1978 ഡിസംബർ 20ന് ഇന്ദിര ഗാന്ധിയെ ലോക്സഭയിൽനിന്ന് അയോഗ്യയാക്കാനും ജയിലിൽ അടയ്ക്കാനും ലോക്സഭ തന്നെ തീരുമാനിച്ചതിനെ ശാന്തി ഭൂഷൺ എതിർത്തുവെന്ന് എസ്.നിജലിംഗപ്പ അനുസ്മരിച്ചിട്ടുണ്ട്.  ഭരണപക്ഷം അങ്ങനെ തീരുമാനിക്കുന്നതു തെറ്റായ കീഴ്‌വഴക്കമുണ്ടാക്കുമെന്നായിരുന്നു ശാന്തി ഭൂഷന്റെ നിലപാട്. ഭാവിയിൽ ഏതു പാർട്ടിയും പ്രതിപക്ഷ നേതാക്കളോട് അങ്ങനെ പെരുമാറും എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. 

നിയമ മന്ത്രിയായിരുന്ന കാലത്ത് ഉന്നത ജുഡീഷ്യറിയിലെ നിയമനങ്ങളിൽ ഒരിക്കൽപോലും ഇടപെട്ടിട്ടില്ലെന്ന് ശാന്തി ഭൂഷൺ അഭിമാനപൂർവം പറഞ്ഞിട്ടുമുണ്ട്. ചീഫ് ജസ്റ്റിസ് നൽകുന്ന ശുപാർ‍ശ അംഗീകരിക്കുകയെന്നതായിരുന്നു രീതി. എന്നാൽ, സീനിയോറിറ്റി നോക്കിയുള്ള ജഡ്ജി നിയമനങ്ങളെ അദ്ദേഹം പിൽക്കാലത്തു ശക്തമായി എതിർത്തു. കഴിവും സംശുദ്ധിയുമാണ് സ്ഥാനക്കയറ്റത്തിനു മാനദണ്ഡമാകേണ്ടതെന്നായിരുന്നു നിലപാട്. ‌

വലിയൊരു പങ്ക് ജഡ്ജിമാരും അഴിമതിക്കാരെന്ന പ്രസ്താവന കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി പറഞ്ഞപ്പോൾ, പരാമർശം പിൻവലിക്കാൻ തയാറല്ല, ജയിലിൽ പോകാൻ തയാറാണ് എന്നായിരുന്നു മകൻ പ്രശാന്ത് ഭൂഷനുവേണ്ടി ഹാജരായ ശാന്തി ഭൂഷൺ പറഞ്ഞത്. അരുന്ധതി റോയിക്കെതിരായ കോടതിയലക്ഷ്യ കേസിൽ അരുന്ധതിക്കു വേണ്ടിയും മുൻ മന്ത്രി ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരെ ഇടമലയാർ കേസിൽ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനു വേണ്ടിയും സുപ്രീം കോടതിയിൽ ഹാജരായത് ശാന്തി ഭൂഷണാണ്.

1980ൽ ബിജെപി രൂപീകരിച്ചപ്പോൾ അതിന്റെ ആദ്യ ദേശീയ ട്രഷററായിരുന്നു അദ്ദേഹം. ആറു വർഷമേ അദ്ദേഹം പാർട്ടിയിലുണ്ടായിരുന്നുള്ളു. തന്റെ മതനിരപേക്ഷ നിലപാടുകളുടെ പേരിൽ പാർട്ടി വിട്ടു.  ആം ആദ്മി പാർട്ടി രൂപീകരണത്തിലും ശാന്തി ഭൂഷൺ പ്രധാന പങ്കുവഹിച്ചു. എന്നാൽ, രണ്ടു വർഷത്തിനുശേഷം പാർട്ടി വിട്ടു.

English Summary: Remembering Shanti Bhushan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com