ADVERTISEMENT

ന്യൂഡൽഹി ∙ ടൂറിസം വികസനത്തിനു കേന്ദ്രബജറ്റിൽ വിവിധ പദ്ധതികൾ. ബജറ്റിൽ പ്രഥമ പരിഗണന നൽകുന്ന മേഖലകളിലൊന്ന് ടൂറിസമാണെന്നു വ്യക്തമാക്കിയ ധനമന്ത്രി, ഒട്ടേറെപ്പേർക്കു തൊഴിൽ ലഭിക്കുന്നതിനും യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസം വികസനം സഹായകമാവുമെന്നു പറഞ്ഞു. 

വിദേശ–ആഭ്യന്തര സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്ന പദ്ധതികളാണു നടപ്പാക്കുക. ആകെ 2400 കോടി രൂപയാണു ടൂറിസം വികസനത്തിന് ഈ വർഷം ബജറ്റിൽ വകയിരുത്തിയത്.

സംസ്ഥാനങ്ങളുടെ സഹകരണത്തോടെയും പൊതു–സ്വകാര്യ പങ്കാളിത്തത്തോടെയും പദ്ധതികൾ നടപ്പാക്കും. രാജ്യത്തെ 50 ടൂറിസ്റ്റ് കേന്ദ്രങ്ങൾ എല്ലാവിധ അടിസ്ഥാന സൗകര്യങ്ങളോടെ ‘സമ്പൂർണ പാക്കേജ്’ രീതിയിൽ വികസിപ്പിക്കും. മത്സരാടിസ്ഥാനത്തിലാണ് കേന്ദ്രങ്ങളെ തിരഞ്ഞെടുക്കുക.

പ്രധാന ബജറ്റ് നിർദേശങ്ങൾ

1) യൂണിറ്റി മാൾ : തലസ്ഥാനങ്ങളിലോ പ്രധാന ടൂറിസം കേന്ദ്രത്തിലോ യൂണിറ്റി മാൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കും. ‘ഒരു ജില്ല, ഒരു ഉൽപന്നം’എന്ന രീതിയിൽ നിർമിച്ച ഉൽപന്നങ്ങൾ, ഭൗമസൂചിക പദവിയുള്ള (ജിഐ ടാഗ്) ഉൽപന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയ്ക്ക് മാളുകളിൽ സൗകര്യമൊരുക്കും.

2) ടൂറിസ്റ്റ് ആപ്: ഗൈഡുകൾ, ഭക്ഷണം, സുരക്ഷ, ടൂറിസം കേന്ദ്രത്തിന്റെ വിശദാംശങ്ങൾ എന്നിവ ടൂറിസ്റ്റ് ആപ്പിൽ ലഭ്യമാക്കും.

3) ദേഖോ അപ്നാ ദേശ്: ഓരോ പ്രദേശത്തിന്റെയും നൈപുണ്യവും സംരംഭകത്വ വികസനവും പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതി.

4) ഊർജസ്വല ഗ്രാമങ്ങൾ : അതിർത്തി പ്രദേശങ്ങളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കും.

ടൂറിസം ഫണ്ട്: കേരളത്തിനും പ്രതീക്ഷ

കൊച്ചി ∙ 50 പുതിയ ടൂറിസം കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനു ഫണ്ട് നീക്കിവയ്ക്കുമ്പോൾ കേരളത്തിനും ഗുണം കിട്ടും. റോഡുകളും വെള്ളവും വൈദ്യുതിയും താമസ സൗകര്യവുമെല്ലാം ഉൾപ്പെടെ ഏർപ്പെടുത്തുന്നതിന് 100 കോടി വരെ ലഭിക്കുന്നതാണിത്.

നേരത്തേയുള്ള സ്വദേശി ദർശൻ പദ്ധതിയിൽ കുമരകവും ബേപ്പൂരും ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പുതിയ 50 കേന്ദ്രങ്ങൾക്കു കൂടി നൽകുന്നുണ്ടെങ്കിൽ കേരളത്തിനു കൂടുതൽ സ്ഥലങ്ങൾക്കു വേണ്ടി അപേക്ഷിക്കാവുന്നതാണ്. യുവാക്കൾക്കു തൊഴിലവസരം സൃഷ്ടിക്കാനാണു പദ്ധതി.

കോവിഡ് കാലത്തു നടപ്പാകാത്ത കരാറുകളുടെ നിരതദ്രവ്യം തിരികെ നൽകാനുള്ള പദ്ധതി ചെറുകിട വ്യവസായങ്ങൾക്കു വൻ ആശ്വാസമാകുന്നതാണ്. കേന്ദ്ര ഏജൻസികൾക്കോ, പ്രതിരോധ മേഖലയ്ക്കോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ സപ്ലൈ ചെയ്യാൻ കരാർ എടുത്ത ചെറുകിട വ്യവസായങ്ങൾ കേരളത്തിൽ ഒട്ടേറെയുണ്ട്. കോവിഡ് കാലത്ത് ഉൽപന്നങ്ങൾ നൽകാൻ കഴിഞ്ഞില്ല. കരാർ നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിരതദ്രവ്യം (പെർഫോമൻസ് ഗാരന്റി) തിരികെ നൽകില്ല. ബാങ്ക് ഗാരന്റിയും പെനൽറ്റിയുമായി അങ്ങനെ കോടിക്കണക്കിനു തുക തിരികെ ലഭിക്കാനുണ്ട്. ഇത്തരം തുകയുടെ 95% തിരികെ നൽകുമെന്നാണു ബജറ്റിൽ പ്രഖ്യാപിച്ചത്.

നിലവിൽ ചെറുകിട വ്യവസായ വായ്പ എടുത്തവർക്ക് അധിക ഈട് (കൊളാറ്ററൽ) നൽകാതെ കൂടുതൽ വായ്പ എടുക്കാനുള്ള പദ്ധതിക്ക് 9000 കോടി നീക്കിവച്ചതും ആശ്വാസമാണ്.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com