ശ്രീനഗർ ∙ കശ്മീരിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അധ്യാപകനായ ലഷ്കറെ തയിബ ഭീകരനിൽ നിന്ന് പെർഫ്യൂം ബോംബ് പിടിച്ചെടുത്തു. നിരവധി സ്ഫോടനങ്ങളുടെ സൂത്രധാരനായ ആരിഫ് അഹമ്മദാണ് പിടിയിലായത്. ആദ്യമായാണ് കശ്മീരിൽ പെർഫ്യൂം ബോംബ് കണ്ടെത്തുന്നതെന്ന് ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. പെർഫ്യൂം ബോട്ടിലിൽ സ്ഫോടകവസ്തു (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്– ഐഇഡി) നിറയ്ക്കുകയാണ് ചെയ്യുന്നത്. പെർഫ്യൂം സ്പ്രേ ചെയ്യാനോ കുപ്പി തുറക്കാനോ ശ്രമിച്ചാൽ പൊട്ടിത്തെറിക്കും.
കഴിഞ്ഞ മേയിൽ ബസിലുണ്ടായ സ്ഫോടനത്തിൽ 4 വൈഷ്ണവ ദേവി തീർഥാടകർ കൊല്ലപ്പെട്ടതിനു പിന്നിൽ ആരിഫ് അഹമ്മദാണെന്ന് പൊലീസ് പറഞ്ഞു. ജമ്മുവിലെ നർവാലിൽ കഴിഞ്ഞ 21നും ശാസ്ത്രി നഗറിൽ ഫെബ്രുവരി 22നും നടന്ന സ്ഫോടനങ്ങളിലും ഇയാൾക്കു പങ്കുണ്ട്. പാക്കിസ്ഥാനിൽ നിന്ന് ഡ്രോൺ വഴിയാണ് സ്ഫോടകവസ്തുക്കൾ കിട്ടിയിരുന്നത്.
റിയാസി ജില്ലയിലുള്ള ക്വാസിം, ക്വാസിമിന്റെ അമ്മാവനും ഇപ്പോൾ പാക്കിസ്ഥാനിൽ കഴിയുന്നയാളുമായ ഖമറുദീൻ എന്നിവരുമായും ആരിഫ് അഹമ്മദിന് ബന്ധമുണ്ട്. ഭീകരബന്ധം സൂചിപ്പിക്കുന്ന തെളിവുകളെല്ലാം ഇയാൾ തീയിട്ടു നശിപ്പിച്ചിരുന്നു. എന്നാൽ, 11 ദിവസത്തെ തീവ്ര പരിശ്രമത്തിനൊടുവിൽ പൊലീസ് തെളിവുകൾ വീണ്ടെടുത്തു. ഒടുവിൽ പ്രതി കുറ്റസമ്മതം നടത്തി.
English Summary: Government employee arrested in Narwal blasts case, drone-dropped 'perfume IED' recovered: DGP