പ്രകൃതിസൗഹൃദമാകും വികസനം; പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്ക് ധനസഹായം
Mail This Article
ന്യൂഡൽഹി∙ പ്രകൃതി സൗഹൃദ വികസനമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇന്ത്യയുടെ വികസനക്കുതിപ്പെന്നു ബജറ്റ് പ്രഖ്യാപനം. 2070ൽ കാർബൺ പുറന്തള്ളൽ നിശ്ശേഷം ഇല്ലാതാക്കൽ ലക്ഷ്യമിട്ട് ഹൈഡ്രജൻ ട്രെയിനുകളടക്കം ഗതാഗതമേഖലയിലെത്തും.
ഊർജമേഖല കാർബൺ പുറന്തള്ളൽ രഹിതമാക്കാൻ 35,000 കോടി രൂപയാണു ബജറ്റ് നീക്കിവച്ചിരിക്കുന്നത്. ഇതിലധികവും മൂലധന നിക്ഷേപത്തിനാണ്. 4000 എംഡബ്ല്യുഎച്ച് ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾക്കു ഫണ്ടിങ് നടത്തും.ഫോസിൽ ഇന്ധനങ്ങളുടെ ഇറക്കുമതി കുറയ്ക്കൽ, പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ പരമാവധി ഉപയോഗം, ഹൈഡ്രജൻ വാഹനങ്ങൾ തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗമാകും. നഗരങ്ങളിൽ മലിനീകരണ നിയന്ത്രണ പദ്ധതികൾ വേഗത്തിലാക്കും.
ലഡാക്കിൽ നിന്ന് 13 ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന വൈദ്യുതി സംസ്ഥാനാന്തര ഗ്രിഡിലേക്കെത്തിക്കാനുള്ള പദ്ധതിക്ക് 8300 കോടി രൂപ കേന്ദ്രസഹായമടക്കം 20,7000 കോടിയുടെ നിക്ഷേപം നടത്തും.
നാഷനൽ മിഷൻ ഫോർ ഗ്രീൻ ഇന്ത്യയ്ക്ക് 220 കോടി രൂപ നീക്കിവച്ചു. ഹരിതോർജ ഇടനാഴി പദ്ധതിക്ക് 500 കോടി രൂപ അനുവദിച്ചു. ബയോ ഊർജ പദ്ധതിക്ക് 381.85 കോടി രൂപ, കാർഷികാവശ്യങ്ങൾക്കു സൗരോർജമുപയോഗപ്പെടുത്തുന്ന പദ്ധതിക്ക് 1996.46 കോടി രൂപ, ഹരിത ഹൈഡ്രജൻ മിഷന് 297 കോടി രൂപ, സോളർ പവർ ഗ്രിഡിന് 4970 കോടി രൂപ, കാറ്റിൽ നിന്നുള്ള വൈദ്യുതോൽപാദനത്തിന് 1214 കോടി രൂപ എന്നിങ്ങനെയും നീക്കിവച്ചിട്ടുണ്ട്.
കമ്പനികൾ, തദ്ദേശസ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുടെ പരിസ്ഥിതി സൗഹൃദ സംരംഭങ്ങൾക്കും പദ്ധതികൾക്കും ഗ്രീൻ ക്രെഡിറ്റ് പദ്ധതി വഴി ആനുകൂല്യങ്ങൾ നൽകും.
രാസവളങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനു സംസ്ഥാനങ്ങൾക്ക് ‘പിഎം പ്രണാം പദ്ധതി’ നടപ്പാക്കും. ‘ഗോബർധൻ’ പദ്ധതി പ്രകാരം 500 പുതിയ ‘മാലിന്യത്തിൽനിന്ന് ധനം’ പ്ലാന്റുകൾ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും സ്ഥാപിക്കും. ഇതിനായി 10,000 കോടി രൂപ നീക്കിവച്ചു. ഒരു കോടി കർഷകരെ 3 വർഷം കൊണ്ട് ജൈവകൃഷിയിലേക്കു മാറ്റാൻ 10,000 ബയോ ഇൻപുട്ട് റിസോഴ്സ് സെന്ററുകൾ തുടങ്ങും.
കണ്ടൽക്കാടുകളുടെ സംരക്ഷണത്തിനും വ്യാപനത്തിനും ‘മിഷ്ടി’ (മാൻഗ്രോവ് ഇനിഷ്യേറ്റീവ് ഫോർ ഷോർലൈൻ ഹാബിറ്റാറ്റ് ആൻഡ് ടാൻജിബ്ൾ ഇൻകം) പദ്ധതി. നീർത്തടങ്ങളുടെ സംരക്ഷണത്തിന് ‘അമൃത് ദരോഹർ പദ്ധതി’. 3 വർഷത്തിനുള്ളിൽ നീർത്തടങ്ങളുടെ ജൈവവൈവിധ്യം വർധിപ്പിക്കൽ, ഇക്കോ ടൂറിസം പദ്ധതികളുടെ വികസനം എന്നിവയ്ക്ക് ഉപയോഗിക്കും. പരിസ്ഥിതി മലിനീകരണം കുറയ്ക്കാനുള്ള തീരദേശ കപ്പൽ സർവീസും ഇതോടൊപ്പം. രാജ്യത്തെ വിവിധ നഗരങ്ങളിൽ ഹൈഡ്രജൻ ബസുകൾ ഏർപ്പെടുത്തും. ബ്ലെൻഡഡ് സിഎൻജിയിലെ ബയോഗ്യാസിന് എക്സൈസ് നികുതി ഒഴിവാക്കി. ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ ലിഥിയം അയേൺ സെല്ലുകൾക്കുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കി.
Content Highlight: Union Budget 2023