പുതിയ സ്കീമുകാർക്ക് ആശ്വാസം; പഴയ രീതി തുടരാൻ അപേക്ഷ നൽകണം

Mail This Article
വ്യക്തിഗത ആദായനികുതി ഘടനയിലെ നിർദേശങ്ങൾ പുതിയ നികുതി സമ്പ്രദായം സ്വീകരിക്കുന്നവർക്ക് ആശ്വാസം പകരുന്നതാണ്. എന്നാൽ, പഴയ രീതി തുടരുന്നവർക്ക് ആശ്വസിക്കാൻ അധികം വകയില്ല. 2020-21 ലാണ് പുതിയ നികുതി രീതി നടപ്പാക്കിയത്. പഴയ രീതി അനുസരിച്ച് വരുമാനത്തിൽനിന്നു നിയമ പ്രകാരമുള്ള വിവിധ കിഴിവുകൾ കുറച്ചതിനുശേഷമുള്ള തുകയ്ക്കു നികുതി അടയ്ക്കണം.
ശമ്പളത്തിൽ നിന്ന് 50,000 രൂപയുടെ സ്റ്റാൻഡേഡ് ഡിഡക്‌ഷൻ, 80സി വകുപ്പു പ്രകാരം ലൈഫ് ഇൻഷുറൻസ്, ഭവന വായ്പ തിരിച്ചടവ്, ഭവനവായ്പ പലിശ, പിഎഫ് മുതലായവ കുറയ്ക്കാം. എന്നാൽ, പുതിയ രീതി സ്വീകരിക്കുമ്പോൾ കിഴിവുകളൊന്നുമില്ല. (80 സിസിഡി, 80 ജെജെഎ ഒഴികെ). നഷ്ടങ്ങൾ തട്ടിക്കിഴിക്കാൻ കഴിയില്ല. പക്ഷേ, നികുതി നിരക്കുകൾ കുറവാണ്. 2023-24 മുതൽ പഴയ രീതി സ്വീകരിച്ചുകൊണ്ടുള്ള അപേക്ഷ നൽകാതിരുന്നാൽ പുതിയ രീതി സ്വീകരിച്ചതായി കണക്കാക്കും.
നികുതി എങ്ങനെ
റിബേറ്റ് എന്നത് നികുതിയിൽനിന്ന് 87എ പ്രകാരമുള്ള കിഴിവാണ്. നിലവിൽ 5 ലക്ഷം രൂപ വരെ പഴയതും പുതിയതുമായ രീതിയിൽ നികുതി അടയ്ക്കേണ്ടി വരില്ലെന്നാണ് പറയുന്നതെങ്കിലും നികുതിയൊഴിവിന്റെ പരിധി 2.5 ലക്ഷം രൂപയാണ് (60 തികഞ്ഞവർക്ക് 3 ലക്ഷവും 80 തികഞ്ഞവർക്ക് 5 ലക്ഷവും). 87എ പ്രകാരം 12,500 രൂപ വരെ റിബേറ്റ് പരിഗണിക്കുമ്പോൾ 5 ലക്ഷം രൂപയിൽ താഴെ വരെ വരുമാനമുള്ളവർ നികുതി നൽകേണ്ടി വരില്ല. (2.5 ലക്ഷം മുതൽ 5 ലക്ഷം വരെ രൂപയ്ക്കു നികുതി 5%, അതായത് 12,500 രൂപ). വരുമാനം 5 ലക്ഷം കടന്നാൽ 2.5 ലക്ഷം രൂപ മുതലുള്ള വരുമാനത്തിനു നികുതി നൽകണം.
2023-24 മുതൽ പുതിയ രീതിക്കാർക്ക് 7 ലക്ഷം രൂപയിൽ താഴെയാണ് നികുതി വരുമാനമെങ്കിൽ 25,000 രൂപയുടെ 87എ റിബേറ്റ് ലഭിക്കും. പഴയ രീതിക്കാർക്ക് റിബേറ്റ് പഴയപടി 12,500 രൂപ വരെ. അതായത് പഴയ രീതിക്കാർക്ക് 5 ലക്ഷം രൂപയിലേറെ വരുമാനമുണ്ടെങ്കിൽ 2.5 ലക്ഷം രൂപ മുതലുളള നികുതി അടയ്ക്കണം. പുതിയ സമ്പ്രദായക്കർ 7 ലക്ഷം രൂപയിലേറെ വരുമാനമുണ്ടെങ്കിൽ 3 ലക്ഷം രൂപ മുതലുള്ള വരുമാനത്തിനു നികുതി അടയ്ക്കണം.
Content Highlight: Union Budget 2023