ADVERTISEMENT

ന്യൂഡൽഹി ∙ കവിതാശകലങ്ങളോ മഹാത്മാക്കളുടെ ഉദ്ധരണികളോ ഒഴിവാക്കി പൂർണമായും പ്രധാനമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു ധനമന്ത്രി നിർമല സീതാരാമന്റെ അഞ്ചാമത്തെ ബജറ്റ് പ്രസംഗം. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനം മുതൽ ഹരിതോർജത്തിന്റെ വർധന വരെ, പ്രധാനമന്ത്രി പറഞ്ഞതും നിർദേശിച്ചതുമായ കാര്യങ്ങളാണു പ്രസംഗത്തിൽ ധനമന്ത്രി ഉദ്ധരിച്ചത്.

ചുവന്ന പട്ടുബാഗിൽ പൊതിഞ്ഞ ടാബ്‌ലറ്റ് സഭയുടെ മേശപ്പുറത്തു പ്രത്യേകം തയാറാക്കിയ സ്റ്റാൻഡിലുറപ്പിച്ചായിരുന്നു ഒന്നര മണിക്കൂറോളം നീണ്ട ബജറ്റ് പ്രസംഗം. ഇടയ്ക്ക് അൽപം ലൈം ജ്യൂസ്. ഓരോ പ്രഖ്യാപനത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം ട്രഷറി ബെ‍ഞ്ചുകളുടെ കയ്യടി. നിർണായക പ്രഖ്യാപനങ്ങൾക്കു ‘മോദി, മോദി’എന്ന് മുദ്രാവാക്യം. ഇതിനൊക്കെ പ്രതിപക്ഷത്തിന്റെ പരിഹാസം.

കഴിഞ്ഞ ബജറ്റിന്റെ ആണിക്കല്ലായതു ചില തൂണുകളായിരുന്നെങ്കിൽ ഇത്തവണ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലേക്ക് സപ്തർഷികളെന്നാണു ബജറ്റിലെ 7 പ്രധാന മുൻഗണനകളെ ധനമന്ത്രി വിശേഷിപ്പിച്ചത്.

അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ മലിനീകരണകാരികളായ പഴയ വാഹനങ്ങൾ മാറ്റുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ നിർമലയ്ക്കുണ്ടായ ചെറിയ നാക്കുപിഴ വൻ ചിരിയുണർത്തി. ‘പൊല്യൂഷനുണ്ടാക്കുന്ന പഴയ വാഹനങ്ങൾ എന്നതിനു പകരം പഴയ ‘പൊളിറ്റിക്കൽ....’ എന്നാണ് മന്ത്രി പറഞ്ഞത്. അപ്പോൾതന്നെ തിരുത്തുകയും ചെയ്തു. മുൻനിരയിലുണ്ടായിരുന്ന ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയടക്കമുള്ളവർ തമാശ ആസ്വദിച്ചു ചിരിച്ചപ്പോൾ പ്രതിപക്ഷ നിരയിൽ നിന്ന് അധീർ രഞ്ജൻ ചൗധരി ഏതെങ്കിലും രാഷ്ട്രീയ നേതാക്കളെ ഉദ്ദേശിച്ചാണോ എന്നു വിളിച്ചു ചോദിച്ചു. അതു വേണ്ടതാണോയെന്നു നിർമല തിരിച്ചുചോദിച്ചു. 

ധനസഹമന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണു നിർമല ഓഫിസിൽ നിന്ന് പാർലമെന്റിലെത്തിയത്.

ബജറ്റ് പ്രസംഗം തുടങ്ങി അൽപം കഴിഞ്ഞാണു കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി സഭയിലേക്കു വന്നത്. യുപിഎ അധ്യക്ഷ സോണിയ നേരത്തേ എത്തിയിരുന്നു. മുറിക്കയ്യൻ ഷർട്ടും പാന്റുമണി‍ഞ്ഞു രാഹുൽ എത്തിയപ്പോൾ ‘ജോഡോ ജോഡോ ഭാരത് ജോഡോ’ എന്ന മുദ്രാവാക്യം ഉയർത്തി കോൺഗ്രസ് അംഗങ്ങൾ എതിരേറ്റു.

കർണാടകയിലെ അപ്പർ ഭദ്ര ജലസേചന പദ്ധതിക്ക് 5300 കോടി രൂപ അനുവദിക്കുന്നതായി നിർമല പറഞ്ഞപ്പോൾ കർണാടക തിരഞ്ഞെടുപ്പിനുള്ള വാഗ്ദാനമാണിതെന്നു പ്രതിപക്ഷം വിളിച്ചു പറഞ്ഞു. ചെറുധാന്യങ്ങൾക്ക് ‘ശ്രീ അന്നം’ എന്നു ധനമന്ത്രി പേരിട്ടപ്പോൾ പ്രധാനമന്ത്രിയടക്കം ഡെസ്കിലടിച്ച് അഭിനന്ദിച്ചു.

50 പുതിയ വിമാനത്താവളങ്ങൾ നിർമിക്കുമെന്ന പ്രഖ്യാപനം വന്നപ്പോൾ ബിജെപി ബെഞ്ചുകൾ ‘മോദി, മോദി’ എന്നു വിളിച്ചതിനെ അനുകരിച്ച് പ്രതിപക്ഷ ബെഞ്ചുകൾ ‘അദാനി, അദാനി’ എന്നും ശബ്ദമുയർത്തി. ഹരിത ഹൈഡ്രജൻ മിഷൻ ധനമന്ത്രി പ്രഖ്യാപിച്ചപ്പോൾ പെട്രോളിന്റെ വിലകുറയ്ക്കുമോ എന്നു കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി വിളിച്ചുചോദിക്കുന്നുണ്ടായിരുന്നു.

നിർമല സീതാരാമന്റെ കുടുംബാംഗങ്ങൾ ഗാലറിയിലുണ്ടായിരുന്നു. അവതരണത്തിനു ശേഷം പ്രധാനമന്ത്രി എഴുന്നേറ്റുചെന്നു ധനമന്ത്രിയെ അഭിനന്ദിച്ചു.

English Summary : One and half hours union budget 2023 speech

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com