ADVERTISEMENT

ന്യൂഡൽഹി ∙ ബിസിനസ് സ്ഥാപനങ്ങൾക്ക് ഇനി പാൻ (പെർമനന്റ് അക്കൗണ്ട് നമ്പർ) ഏകീകൃത തിരിച്ചറിയൽ രേഖയാകും. പല രേഖകൾ ഉപയോഗിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവായി ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുമെന്നു സർക്കാർ പറയുന്നു. വിവിധതരം സർക്കാർ അനുമതികൾ തേടാനുള്ള ദേശീയ ഏകജാലക സംവിധാനത്തിലടക്കം ഇനി കമ്പനികളുടെ പാൻ ആയിരിക്കും തിരിച്ചറിയൽ രേഖ. ഇതിനു നിയമപരമായ പിൻബലം നൽകും. വ്യക്തികൾക്കു പുറമേ കമ്പനികൾക്കും പാൻ ഉണ്ട്. ഇതായിരിക്കും ഉപയോഗിക്കുക.

കമ്പനികളുടെ പാൻ 

കോർപറേറ്റ് മന്ത്രാലയത്തിന്റെ എ‍ൻഒസി, സർട്ടിഫിക്കറ്റ് ഓഫ് ഇൻകോർപറേഷൻ, കമ്പനിയുടെ മേൽവിലാസം തെളിയിക്കുന്ന രേഖ തുടങ്ങിയവ നൽകിയാൽ കമ്പനികൾക്കു പാൻ കാർഡ് ലഭ്യമാകും. ആദായനികുതി വകുപ്പിന്റെ ടാക്സ് ഇൻഫർമേഷൻ നെറ്റ്‍വർക് വഴി അപേക്ഷ നൽകാം.

ക്രിപ്റ്റോ: ടിഡിഎസ് അടച്ചില്ലെങ്കിൽ നടപടി

ന്യൂഡൽഹി ∙ ക്രിപ്റ്റോകറൻസി ഇടപാടുകൾക്കുള്ള ടിഡിഎസ് (സ്രോതസ്സിൽ ഈടാക്കുന്ന നികുതി) നൽകാതിരുന്നാൽ നടപടിയെടുക്കാൻ ധനബില്ലിൽ വ്യവസ്ഥ ഉൾപ്പെടുത്തി. നടപടിയെന്താണെന്നു വ്യക്തമല്ല. എന്നാൽ, ടിഡിഎസിനു തുല്യമായ പിഴയും ജയിൽശിക്ഷയും വരെ ലഭിക്കാമെന്ന് ചില വിദഗ്ധർ അഭിപ്രായപ്പെട്ടു. ഒരു ശതമാനമാണ് ടിഡിഎസ്.

ഒരു വർഷം 10,000 രൂപയ്ക്കു മുകളിലുള്ള ഇടപാടുകൾക്കാണ് ഇത് അടയ്ക്കേണ്ടത്. നഷ്ടത്തിലാണ് ക്രിപ്റ്റോ ഇടപാടെങ്കിലും ടിഡിഎസ് ചുമത്തും. ക്രിപ്റ്റോ വരുമാനത്തിന് കഴിഞ്ഞവർഷം ഏപ്രിൽ 1 മുതൽ 30 % നികുതിയും ബാധകമാക്കിയിരുന്നു. 

ലീവ് സറണ്ടർ: ആനുകൂല്യ പരിധി കൂട്ടി

ന്യൂഡൽഹി ∙ സർവീസിൽ നിന്ന് വിരമിക്കുമ്പോൾ അവധി പണമാക്കി മാറ്റുന്ന (ലീവ് സറണ്ടർ) സർക്കാർ ഇതര ജീവനക്കാർക്ക് 3 ലക്ഷം രൂപയ്ക്കുവരെ ആദായ നികുതി ഇളവുണ്ടായിരുന്നതിന്റെ പരിധി 25 ലക്ഷം രൂപയാക്കി. 

5 കോടിയിൽ കൂടുതൽ വരുമാനമുള്ളവർ ആദായ നികുതിക്കു നൽകേണ്ട സർചാർജിൽ കുറവു വരുത്തും. നിലവിൽ 37% ആണ് സർചാർജ്. എന്നാൽ, ഇവർ പുതിയ നികുതി സ്കീം സ്വീകരിച്ചാൽ 25% സർചാർജ് നൽകിയാൽ മതി.

സ്റ്റാർട്ടപ്പുകൾക്ക് ഇക്കൊല്ലവും ഇളവ്

ന്യൂഡൽഹി ∙ സ്റ്റാർട്ടപ്പുകൾക്ക് 2013 മുതൽ ഇക്കൊല്ലം വരെയുണ്ടായിരുന്ന ആദായനികുതി ഇളവ് അടുത്ത വർഷത്തേക്ക് കൂടി നീട്ടി. ഓഹരിവിഹിതത്തിലെ വ്യത്യാസം മൂലം സ്റ്റാർട്ടപ്പുകൾക്കുണ്ടാകുന്ന നഷ്ടം നീക്കിവയ്ക്കാവുന്ന (ക്യാരി ഫോർവേഡ്) പരിധി 7 വർഷമായിരുന്നത് 10 വർഷമാക്കി ഉയർത്തി. ഇത് സ്റ്റാർട്ടപ്പുകൾക്ക് ആശ്വാസമേകും.

ജിഎസ്ടി നിയമലംഘനം: കേസിൽ ഇളവ്

ന്യൂഡൽഹി ∙ 2 കോടിക്കു മുകളിലുള്ള ജിഎസ്ടി നിയമലംഘനങ്ങൾക്കു മാത്രമേ ഇനി അറസ്റ്റ് പാടുള്ളൂ എന്ന ജിഎസ്ടി കൗൺസിൽ ശുപാർശ ധനബില്ലിൽ ഉൾപ്പെടുത്തി. 

നിലവിൽ ഒരു കോടി രൂപയ്ക്കു മുകളിലുള്ള ലംഘനങ്ങൾക്ക് പ്രോസിക്യൂഷൻ നടപടികൾ നേരിടണം. ഒരു കോടി രൂപയ്ക്കു മുകളിലുള്ള വ്യാജ ഇൻവോയിസിങ് കേസിന് അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ നിലനിർത്തി. ചെറുകിട വ്യാപാരികൾക്കും ബിസിനസുകൾക്കും പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് 2 കോടി വരെയുള്ള ലംഘനങ്ങൾ ക്രിമിനൽ കുറ്റത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നത്.

ഇപിഎഫ്: നികുതിയിൽ ഇളവ്

ന്യൂഡൽഹി ∙ പാൻ കാർഡ് ഇല്ലാത്ത ഇപിഎഫ് അംഗങ്ങൾ ആദ്യ 5 വർഷത്തിനിടെ നിക്ഷേപം പിൻവലിക്കുമ്പോൾ ചുമത്തുന്ന നികുതി 30 ശതമാനത്തിൽനിന്ന് 20 ശതമാനമായി കുറയ്ക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. പാൻ അക്കൗണ്ടുമായി ബന്ധപ്പെടുത്താത്ത ഒട്ടേറെപ്പേർക്ക് ഇത് ആശ്വാസമാകും. പാൻ ഉള്ളവർക്ക് 10% ആണ് നികുതി. നികുതികൾ ചുമത്തുന്നത് ഏകീകരിക്കാനും ലളിതമാക്കാനും അധിക നികുതികൾ കുറയ്ക്കാനുമുള്ള നടപടികളുടെ ഭാഗമായാണു തീരുമാനം. 5 വർഷത്തിനു ശേഷം പിൻവലിക്കുമ്പോൾ ടിഡിഎസ് ചുമത്തുന്നില്ല.

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com