കാർഷിക സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ട്; പഴം, പച്ചക്കറി തൈകൾക്ക് 2200 കോടിയുടെ പദ്ധതി

Mail This Article
ന്യൂഡൽഹി ∙ ഗ്രാമീണമേഖലയിൽ കൃഷിയുമായി ബന്ധപ്പെട്ട സ്റ്റാർട്ടപ് സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നു ബജറ്റ് വ്യക്തമാക്കി. ഇതിനായി പ്രത്യേക ഫണ്ടിന് (അഗ്രികൾചർ ആക്സിലറേറ്റർ ഫണ്ട്) രൂപം നൽകും. കൃഷിയിൽ പരീക്ഷിക്കാവുന്ന നൂതന ആശങ്ങളിൽ ഊന്നിയ സംരംഭങ്ങൾക്കു സാമ്പത്തിക സഹായം ലഭിക്കും. ബാങ്കുകൾ വഴി കാർഷികവായ്പ അനുവദിക്കുന്നതിനുള്ള പരിധി 20 ലക്ഷം കോടിയായി ഉയർത്തി. ക്ഷീര, മത്സ്യകർഷകർക്കും മാംസം, മുട്ട എന്നിവയ്ക്കായി മൃഗങ്ങളെ വളർത്തുന്നവർക്കും വായ്പയിൽ മുൻഗണന നൽകും. നിലവിൽ വായ്പ പരിധി 18 ലക്ഷം കോടിയാണ്. 7 % പലിശയിൽ 3 ലക്ഷം രൂപ വരെയാണു കർഷകനു വായ്പയായി ലഭിക്കുക.
അണുവിമുക്ത പഴം, പച്ചക്കറി എന്നിവയുടെ തൈകൾ കർഷകർക്കു ലഭ്യമാക്കാൻ 2200 കോടി രൂപയുടെ ‘ആത്മനിർഭർ ക്ലീൻ പ്ലാന്റ്’ പദ്ധതിക്കു തുടക്കമിടും. 3 വർഷത്തിനകം ഒരു കോടി കർഷകർക്ക് പ്രകൃതിദത്ത കൃഷി സ്വീകരിക്കാനുള്ള സൗകര്യമൊരുക്കും. ‘പിഎം മത്സ്യ സമ്പദ് യോജന’യ്ക്കു കീഴിൽ മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി 6000 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ചെറുധാന്യങ്ങളുടെ (ശ്രീ അന്ന) ഉൽപാദനവുമായി ബന്ധപ്പെട്ട ഗവേഷണം, നവീന സാങ്കേതിക വിദ്യയുടെ വികസനം എന്നിവയ്ക്കായി ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിന്റെ കേന്ദ്രമാക്കും.
Content Highlight: Union Budget 2023