ADVERTISEMENT

ന്യൂഡൽഹി ∙ നടപ്പുവർഷം 7% സാമ്പത്തിക വളർച്ചയെന്നു ധനമന്ത്രി പറയുമ്പോഴും സർക്കാർ പരമാവധി പണം പിരിക്കുക, പരമാവധി ചെലവഴിക്കുക. ഇതിനപ്പുറം, എന്തു ചെയ്താൽ സമ്പദ്‌വ്യവസ്ഥ പിടിച്ചുനിൽക്കുമെന്നു വ്യക്തതയില്ലെന്നു സൂചിപ്പിക്കുന്നതാണു ബജറ്റ്. എന്നാൽ, ധനക്കമ്മി കുറയ്ക്കാനുള്ള ലക്ഷ്യത്തിൽനിന്നു വ്യതിചലിക്കില്ലെന്ന പ്രഖ്യാപനം ആശ്വാസകരമാണ്. 

നികുതി പരിഷ്കാരത്തെ ഇടത്തരക്കാർക്കു നൽകുന്ന ആനുകൂല്യം എന്നു പറയുമ്പോഴും അവർ സമ്പാദ്യം വർധിപ്പിക്കുന്നതിനു പകരം വിപണിയിൽ നിക്ഷേപിക്കുകയോ ചെലവാക്കുകയോ ചെയ്യണമെന്നാണു സർക്കാർ താൽപര്യപ്പെടുന്നത്. നികുതിനിരക്ക് കുറയ്ക്കുമ്പോൾ, പരമാവധിപേർ നികുതി അടയ്ക്കുന്നുവെന്നും അതിൽ പരമാവധി ഇളവുകൾ ഒഴിവാക്കപ്പെടുമെന്ന് ഉറപ്പാക്കാനും ശ്രമമുണ്ട്. 

നികുതി നൽകേണ്ടതില്ലാത്ത വരുമാനത്തിന്റെ പരിധി ഉയർത്തുമ്പോൾ ഇടത്തരക്കാർക്കൊപ്പം ചെറുപ്പക്കാരുടെയും കയ്യടി പ്രതീക്ഷിക്കുന്നു. പ്രതിമാസം 62,500 രൂപയിൽ താഴെ ശമ്പളമുള്ളവർ നികുതിരഹിത ഗണത്തിലാണ്. ഈ തോതിൽ പെൻഷൻ വാങ്ങുന്നവർക്കും ഗുണകരമാണു നടപടി. ഇവരെല്ലാം ഇളവുകളില്ലാത്ത നികുതി സ്കീം സ്വീകരിക്കണമെന്നു മാത്രം. നികുതി ഇളവുകളിലൂടെ 35,000 കോടി രൂപയുടെ വരുമാനനഷ്ടമാണ് സർക്കാരിനുണ്ടാകുന്നതെന്നാണു ധനമന്ത്രിയുടെ കണക്ക്. 

വർധിക്കാതെ സ്വകാര്യനിക്ഷേപം

ഓരോ വർഷവും മുൻഗണനകൾ തിരിച്ചും മറിച്ചും പറയുകയെന്നതാണ് ഇപ്പോൾ ബജറ്റ് പ്രസംഗങ്ങളിലെ രീതി. അതാണ് ഇത്തവണയും കണ്ടത്. എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ധനകാര്യ മേഖലയ്ക്കുള്ള കൈത്താങ്ങും കഴിഞ്ഞ ബജറ്റിലെ 4 മുൻഗണനകളുടെ ഭാഗമായിരുന്നു. ഇത്തവണ അവ 7 മുൻഗണനകളിൽ ഉൾപ്പെടുത്തി. 2021–22 ൽ ബജറ്റ് 6 തൂണുകളിൽ ഉയർന്നുനിന്നെങ്കിൽ, ഇത്തവണ സപ്തർഷിമാരായി.

മൂലധനച്ചെലവ് ഓരോ വർഷവും ഗണ്യമായി വർധിപ്പിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനങ്ങളെയും പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. പൊതു–സ്വകാര്യ പങ്കാളിത്തത്തിലും അല്ലാതെയും പല പദ്ധതികളും പ്രഖ്യാപിക്കുകയും ഉൽപാദന ബന്ധിത ആനുകൂല്യങ്ങൾ നൽകുകയും ചെയ്തിട്ടും സ്വകാര്യ മേഖല പണം മുടക്കാനും കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും കാര്യമായി മുന്നോട്ടുവരുന്നില്ലെന്നതാണ് സ്ഥിതി. 

PTI02_01_2023_000260A
ബജറ്റിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന നിർമല സീതാരാമൻ. ചിത്രം: PTI Photo/Shahbaz Khan

ഭക്ഷ്യസബ്സിഡി കുറയുന്നു

മൂലധനച്ചെലവിലെ വർധന ഇങ്ങനെയാണ്: 2020–21: 4.39 ലക്ഷം കോടി, 2021–22: 5.4 കോടി, 2022–23: 7.3 ലക്ഷം കോടി, ഇത്തവണ: 10 ലക്ഷം കോടി. മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 3.3 %. വായ്പകൾ ഒഴിവാക്കി കേന്ദ്ര സർക്കാരിന്റെ മൊത്തം വരുമാനം 2022–23 ൽ 24.3 ലക്ഷം കോടിയായിരുന്നു. അതിൽ 20.9 ലക്ഷം കോടിയും നികുതി വരുമാനമാണ്, കണക്കാക്കുന്ന ചെലവ് 41.9 ലക്ഷം കോടി.

ധനക്കമ്മി 6.4%. 2023–24 ൽ പ്രതീക്ഷിക്കുന്ന വരുമാനം 27.2 ലക്ഷം കോടിയാണ്, അതിൽ 23.3 ലക്ഷം കോടി നികുതിയിനത്തിലാണ്; പ്രതീക്ഷിക്കുന്ന ചെലവ് 45 ലക്ഷം കോടി. പ്രതീക്ഷിക്കുന്ന ധനക്കമ്മി– 5.9%. ധനക്കമ്മി 2025–26 ൽ 4.5% ആക്കുകയെന്നതാണ് ലക്ഷ്യം. സംസ്ഥാനങ്ങൾക്ക് ഇപ്പോൾ അനുവദിച്ചിട്ടുള്ള ധനക്കമ്മി 3.5% ആണ്. സബ്സിഡികൾ കുറച്ചത് കേന്ദ്രത്തിന്റെ ധനക്കമ്മി കുറയുന്നതിനു കാരണമാണ്. 

ഭക്ഷ്യസബ്സിഡിയിനത്തിൽ ഈ വർഷം 2.87 ലക്ഷം കോടിയാണ് ചെലവു പ്രതീക്ഷിക്കുന്നത്. എന്നാൽ, വരും വർഷത്തേക്കു വകയിരുത്തിയിട്ടുള്ളത് 1.97 ലക്ഷം കോടിയാണ്. ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരമുള്ള സൗജന്യത്തിൽ മാറ്റം വരുത്തിയതാണ് കാരണം. പിഎം–കിസാൻ പദ്ധതിയിൽ വർഷത്തിൽ 6000 രൂപയെന്ന നിരക്കു മാറ്റാൻ സർക്കാർ താൽപര്യപ്പെട്ടില്ലെന്നതു ശ്രദ്ധേയമാണ്. വളം സബ്സിഡി ഈ വർഷം 2.25 ലക്ഷം കോടിയെന്നു കണക്കാക്കുന്നു; 2023–24 ലേക്ക് വകയിരുത്തൽ 1.75 ലക്ഷം കോടിയാണ്. 2022–23 ലെ നോമിനൽ ജിഡിപി 10.5 % ആയാണു ബജറ്റിൽ പ്രതീക്ഷിക്കുന്നത്. 

Content Highlight: Union Budget 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com