അദാനി പ്രതിസന്ധി തുടരുന്നു; നടപടിയുമായി ഡൗ ജോൺസും

HIGHLIGHTS
  • വായ്പ സുരക്ഷിതമെന്ന് എസ്ബിഐയും ജെകെ ബാങ്കും
Gautam-Adani
SHARE

മുംബൈ ∙ ബിഎസ്ഇയും എൻഎസ്ഇയും അദാനി ഗ്രൂപ്പ് കമ്പനികൾക്കെതിരെ നടപടി സ്വീകരിച്ചതിനെത്തുടർന്ന് മുൻനിര സ്ഥാപനമായ അദാനി എന്റർപ്രൈസസിനെ 7 മുതൽ സുസ്ഥിരതാ സൂചികകളിൽ നിന്ന് ഒഴിവാക്കുമെന്ന് ഡൗ ജോൺസ് അറിയിച്ചു. ലോകമെങ്ങും നിന്നുള്ള ആയിരക്കണക്കിനു കമ്പനികളുടെ സുസ്ഥിരത വിലയിരുത്തുന്ന രാജ്യാന്തര സൂചികയാണ് ഡൗ ജോൺസ്. അഴിമതി വിരുദ്ധനടപടികൾ, പരിസ്ഥിതിസൗഹൃദ തത്വങ്ങൾ, തൊഴിൽ മാനദണ്ഡങ്ങൾ എന്നിവ അടിസ്ഥാനമാക്കി കമ്പനികളെ വിലയിരുത്തുന്ന സൂചികയാണിത്. 

അദാനി എന്റർപ്രൈസസിനു പുറമേ, അദാനി പോർട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ, അംബുജ സിമന്റ്സ് എന്നീ 3 കമ്പനികളെ ബിഎസ്ഇയും എൻഎസ്ഇയും ഹ്രസ്വകാല നിരീക്ഷണത്തിന് (എഎസ്എം) വിധേയമാക്കിയ സാഹചര്യത്തിലാണ് ഡൗ ജോൺസ് തീരുമാനം പ്രഖ്യാപിച്ചത്. മുൻനിര ഓഹരിവിപണികളുടെ നീക്കം അദാനി ഓഹരികളിലെ ഊഹക്കച്ചവടവും ഷോട് സെല്ലിങ്ങും തട‍ഞ്ഞേക്കാമെന്നു വിദഗ്ധർ വിലയിരുത്തുന്നു. 

അതേസമയം, അദാനി ഓഹരികളുടെ വിലത്തകർച്ച മൂലധന സമാഹരണത്തിനുള്ള ഗ്രൂപ്പിന്റെ ശേഷിയെ ബാധിച്ചേക്കാമെന്ന് മൂഡീസ് ഇൻവെസ്റ്റേഴ്സ് മുന്നറിയിപ്പു നൽകി. അദാനി കമ്പനികളുടെ പണലഭ്യതയും പ്രതിസന്ധിയെ മറികടക്കാൻ സ്വീകരിക്കുന്ന നടപടികളും നിരീക്ഷിച്ചുവരികയാണെന്ന് മൂഡീസ് വ്യക്തമാക്കി. സമാന്തര സേവനമായ ഫിച്ച്, നിലവിലെ വിലത്തകർച്ച അദാനി കമ്പനികളുടെ റേറ്റിങ്ങിനെ ബാധിക്കില്ലെന്ന നിലപാടിലാണ്. 

എസ്ബിഐ നൽകിയത് 27,000 കോടി

അദാനി ഗ്രൂപ്പിന് എസ്ബിഐ നൽകിയിരിക്കുന്ന ആകെ വായ്പ 27,000 കോടി രൂപയാണെന്ന് ചെയർമാൻ ദിനേശ് ഖാര പറഞ്ഞു. വായ്പകളെല്ലാം നൽകിയിരിക്കുന്നത് യഥാർഥ ആസ്തികളും പണലഭ്യതയും കണക്കാക്കിയാണെന്നതിനാൽ സുരക്ഷിതമാണ്. ഓഹരികൾ ഈടായി സ്വീകരിച്ച് എസ്ബിഐ വായ്പകളൊന്നും നൽകിയിട്ടില്ലെന്നും ഖാര വ്യക്തമാക്കി. അദാനി ഗ്രൂപ്പിനു നൽകിയിരിക്കുന്ന വായ്പകളെല്ലാം സുരക്ഷിതമാണെന്ന് ജമ്മു ആൻഡ് കശ്മീർ ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ നിഷികാന്ത് ശർമ പറഞ്ഞു. ജെകെ ബാങ്കിൽ 250 കോടി രൂപയാണ് ഗ്രൂപ്പിന്റെ കടബാധ്യത. 

ഹിൻഡൻബർഗിനെതിരെ ഹർജി

വ്യവസായ ഗ്രൂപ്പിനെ പ്രതിസന്ധിയിലാക്കിയ വെളിപ്പെടുത്തലുകൾ നടത്തിയ യുഎസ് സ്ഥാപനമായ ഹിൻഡൻബർഗിനും കമ്പനിയുടെ ഇന്ത്യൻ പങ്കാളികൾക്കുമെതിരെ നിയമനടപടി ആവശ്യപ്പെട്ട് അഭിഭാഷകനായ എം.എൽ.ശർമ സുപ്രീം കോടതിയിൽ ഹർജി നൽകി. ഷോട്‌സെല്ലങ്ങിലൂടെ ലാഭമുണ്ടാക്കാൻ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് ഇന്ത്യൻ ഓഹരിവിപണിയെയും നിക്ഷേപകരെയും പ്രതിസന്ധിയിലാക്കി എന്നാണ് ആരോപണം.

English Summary : Adani group crisis continuing

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.