സുപ്രീം കോടതിയിൽ വാദത്തിനിടെ പരാമർശം: വിരമിക്കൽ പ്രായം 56; അനീതിയെന്ന് ജസ്റ്റിസ് രസ്തോഗി

Supreme_Court_of_India
SHARE

ന്യൂഡൽഹി ∙ കേരളത്തിൽ സർക്കാർ സർവീസിലെ വിരമിക്കൽ പ്രായം 56 ആക്കിയിരിക്കുന്നത് അനീതിയാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അജയ് രസ്തോഗി. ജസ്റ്റിസ് സി.ടി.രവികുമാറിനൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ പ്രഫസർ ആയി സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഡോ. ബോണി നടേശ് നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് വിരമിക്കൽ പ്രായം ചർച്ചയായത്. 

ഹർജിക്കാരനു വേണ്ടി ഹാജരായ വി. ചിദംബരേഷ് ആണ് കേരളത്തിൽ ഒരു വിഭാഗം ജീവനക്കാർ 56 വയസ്സില്‍ വിരമിക്കുമെന്ന് പറഞ്ഞത്. 

‘56–ാം വയസ്സിൽ ഒരാൾക്ക് കുടുംബത്തോടുള്ള കടമകൾ പോലും നിറവേറ്റാനാകില്ല. മുൻപ് 23-24 വയസില്‍ വിവാഹം നടന്നിരുന്നു. 

ഇക്കാലത്തു 27–28 ഒക്കെയാണു വിവാഹപ്രായം. കുട്ടികൾ കോളജിലോ മറ്റോ ആകുമ്പോഴേക്ക് വിരമിക്കേണ്ട സാഹചര്യം അനീതിയാണ്’– ജസ്റ്റിസ് രസ്തോഗി പറഞ്ഞു.

വിരമിക്കൽ പ്രായം ഉയർത്തിയാൽ അവസരങ്ങൾ ഇല്ലാതാകുമെന്ന് അഭിഭാഷകൻ വി.ഗിരി ചൂണ്ടിക്കാട്ടി.

വിരമിക്കൽ പ്രായം വർധിപ്പിക്കാനുള്ള നിർദേശം എപ്പോഴുണ്ടായാലും വിദ്യാർഥി സംഘടനകളിൽ നിന്നുൾപ്പെടെ വലിയ പ്രതിഷേധം ഉണ്ടാകുമെന്നു ജസ്റ്റിസ് രവികുമാറും പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽ 60 വയസ്സാണു വിരമിക്കൽ പ്രായമെന്നു രസ്തോഗി പറ‍ഞ്ഞു. 

എന്നാൽ, വിരമിക്കൽ പ്രായം ഉയർത്തണമെന്ന ഹർജികൾ സുപ്രീം കോടതി നേരത്തേ തള്ളിയിട്ടുണ്ടെന്നു ജസ്റ്റിസ് രവികുമാർ ഓർമിപ്പിച്ചു.

 ഇക്കാര്യത്തിൽ നയപരമായ തീരുമാനം സർക്കാരിൽ നിന്നുണ്ടാകണമെന്ന് വി. ചിദംബരേഷ് പറഞ്ഞു. ബോണി നടേഷിന്റെ ഹർജി തള്ളി.

English Summary : Government service retirement age petition rejected

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.