മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ കൗൺസിലിലെ (എംഎൽസി) 5 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ മൂന്നിടത്ത് വിജയിച്ചത് പ്രതിപക്ഷമുന്നണിയായ മഹാ വികാസ് അഘാഡിക്കു നേട്ടമായി. വൻവിജയം പ്രതീക്ഷിച്ചെങ്കിലും ഒരു സീറ്റിൽ ഒതുങ്ങിയത് ബിജെപിക്ക് കനത്ത തിരിച്ചടിയുമായി. അഞ്ചാമത്തെ സീറ്റിൽ, സ്വതന്ത്രനായി മത്സരിച്ച കോൺഗ്രസ് വിമതനാണ് ബിജെപി പിന്തുണയോടെ വിജയിച്ചത്.
പുണെയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും മുംബൈ, താനെ, പുണെ കോർപറേഷൻ തിരഞ്ഞെടുപ്പും അടുത്തിരിക്കെ ശിവസേനയും (ഉദ്ധവ്) എൻസിപിയും കോൺഗ്രസും ഉൾപ്പെടുന്ന മുന്നണിക്ക് ഉൗർജം പകരുന്നതായി ഇപ്പോഴത്തെ ഫലം. ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പുരിൽ 5 പതിറ്റാണ്ടായി ബിജെപി വിജയിച്ചിരുന്ന സീറ്റാണ് കോൺഗ്രസ് പിടിച്ചെടുത്തത്. അമരാവതിയിലും ബിജെപി സ്ഥാനാർഥിയെയാണ് ശക്തമായ പോരാട്ടത്തിൽ കോൺഗ്രസ് പരാജയപ്പെടുത്തിയത്. ഔറംഗബാദിൽ എൻസിപി സ്ഥാനാർഥിയാണ് പ്രതിപക്ഷത്തിന്റെ അഭിമാനം കാത്തത്.
കൊങ്കണിൽ, ശിവസേനയിൽ നിന്നു കൂറുമാറിയെത്തിയ സ്ഥാനാർഥിയെ മാത്രമാണ് ബിജെപിക്കു വിജയിപ്പിക്കാനായത്. നാസിക്കിൽ കോൺഗ്രസ് വിമതനെ പിന്തുണച്ചു വിജയിപ്പിച്ചെങ്കിലും ബിജെപിയുടെ നേട്ടമായി കൂട്ടാനാകില്ല. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന അധ്യക്ഷനായ സത്യജിത് താംബെയാണ് ഇവിടെ വിജയിച്ചത്.
English Summary : Opposition alliance win maharastra legislative council elections