അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ട്: പ്രതിപക്ഷം ഇന്നും ഉന്നയിക്കും

Adani
SHARE

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ സംയുക്ത പാർലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള സമിതിയോ അന്വേഷണം നടത്തണമെന്ന ആവശ്യം ഇന്നും പാർലമെന്റിന്റെ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കും. ഇക്കാര്യത്തിൽ കേന്ദ്രം ഒളിച്ചു കളിക്കുന്നതെന്തിനെന്നു വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ സുതാര്യ നിലപാടാണ് എടുക്കുന്നതെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി ലോക്സഭയിൽ പറഞ്ഞു.

ഇരു സഭകളിലും തുടക്കത്തിൽത്തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ‘മോദി സർക്കാർ അദാനി സർക്കാർ’ എന്നായിരുന്നു മുദ്രാവാക്യങ്ങളിലൊന്ന്. ലോക്സഭാ സന്ദർശനത്തിനെത്തിയ സാംബിയൻ പാർലമെന്ററി സംഘത്തെ സ്വാഗതം ചെയ്ത ശേഷം സ്പീക്കർ ഓം ബിർല ചോദ്യോത്തരവേള തുടങ്ങുന്നെന്ന പ്രഖ്യാപനം നടത്തി. അപ്പോൾ തന്നെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

കോൺഗ്രസിനും യുപിഎ സഖ്യകക്ഷികൾക്കുമൊപ്പം ഇടതു പാർട്ടികളും തൃണമൂൽ കോൺഗ്രസ്, ശിവസേന (ഉദ്ധവ് വിഭാഗം), ജെഡിയു, സമാജ്‌വാദി പാർട്ടി, ബിഎസ്പി, ബിആർഎസ് എന്നീ കക്ഷികളും പ്രതിഷേധത്തിനിറങ്ങി. രാജ്യസഭയിലും സമാന രീതിയിൽ പ്രതിഷേധിച്ച പ്രതിപക്ഷത്തിനൊപ്പം ആം ആദ്മി പാർട്ടിയും പങ്കു ചേർന്നു. സഭകൾ ചേരുന്നതിനു മുൻപ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയുടെ ചേംബറിൽ എല്ലാ പ്രതിപക്ഷ കക്ഷികളും യോഗം ചേർന്ന് ഈ വിഷയത്തിൽ ഒരുമിച്ചു പോകാൻ തീരുമാനിച്ചിരുന്നു.

ലോക്‌സഭയിൽ നടുത്തളത്തിലും സ്പീക്കറുടെ ഡയസിനു ചുറ്റിലും പ്രതിപക്ഷാംഗങ്ങൾ നിരന്നു നിന്നു മുദ്രാവാക്യം വിളിച്ചു. തുടർന്ന് സ്പീക്കർ സഭ 2 മണിവരെ നിർത്തി. പിന്നീട് സഭാനടപടികൾ വീണ്ടും തുടങ്ങിയപ്പോഴും പ്രതിഷേധം ശക്തമായി തുടർന്നു. രാജ്യസഭയും പ്രതിപക്ഷ ബഹളത്താൽ 2 വരെ നിർത്തി. പിന്നീടും ബഹളം തുടർന്നതിനാൽ സഭ പിരിഞ്ഞു.

4 എംപിമാരുടെ ഭേദഗതികൾ

ന്യൂഡൽഹി ∙ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിൽ അദാനി വിഷയം സംബന്ധിച്ച് 4 പ്രതിപക്ഷ എംപിമാരുടെ ഭേദഗതികളുണ്ടാവും. രാജ്യസഭയിൽ കോൺഗ്രസ് അംഗം ജെബി മേത്തറും ലോക്സഭയിൽ തൃണമൂൽ അംഗം സൗഗത റോയ്, കോൺഗ്രസ് അംഗം ഗൗരവ് ഗൊഗോയ്, സിപിഎം അംഗം പി.ആർ.നടരാജൻ എന്നിവരുമാണു ഭേദഗതി നിർദേശിച്ചിരിക്കുന്നത്.

സമരത്തിന് കോൺഗ്രസ്

അദാനിയുടെ സ്റ്റോക്കുകളിൽ എൽഐസിയും എസ്ബിഐയും വ്യാപക നിക്ഷേപം നടത്തിയതിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. ഈ മാസം ആറിന് എൽഐസി, എസ്ബിഐ ഓഫിസുകൾക്കു മുന്നിൽ പ്രതിഷേധം നടത്താൻ പിസിസി, ഡിസിസി ഘടകങ്ങൾക്ക് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നിർദേശം നൽകി.

English Summary : Opposition demands investigation regarding report related to Adhani group 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.