കനത്ത പ്രതിഷേധവുമായി പ്രതിപക്ഷം, ‘മോദി സർക്കാർ അദാനി സർക്കാർ’ എന്ന് മുദ്രാവാക്യം; ഇരുസഭകളും നിർത്തി

Narendra Modi (Photo - PIB) | Gautam Adani (Photo by SAM PANTHAKY / AFP)
നരേന്ദ്ര മോദി (Photo - PIB); ഗൗതം അദാനി (Photo by SAM PANTHAKY / AFP)
SHARE

ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പ് ഓഹരികളിലെ തിരിമറി ആരോപണങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും സഭ നിർത്തിവച്ചു ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തിൽ പാർലമെന്റിന്റെ ഇരുസഭകളും ഇന്നലെയും തടസ്സപ്പെട്ടു. രാജ്യസഭ നിർത്തിവയ്ക്കുന്ന അറിയിപ്പിനിടെ സഭയുടെ നടുത്തളത്തിലിറങ്ങിയ എംപിമാർക്കെതിരെ ചട്ടപ്രകാരമുള്ള നടപടിയുണ്ടാകുമെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ മുന്നറിയിപ്പു നൽകി. കേരളത്തിൽ നിന്നുള്ളവർ അടക്കം നിരവധി പേർ ഇരുസഭകളിലും വിഷയം ചർച്ച ചെയ്യാൻ അടിയന്തര പ്രമേയ നോട്ടിസ് നൽകിയിരുന്നു. ഇരു സഭാധ്യക്ഷന്മാരും അവ തള്ളി. 

ലോക്സഭയിൽ ചോദ്യോത്തരവേള തുടങ്ങിയപ്പോഴേക്ക് പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലിറങ്ങി. ‘എൽഐസി, എസ്ബിഐ ഗോവിന്ദ–ഗോവിന്ദ’, ‘മോദി സർക്കാർ അദാനി സർക്കാർ’, അദാനി സർക്കാർ ഡൗൺ ഡൗൺ’ തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി. ചോദ്യോത്തരവേള പ്രധാനമാണെന്നും അതിനു ശേഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ച തുടങ്ങേണ്ടതാണെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. ഗോത്രവർഗത്തിൽ നിന്നുള്ള രാഷ്ട്രപതിയുടെ ആദ്യ നയപ്രഖ്യാപനമാണെന്ന് സ്പീക്കർ പറ‍ഞ്ഞപ്പോൾ ട്രഷറി ബെഞ്ചുകൾ കയ്യടിച്ചു. പ്രതിപക്ഷ ബഹളം തുടർന്നപ്പോൾ ആദ്യം 2 വരെയും പിന്നീട് അടുത്ത തിങ്കളാഴ്ച വരെയും സഭ നിർത്തിവച്ചു. 

രാജ്യസഭയിലും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 2.30 വരെ നിർത്തിച്ച സഭ തുടർന്നപ്പോഴും ബഹളം തുടർന്നു. സഭ തിങ്കളാഴ്ചത്തേക്ക് പിരിയുകയാണെന്ന പ്രഖ്യാപനം നടത്തുന്നതിനിടയിലാണ് സഭയുടെ മര്യാദ ലംഘിച്ച് നടുത്തളത്തിൽ ഇറങ്ങിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ചെയർമാൻ മുന്നറിയിപ്പു നൽകിയത്. 

English Summary: Opposition protest demanding investigation on Adani group shares

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.