ഭാരത് ജോഡോ ആവേശമായി; ഇനി ഹാഥ് സേ ഹാഥ് ജോഡോ

rahul-gandhi-bharat-jodo-2701
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയ്‌ക്കിടെ. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമൻ അബ്‌ദുല്ലയും ഒപ്പം. ചിത്രം:Twitter/@bharatjodo
SHARE

ന്യൂ‍ഡൽഹി∙ ഭാരത് ജോഡോ പദയാത്ര സമാപിച്ചതോടെ, കോൺഗ്രസിന്റെ എല്ലാ ശ്രദ്ധയും ഇനി ‘ഹാഥ് സേ ഹാഥ്’ ജോഡോ യജ്ഞത്തിൽ. ഇന്ത്യയെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി കന്യാകുമാരിയിൽ നിന്നു ശ്രീനഗർ വരെ നടത്തിയ ഭാരത് ജോഡോ പദയാത്ര രാഷ്ട്രീയ ലക്ഷ്യത്തേക്കാളുപരി സംഘടനാതലത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനാണ് ഊന്നൽ നൽകിയത്. ഇതിൽ നിന്നു വ്യത്യസ്തമായി ഹാഥ്സേ ഹാഥ് ജോഡോ പൂർണമായി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതായിരിക്കുമെന്നു പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഈ മാസം അവസാനം നടക്കുന്ന പ്ലീനറി സമ്മേളനത്തിനു പിന്നാലെ ദേശീയതലത്തിൽ സംഘടനാപരമായ അഴിച്ചുപണിയിലേക്കു പാർട്ടി കടക്കും. 

കഴിഞ്ഞ മാസം 26നാണ് ആരംഭിച്ച ഹാഥ്സേ ഹാഥ് ജോഡോ ആരംഭിച്ചത്. ഇതിന്റെ പ്രാഥമിക ലക്ഷ്യം 2024 ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിയെ രാഷ്ട്രീയമായി കടന്നാക്രമിക്കുക എന്നതായിരിക്കും. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വീഴ്ചകൾ എണ്ണിപ്പറഞ്ഞുള്ള കോൺഗ്രസിന്റെ കുറ്റപത്രവും പാർട്ടിക്കൊപ്പം നിൽക്കാൻ അഭ്യർഥിച്ചുള്ള രാഹുൽ ഗാന്ധിയുടെ കത്തുമായി പ്രവർത്തകർ വീടുകൾ കയറിയിറങ്ങും. 3 മാസത്തിനുള്ളിൽ രാജ്യത്തെ ആറര ലക്ഷം ഗ്രാമങ്ങളിൽ പ്രചാരണം നടത്തും. 

ഈ വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും കോൺഗ്രസിനു നിർണായകമാണ്.  ഈ മാസം നടക്കുന്ന നാഗാലാൻഡ്, ത്രിപുര, മേഘാലയ തിരഞ്ഞെടുപ്പുകളിൽ പാർട്ടി വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നില്ല. തുടർന്നു നടക്കുന്ന കർണാടക തിരഞ്ഞെടുപ്പ്, പദയാത്രയിലൂടെയും ഹാഥ്സേ ഹാഥ് യജ്ഞത്തിലൂടെയും കോൺഗ്രസ് ആർജിച്ച കരുത്തിന്റെ പരീക്ഷണമാകും. വർഷാവസാനം നടക്കുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, തെലങ്കാന തിരഞ്ഞെടുപ്പുകളും പ്രധാനമാണ്. ഇതിൽ കോൺഗ്രസ് ഏറ്റവുമധികം സാധ്യത കാണുന്നത് ഛത്തീസ്ഗഡിലാണ്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള അധികാര വടംവലിക്ക് ശാശ്വത പരിഹാരം കാണുക എന്ന വെല്ലുവിളിയുമുണ്ട്. 

പ്രസിഡന്റ് പദവിയിൽ നിന്ന് ഒഴിഞ്ഞെങ്കിലും പദയാത്ര സമ്മാനിച്ച പ്രതിഛായയിലൂടെ പാർട്ടിയിലെ ഏറ്റവും കരുത്തുറ്റ മുഖമായി രാഹുൽ തുടരും. ദേശീയതലത്തിൽ കോൺഗ്രസിൽ 2 അധികാരകേന്ദ്രങ്ങൾ രൂപമെടുക്കാനും ഇതു വഴിവയ്ക്കും. പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ ഗാന്ധി കുടുംബത്തോടു വിധേയത്വം പുലർത്തുന്നതിനാൽ, രാഹുലിന്റെ നായകസ്ഥാനം ചോദ്യം ചെയ്യില്ലെന്നുറപ്പ്.

പ്ലീനറി സമ്മേളനം: സംഘാടക സമിതിയായി

ന്യൂഡൽഹി ∙ ഛത്തീസ്ഗഡിലെ റായ്പുരിൽ ഈ മാസം 24 മുതൽ 26 വരെ നടക്കുന്ന പ്ലീനറി സമ്മേളനത്തിനുള്ള സംഘാടക, സ്വീകരണ കമ്മിറ്റികൾക്കു കോൺഗ്രസ് രൂപം നൽകി. പവൻകുമാർ ബൻസൽ ആണു സംഘാടക സമിതി ചെയർമാൻ. താരിഖ് അൻവർ ആണു കൺവീനർ. മുഖ്യമന്ത്രിമാരായ അശോക് ഗെലോട്ട്, ഭൂപേഷ് ബാഗേൽ, സുഖ്‌വിന്ദർ സിങ് സുഖു എന്നിവർ പ്രത്യേക ക്ഷണിതാക്കളാകും. ഛത്തീസ്ഗഡിലെ എംഎൽഎ: മോഹൻ മർകം ആണ് 112 അംഗ സ്വീകരണ കമ്മിറ്റിയുടെ ചെയർമാൻ.

English Summary: Congress Hath Se Hath Jodo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.