ADVERTISEMENT

ന്യൂഡൽഹി ∙ ശമ്പളത്തിന് ആനുപാതികമായി ഉയർന്ന പിഎഫ് പെൻഷൻ നൽകണമെന്ന സുപ്രീം കോടതി വിധി സാമ്പത്തികവും അല്ലാത്തതുമായ ബാധ്യതകളുണ്ടാക്കുന്നതിനാൽ വിശദ പഠനം വേണമെന്നു കേന്ദ്ര സർക്കാർ. സുപ്രീം കോടതി ഉത്തരവു നടപ്പാക്കാൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) മാർഗനിർദേശം ഉടൻ നൽകുമോയെന്ന പാർലമെന്റിലെ ചോദ്യത്തിന് ‘ഉത്തരവ് വിശദമായി പഠിച്ചുവരികയാണ്’ എന്നായിരുന്നു തൊഴിൽ മന്ത്രാലയത്തിന്റെ മറുപടി. മാണിക്കം ടഗോറും (കോൺഗ്രസ്) മന്നെ ശ്രീനിവാസ് റെഡ്ഡിയും (ബിആർഎസ്) ആണു ചോദ്യം ഉന്നയിച്ചത്. 

അതിനിടെ, മിനിമം പിഎഫ് പെൻഷൻ തുക 2000 രൂപയായി വർധിപ്പിക്കാൻ ഉന്നതതല സമിതി ശുപാർശ ചെയ്തിട്ടുണ്ടെന്നും തീരുമാനമെടുത്തില്ലെന്നും എൻ.കെ.പ്രേമചന്ദ്രന്റെ ചോദ്യത്തിനു തൊഴിൽ സഹമന്ത്രി രാമേശ്വർ തേലി മറുപടി നൽകി. താൻ അവതരിപ്പിച്ച സ്വകാര്യ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഉന്നതതല സമിതിയെ നിയോഗിച്ചതെന്നും ഇത്രയും വർഷമായിട്ടും മിനിമം പെൻഷൻ പുതുക്കാത്തതു പ്രതിഷേധാർഹമാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. 

2014 സെപ്റ്റംബർ ഒന്നിനുശേഷം വിരമിച്ചവരും ഇപ്പോഴും സർവീസിൽ തുടരുന്നവരുമായ ആളുകൾക്കു കോടതി ഉത്തരവുപ്രകാരം ഓപ്ഷന് അപേക്ഷിക്കാൻ ഇപിഎഫ്ഒ നടപടികളെടുക്കുന്നുണ്ടോയെന്ന ചോദ്യത്തിനു വ്യക്തമായ മറുപടി ലഭിച്ചില്ല. അവരെല്ലാം 15,000 രൂപ ഉയർന്ന ശമ്പളപരിധി എന്ന ഭേദഗതിക്കു വിധേയമായി പെൻഷൻ പദ്ധതിയിൽ അംഗങ്ങളാണെന്നും ഓപ്ഷൻ നൽകാത്തവർക്കു സുപ്രീം കോടതി നാലുമാസം സമയം അനുവദിച്ചിട്ടുണ്ടെന്നും മാത്രമായിരുന്നു മറുപടി.

English Summary : Want detailed study about high pf pension says union government

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com