ADVERTISEMENT

ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ പ്രക്ഷോഭത്തിലായിരുന്ന പ്രതിപക്ഷം രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ സഹകരിച്ചെങ്കിലും തുടർന്ന് ഭരണപക്ഷവുമായി നിരന്തരം കൊമ്പുകോർത്തു. നന്ദിപ്രമേയം അവതരിപ്പിച്ച ബിജെപി അംഗം സി.പി.ജോഷിയുടെ പ്രസംഗത്തിലെ പല പരാമർശങ്ങളും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. 

പ്രസംഗത്തിനിടെ ജോഷി ‘സതി’യുമായി ബന്ധപ്പെട്ടു നടത്തിയ ചില പരാമർശങ്ങൾ സഭ നിർത്തിവയ്ക്കുന്നതിലേക്കെത്തിച്ചു. അരമണിക്കൂറോളം നിർത്തിവച്ച ശേഷം സ്പീക്കർ ജോഷിയെ ചേംബറിലേക്കു വിളിപ്പിച്ചു നിർദേശങ്ങൾ നൽകി. തുടർന്ന് സഭാനടപടികൾ പുനരാരംഭിച്ചു. 

എൻസിപിയുടെ സുപ്രിയ സുളെ, ഡിഎംകെയുടെ കനിമൊഴി, എ.രാജ എന്നിവർ ജോഷി പറയുന്നത് അസംബന്ധങ്ങളാണെന്നും സ്ത്രീവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും ആരോപിച്ച് നടുത്തളത്തിലേക്കിറങ്ങി. പിന്നാലെ എല്ലാ യുപിഎ അംഗങ്ങളും കുതിച്ചെത്തി. രാജയും ടി.എൻ.പ്രതാപനും ട്രഷറി ബെഞ്ചുകളിലേക്ക് കൈ ചൂണ്ടി ആക്രോശിച്ച് കയറിയപ്പോൾ തടയാൻ ബിജെപി അംഗങ്ങളും എഴുന്നേറ്റു. 

പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും സഹമന്ത്രി അർജുൻ റാം മേഘ്‌വാളും ചേർന്ന് ഇരുപക്ഷക്കാരെയും പിന്തിരിപ്പിച്ചു. ജോഷി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് മുതിർന്ന അംഗങ്ങൾ അദ്ദേഹത്തോട് ചോദിക്കുന്നുണ്ടായിരുന്നു. ചിലർ ജോഷിയെ അഭിനന്ദിക്കുകയും ചെയ്തു. പ്രതിപക്ഷാംഗങ്ങളെല്ലാം അദാനിയും പ്രധാനമന്ത്രിയും തമ്മിലുള്ള ബന്ധത്തിലൂന്നിയാണ് പ്രസംഗിച്ചത്. അതിൽ ക്ഷുഭിതരായ ട്രഷറി അംഗങ്ങൾ നിരന്തരം ബഹളമുണ്ടാക്കി.

രാഹുൽ ഗാന്ധിയും ടിഎംസി അംഗം മഹുവ മൊയ്ത്രയും കത്തിക്കയറിയതോടെ ബഹളം മൂർഛിച്ചു. ബിജെപിക്കു വേണ്ടി പ്രതിരോധമൊരുക്കിയ നിഷികാന്ത് ദുബെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും അദാനിയും ഒരുമിച്ചുള്ള ചിത്രമുയർത്തിയെങ്കിലും ചെയറിലുണ്ടായിരുന്ന എൻ.കെ.പ്രേമചന്ദ്രൻ തടഞ്ഞു.

ഉമ്മൻ ചാണ്ടിയും ഗെലോട്ടും ഭൂപേഷ് ബാഗേലും കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരുമൊക്കെ അദാനിയുമായി ബിസിനസ് നടത്തുന്നുണ്ടെന്ന് ദുബെ പറഞ്ഞു. രാത്രി വൈകിയും തുടർന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി ഇന്നു മറുപടി പറയും.

English Summary: Parliament again disrupted on allegations on Adani Group; Shares positive in Market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com