ന്യൂഡൽഹി ∙ ഭൂകമ്പത്തിൽ തകർന്ന തുർക്കിക്കും സിറിയയ്ക്കും ഇന്ത്യയുടെ സഹായഹസ്തം. മരുന്നുകൾ, രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും ആവശ്യമായ സാമഗ്രികൾ എന്നിവയുമായാണു കരസേന, ദേശീയ ദുരന്തനിവാരണസേന സംഘങ്ങൾ എത്തിയത്. തങ്ങളുടെ വ്യോമാതിർത്തിയിലൂടെ പറക്കാൻ പാക്കിസ്ഥാൻ അനുമതി നിഷേധിച്ചതിനെത്തുടർന്ന് സേനാ വിമാനങ്ങൾ അധികദൂരം താണ്ടിയാണ് ഇരു രാജ്യങ്ങളിലുമെത്തിയത്.
കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ രക്ഷിക്കാൻ 101 അംഗ ദുരന്തനിവാരണസേനയെയാണ് ഇന്ത്യ തുർക്കിയിലേക്കയച്ചത്. ഡോക്ടർമാരും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ കണ്ടെത്താൻ വൈദഗ്ധ്യമുള്ള നായ്ക്കളും സംഘത്തിനൊപ്പുമുണ്ട്. ഇതിനു പിന്നാലെ 99 പേരടങ്ങുന്ന കരസേനാ പാരാ മെഡിക് സംഘവും തുർക്കിയിലെത്തി. പരുക്കേറ്റവർക്കു വൈദ്യപരിചരണം ലഭ്യമാക്കുകയാണു ദൗത്യം. ദുരന്തമേഖലയിൽ 30 കിടക്കകളുള്ള താൽക്കാലിക ആശുപത്രിയും കരസേന സ്ഥാപിക്കും. വെന്റിലേറ്ററുകൾ, എക്സ്റേ യന്ത്രങ്ങൾ, ഓക്സിജൻ പ്ലാന്റ് എന്നിവയടക്കം സജ്ജമാക്കും.
വികാരഭരിതനായി മോദി
ന്യൂഡൽഹി ∙ തുർക്കി–സിറിയ ഭൂകമ്പത്തെപ്പറ്റി പറയുമ്പോൾ, 2001 ലെ ഗുജറാത്ത് ഭൂകമ്പം ഓർമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വികാരഭരിതനായി. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിൽ എംപിമാരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലുണ്ടായ ഭൂകമ്പത്തെ തുടർന്ന് രക്ഷാദൗത്യം നേരിട്ട വെല്ലുവിളികൾ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പരാമർശിച്ചു. തുർക്കി അനുഭവിക്കുന്നതെന്താണെന്നു തനിക്കു നന്നായി മനസ്സിലാവുമെന്നും പറഞ്ഞു. ഗുജറാത്ത് ഭൂകമ്പത്തിൽ ഇരുപതിനായിരത്തിലേറെപ്പേരാണു കൊല്ലപ്പെട്ടത്. 1.5 ലക്ഷം പേർക്കു പരുക്കേറ്റു.





English Summary: "Friend In Need Is Friend Indeed": Earthquake-Hit Turkey Thanks India