ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തു വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നു പ്രതിപക്ഷ നേതാവും കോൺഗ്രസ് പ്രസിഡന്റുമായ മല്ലികാർജുൻ ഖർഗെ രാജ്യസഭയിൽ ആരോപിച്ചു. മോദിയെ ‘മൗനി ബാബ’യെന്നു ഖർഗെ വിശേഷിപ്പിച്ചതു സഭയിൽ ഭരണപക്ഷത്തിന്റെ എതിർപ്പിനിടയാക്കി. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിനു ചേർന്ന പരാമർശമല്ല ഖർഗെ നടത്തിയതെന്നു രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ചൂണ്ടിക്കാട്ടി.

 കേന്ദ്ര സർക്കാരിനെയും മോദിയെയും കടന്നാക്രമിച്ചു ഖർഗെ നടത്തിയ പ്രസംഗത്തിനിടെ സഭാധ്യക്ഷൻ പലകുറി ഇടപെട്ടത് കോൺഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തിനു വഴിവച്ചു. ‘നിരന്തരം തടസ്സപ്പെടുത്തുന്ന താങ്കൾ ഇനി പ്രസംഗിക്കാനും എന്നെ പഠിപ്പിക്കുമോ’ എന്നു ധൻകറിനോടു ഖർഗെ ചോദിച്ചു.

മോദിയുടെ ഉറ്റസുഹൃത്തുക്കളിലൊരാളുടെ സ്വത്ത് 2014 നു ശേഷം കുതിച്ചുയർന്നുവെന്നു ഗൗതം അദാനിയെ സൂചിപ്പിച്ചുള്ള ഖർഗെയുടെ പരാമർശത്തിനെതിരെ ഭരണപക്ഷം രംഗത്തുവന്നു. പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കുന്നതിന്റെ സൂചനകൾ ഖർഗെയുടെ വാക്കുകളിലുണ്ടെന്നു ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഉന്നയിക്കുന്ന ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ സഭയിൽ സമർപ്പിക്കാൻ ഖർഗെയോടു ധൻകർ ആവശ്യപ്പെട്ടു. പ്രതിരോധം, തുറമുഖം, റോഡുകൾ ഉൾപ്പെടെ എല്ലാ മേഖലയിലെയും കരാറുകൾ അദാനിക്കു ലഭിക്കുകയാണെന്നും പൊതുജനത്തിന്റെ പണം ഇതിനായി ബാങ്കുകൾ അദ്ദേഹത്തിനു നൽകുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി. 

സുതാര്യമായ രീതിയിലാണു രാജ്യത്തു കരാറുകൾ നൽകുന്നതെന്നും എന്നാൽ, അങ്ങനെയല്ല എന്ന സൂചന നൽകാനാണു ഖർഗെ ശ്രമിക്കുന്നതെന്നും ധൻകർ പ്രതികരിച്ചത് കോൺഗ്രസ് എംപിമാരെ ചൊടിപ്പിച്ചു. സഭാധ്യക്ഷൻ കേന്ദ്ര സർക്കാരിനു വേണ്ടിയാണു സംസാരിക്കുന്നതെന്ന് അവർ ആരോപിച്ചു.

സബ്കാ സാഥ്, സബ്കാ വികാസ് എന്ന് പറഞ്ഞ് എല്ലാവർക്കും വികസനം വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന പ്രധാനമന്ത്രിയുടെ കീഴിൽ ഏതാനും ചിലർക്കു മാത്രമാണു വികസനം ലഭിച്ചതെന്നു നന്ദി പ്രമേയ ചർച്ചയിൽ കെ.സി.വേണുഗോപാൽ ആരോപിച്ചു.

 

രാഹുലിനെതിരെ അവകാശ ലംഘനം

രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ലോക്സഭയിൽ അവകാശ ലംഘന നോട്ടിസ് നൽകി. ബിജെപി അംഗം നിഷികാന്ത് ദുബെ നടപടിയാവശ്യപ്പെട്ട് സ്പീക്കർ ഓം ബിർലയ്ക്ക് കത്തു നൽകി.

**EDS: VIDEO GRAB VIA SANSAD TV** New Delhi: Rajya Sabha MP PT Usha in the Speaker chair conducts proceedings in the House during Budget Session of Parliament, in New Delhi, Wednesday, Feb. 8, 2023. (PTI Photo)(PTI02_08_2023_000212A)
പി.ടി.ഉഷ

നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ നടത്തിയ അടിസ്ഥാനരഹിതവും അപകീർത്തികരവുമായ പരാമർശങ്ങൾ ചട്ടങ്ങളുടെ ലംഘനമാണെന്നു കത്തിൽ കുറ്റപ്പെടുത്തി.

 

രാജ്യസഭ നിയന്ത്രിച്ച് പി.ടി.ഉഷ

ന്യൂഡൽഹി ∙ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ഉപാധ്യക്ഷയെന്ന നിലയിൽ പി.ടി.ഉഷ രാജ്യസഭ നിയന്ത്രിച്ചു. കഴിഞ്ഞ ഡിസംബറിലാണ് ഉഷയെ സഭാധ്യക്ഷൻ ജഗ്ദീപ് ധൻകർ ഉപാധ്യക്ഷ പട്ടികയിലുൾപ്പെടുത്തിയത്. നാമനിർദേശം ചെയ്യപ്പെട്ട എംപിമാരിൽ ഉപാധ്യക്ഷയാകുന്ന ആദ്യത്തെയാളാണ് ഉഷ.

 

English Summary: Mallikarjun Kharge calls PM Modi 'Mauni Baba' 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com