കടന്നാക്രമിച്ച് പ്രധാനമന്ത്രി, തിരിച്ചടിച്ച് പ്രതിപക്ഷം

HIGHLIGHTS
  • നന്ദിപ്രമേയത്തിനുള്ള മറുപടിയിൽ കോൺഗ്രസിനെതിരെ മോദി
PM Modi | Photo: ANI, Twitter
പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ സംസാരിക്കുന്നു. (ചിത്രം: എഎൻഐ, ട്വിറ്റർ)
SHARE

ന്യൂഡൽഹി ∙ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും എതിരെ ഒളിയമ്പുകളെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി; പ്രസംഗത്തിലെവിടെയും മോദി പരാമർശിക്കാതെ പോയ ‘അദാനി’യുടെ പേര് മന്ത്രം പോലെ ഉച്ചരിച്ച് പ്രതിപക്ഷവും. നന്ദിപ്രമേയ ചർച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം നടന്ന സമയം മുഴുവൻ ‘ആക്​ഷൻ ത്രില്ലർ’ പോലെ ആവേശം നിറഞ്ഞതായിരുന്നു. 

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ മറുപടിയായിരിക്കും പ്രധാനമന്ത്രിയുടെ വാക്കുകളെന്ന് പ്രതിപക്ഷം പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ പ്രസംഗത്തെക്കുറിച്ചു പറയാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിലൂന്നിയായിരുന്നു മോദിയുടെ മറുപടി. പ്രതിപക്ഷം ഉന്നയിച്ച ഓരോ വിമർശനങ്ങൾക്കും മറുപടി പറഞ്ഞെങ്കിലും അവരെല്ലാം പരാമർശിച്ച അദാനിയുടെ പേര് അദ്ദേഹം പറഞ്ഞില്ല. നിശിതമായ വിമർശനം പരിഹാസത്തിൽപ്പൊതിഞ്ഞ് മോദി അവതരിപ്പിച്ചു. കൂട്ടിന് കവിതാശകലങ്ങളും കഥകളും.  

യുപിഎ സർക്കാർ തൊഴിലില്ലായ്മ പരിഹരിക്കാൻ നടപടികളെടുക്കാതെ നിയമം കാണിച്ച് കബളിപ്പിച്ചുവെന്നതിന് കാട്ടിൽ വേട്ടയാടാൻ പോയ 2 സുഹൃത്തുക്കളുടെ കഥയാണ് പ്രധാനമന്ത്രി പറഞ്ഞത്. തോക്ക് വാഹനത്തിൽവച്ചു പോയവർ ഇര മുൻപിൽവന്നു പെട്ടപ്പോൾ തോക്കിന്റെ ലൈസൻസ് കാണിച്ച് ഇതാ തോക്ക് എന്നു പറഞ്ഞതു പോലെ തൊഴിൽ ചോദിക്കുമ്പോൾ നിയമം കാണിച്ചു രക്ഷപ്പെടുകയായിരുന്നു യുപിഎ ചെയ്തതെന്ന് മോദി പറഞ്ഞു. 2 സുഹൃത്തുക്കൾ എന്നു പറഞ്ഞപ്പോൾ അത് അദാനിയും അങ്ങുമാണോയെന്ന് കോൺഗ്രസ് അംഗങ്ങൾ വിളിച്ചുചോദിച്ചു. 

അടിസ്ഥാനരഹിത ആരോപണങ്ങൾക്കു ജനങ്ങളാണ് തന്റെ കവചമെന്ന് മോദി പറഞ്ഞപ്പോൾ, ‘മോദി–മോദി’ എന്ന് ട്രഷറി ബെഞ്ചുകൾ ആരവം മുഴക്കി. പകരം രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷം ‘അദാനി–അദാനി’ എന്നു വിളിച്ചു പറഞ്ഞു. ഹൈവേകൾ, റെയിൽവേ, വിമാനത്താവളം എന്നിവ പ്രധാനമന്ത്രി എടുത്തു പറഞ്ഞപ്പോഴെല്ലാം അദാനിയുടെ പേരുയർന്നു. 

യുപിഎ കാലത്ത് ഭീകരാക്രമണങ്ങൾ കൊണ്ടു രാജ്യം പൊറുതിമുട്ടിയെന്ന് മോദി പറഞ്ഞു. ഇന്ത്യയെ അപമാനിക്കുകയാണെന്നാണ് പ്രതിപക്ഷം തിരിച്ചടിച്ചത്. യുപിഎ ഭരണകാലത്തെ  അഴിമതിക്കേസുകൾ മോദി എണ്ണിയെണ്ണിപ്പറഞ്ഞു. ഇതിനിടെ കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. ഇടത് എംപിമാരും കൂടെയിറങ്ങി.

English Summary: Modi attacks congress in Parliament

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.