ജനങ്ങളുടെ വിശ്വാസം എന്റെ കവചം: മോദി

HIGHLIGHTS
  • പ്രതിപക്ഷ ആരോപണങ്ങൾ ഫലിക്കില്ലെന്ന് പ്രധാനമന്ത്രി ഇഡി കാരണം പ്രതിപക്ഷത്ത് ഐക്യമെന്ന് പരിഹാസം
PM Modi | Photo: ANI, Twitter
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ ലോക്സഭയിൽ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്ലാസ്റ്റിക് ബോട്ടിൽ റീസൈക്കിൾ ചെയ്ത് ഇന്ത്യൻ ഓയിൽ കോർപറേഷൻ നിർമിച്ച ജാക്കറ്റാണ് പ്രധാനമന്ത്രി ധരിച്ചിരിക്കുന്നത്.
SHARE

ന്യൂഡൽഹി ∙ അസത്യത്തിന്റെ അസ്ത്രം കൊണ്ട് താൻ ധരിച്ചിട്ടുള്ള ജനവിശ്വാസത്തിന്റെ കവചം ഭേദിക്കാൻ ആർക്കുമാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയടക്കമുള്ളവർ ഉന്നയിച്ച ആരോപണങ്ങൾ ജനങ്ങൾ പുച്ഛിച്ചു തള്ളുമെന്ന് നന്ദിപ്രമേയ ചർച്ചയ്ക്കു മറുപടി പറയവേ അദ്ദേഹം പറഞ്ഞു. ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗത്തിനിടയിൽ തന്റെ സർക്കാരിന്റെ നേട്ടങ്ങളെടുത്തു പറഞ്ഞ അദ്ദേഹം യുപിഎ സർക്കാർ അഴിമതിയുടെ കൂടാരമായിരുന്നുവെന്നും കുറ്റപ്പെടുത്തി. 

മാധ്യമവാർത്തകളുടെ പരിലാളനയിലല്ല വളർന്നതെന്നും ജനങ്ങളാണ് തന്റെ കരുത്തെന്നും മോദി പറഞ്ഞു. ഓരോ നിമിഷവും ജനങ്ങൾക്കൊപ്പമാണ് ജീവിച്ചത്. മോദിയെ പഴിച്ചാൽ മാത്രമേ നിലനിൽപ്പുള്ളൂ എന്ന അവസ്ഥയിലാണ് ചിലർ. കാലിനടിയിലെ മണ്ണൊലിച്ചു പോയിട്ടും പ്രതിപക്ഷത്തിന് അതു മനസ്സിലാവുന്നില്ല. എന്താണ് പറ്റിയതെന്ന് പ്രതിപക്ഷം ആത്മവിമർശനം നടത്തണം. യുപിഎയുടെ 10 വർഷം ‘നഷ്ടദശക’മായിരുന്നു. 2020 മുതൽ 30 വരെയുള്ള കാലഘട്ടം ഇന്ത്യയുടെ ദശകമാണ്. ആരോപണങ്ങളല്ലാതെ പ്രതിപക്ഷത്തിന് ഒന്നുമില്ല. തിരഞ്ഞെടുപ്പിൽ തോറ്റാൽ ഇവിഎമ്മിനെ കുറ്റം പറയും. കേസ് തോറ്റാൽ കോടതിയെ പഴി പറയും. സൈന്യം ധീരത കാണിച്ചാൽ അവരെ കുറ്റം പറയും. 

ഇഡി കാരണമാണ് ഇപ്പോൾ പ്രതിപക്ഷത്ത് ഐക്യമുണ്ടാകുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അക്കാര്യത്തിൽ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടാണ്. അവരുടെ നേതാക്കൾക്ക് കഴിയാതെ പോയത് ഇഡി കാരണം സാധിച്ചു. 

ജനങ്ങൾക്ക് തന്നിലുള്ള വിശ്വാസം പ്രതിപക്ഷത്തിന് ചിന്തിക്കാവുന്നതിനപ്പുറത്താണെന്ന് മോദി പറഞ്ഞു. ചിലർ സ്വന്തം കുടുംബത്തിനു വേണ്ടി ജീവിച്ചപ്പോൾ രാജ്യത്തെ കോടിക്കണക്കിനു കുടുംബങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന മോദിയെ അവർ കൈവിടുമോ? സൗജന്യ റേഷൻ വാങ്ങുന്ന 80 കോടി ജനങ്ങൾ പ്രതിപക്ഷത്തെ വിശ്വസിക്കുമോ? തന്റെ സർക്കാരിന്റെ വിവിധ പദ്ധതികളുടെ ക്ഷേമം അനുഭവിക്കുന്ന ജനവിഭാഗങ്ങൾ എങ്ങനെ പ്രതിപക്ഷത്തെ വിശ്വസിക്കും ?– ഭരണപക്ഷത്തിന്റെ ഹർഷാരവത്തിനിടെ മോദി ചോദിച്ചു. 

ഇന്ത്യ ദുർബലമായി എന്നു പറഞ്ഞ് കരയുന്ന പ്രതിപക്ഷം തന്നെ വിദേശരാജ്യത്തെ സമ്മർദത്തിലാക്കി മോദി കരാർ വാങ്ങിക്കൊടുത്തുവെന്നും പറയുന്നു. ഇന്ത്യ ദുർബലമായിരുന്നെങ്കിൽ അതു സംഭവിക്കുമോ? ഹാർവഡ് സർവകലാശാല പഠനം നടത്തണമെന്നാണ് ചിലർ പറയുന്നതെന്ന് രാഹുലിന്റെ പേരെടുത്തു പറയാതെ മോദി പറഞ്ഞു. കോൺഗ്രസിന്റെ വളർച്ചയെയും തളർച്ചയെയും കുറിച്ച് ഹാർവഡ് സർവകലാശാല നടത്തിയ പഠനം അവരൊക്കെ വായിക്കണം. 

മോദിയുടെ മറുപടിക്കു ശേഷം നന്ദിപ്രമേയം സഭ ശബ്ദവോട്ടോടെ പാസാക്കി. ബജറ്റിന്മേലുള്ള പ്രാരംഭ ചർച്ചകൾ ലോക്സഭയിലാരംഭിച്ചു.

ഒരു ചോദ്യത്തിനും ഉത്തരം തന്നില്ല: രാഹുൽ ഗാന്ധി

അദാനിയെ സംരക്ഷിക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണെന്നും പാർലമെന്റിൽ താൻ ഉന്നയിച്ച ചോദ്യങ്ങളിൽ ഒന്നിനുപോലും അദ്ദേഹം മറുപടി നൽകിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രധാനമന്ത്രി നടുക്കത്തിലായിരുന്നു. എന്റെ ചോദ്യങ്ങളൊന്നും സങ്കീർണമായിരുന്നില്ല, സുഹൃത്തല്ലായിരുന്നുവെങ്കിൽ അദാനിക്കെതിരെ അന്വേഷണം നടത്തുമെന്ന് മോദി പറയുമായിരുന്നു. അതുണ്ടായില്ല – രാഹുൽ പറഞ്ഞു.

ചൈന അതിർത്തിയിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ചു പറയാൻ പ്രധാനമന്ത്രിക്കും ഭരണപക്ഷത്തിനും നാവില്ലെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി നന്ദിപ്രമേയ ചർച്ചയിൽ പറഞ്ഞു. ഇന്ത്യയുടെ 25 പട്രോളിങ് പോയിന്റുകൾ ചൈന കയ്യടക്കിയെന്ന ഡിജിപിമാരുടെ സമ്മേളനത്തിലെ വെളിപ്പെടുത്തലിനെക്കുറിച്ച് കേന്ദ്രസർക്കാർ പ്രതികരിക്കുന്നില്ല. 1962ൽ ചൈന ആക്രമിച്ചപ്പോൾ ജവാഹർലാൽ നെഹ്റു സഭാ സമ്മേളനം വിളിച്ച് കാര്യങ്ങൾ വിശദീകരിച്ചിരുന്നു. 

ഇന്ത്യയുടെ സ്ഥലം ചൈന കയ്യടക്കിയ ശേഷമാണ് നെഹ്റു സമ്മേളനം വിളിച്ചതെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞപ്പോൾ 2000 ചതുരശ്ര കിലോമീറ്റർ സ്ഥലം ഇപ്പോൾ ചൈന പിടിച്ചെന്നും ലഡാക്കിലേക്ക് സർവകക്ഷിസംഘത്തെ കൊണ്ടുപോകാൻ ധൈര്യമുണ്ടോയെന്നും അധീർ ചോദിച്ചു.

പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ആരോപണങ്ങളുന്നയിക്കരുതെന്ന് അമിത് ഷാ പറഞ്ഞു.

English Summary: Trust of people my protective shield: Modi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.