മുംബൈ ∙ മോഹിനിയാട്ടത്തിന് രാജ്യാന്തരപ്രശസ്തി നേടിക്കൊടുത്ത വിഖ്യാത നർത്തകി ഡോ. കനക് റെലെ (85) അന്തരിച്ചു. സംസ്കാരം നടത്തി. മുംബൈയിലെ നളന്ദ ഡാൻസ് റിസർച് സെന്ററിന്റെയും നളന്ദ നൃത്യകലാ മഹാവിദ്യാലയത്തിന്റെയും സ്ഥാപകയാണ്. കഥകളിയിലും വിദഗ്ധയാണ്.

1937ൽ ഗുജറാത്തിൽ ജനിച്ച കനക് റെലെ അച്ഛന്റെ മരണത്തെത്തുടർന്ന് ബാല്യത്തിൽ കൊൽക്കത്ത ശാന്തിനികേതനിലെത്തിയതാണു വഴിത്തിരിവായത്. അവിടെവച്ച് മോഹിനിയാട്ടത്തിലും കഥകളിയിലും ആകൃഷ്ടയായി. 1977ൽ നൃത്തത്തിൽ പിഎച്ച്ഡി നേടി. മോഹിനിയാട്ടത്തിൽ തനതു ശൈലിയും വികസിപ്പിച്ചു. മുംബൈ സർവകലാശാലയിൽ നിയമബിരുദവും മാഞ്ചസ്റ്ററിൽനിന്ന് ഇന്റർനാഷനൽ ലോയിൽ ഡിപ്ലോമയും എടുത്തിട്ടുണ്ട്.
പത്മഭൂഷൺ, പത്മശ്രീ, സംഗീതനാടക അക്കാദമി പുരസ്കാരം, കാളിദാസ സമ്മാൻ, എം.എസ്.സുബ്ബലക്ഷ്മി പുരസ്കാരം തുടങ്ങിയവ ലഭിച്ചു. മോഹിനിയാട്ടം- ദ് ലിറിക്കൽ ഡാൻസ്, എ ഹാൻഡ് ബുക് ഓഫ് ക്ലാസിക്കൽ ഡാൻസ് ടെർമിനോളജി, ഭാവനിരൂപണ- ഓൺ ഇന്ത്യൻ സിസ്റ്റം ഓഫ് അഭിനയ തുടങ്ങിയ പുസ്തകങ്ങൾ ശ്രദ്ധേയമാണ്.
ബാങ്ക് ഓഫ് ഇന്ത്യ റിട്ട. ഉദ്യോഗസ്ഥൻ യതീന്ദ്ര റെലെയാണു ഭർത്താവ്. മകൻ: രാഹുൽ (നളന്ദ ഡാൻസ് റിസർച് സെന്റർ പ്രസിഡന്റ്). മരുമകൾ: ഉമ (നളന്ദ നൃത്യകലാ മഹാവിദ്യാലയം പ്രിൻസിപ്പൽ).
English Summary: Classical dance legend Kanak Rele passes away in Mumbai