ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചവരുടെ ഭാര്യമാർ രാജസ്ഥാനിലെ ജയ്പുരിൽ നടത്തുന്ന സമരത്തെ അനുകൂലിച്ച് ബിജെപി നടത്തിയ പ്രകടനം സംഘർഷത്തിൽ കലാശിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വസതിയിലേക്കു പ്രകടനമായി നീങ്ങിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. കല്ലെറിഞ്ഞവരെ ലാത്തിച്ചാർജ് ചെയ്തു. ഈ വർഷമവസാനം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന രാജസ്ഥാനിൽ പുൽവാമ വിഷയം സർക്കാരിനെതിരെ രാഷ്ട്രീയായുധമാക്കാനാണു ബിജെപിയുടെ ശ്രമം. കഴിഞ്ഞ ദിവസം നടന്ന മറ്റൊരു പ്രതിഷേധ പ്രകടനത്തിനിടെ ബിജെപി നേതാവ് കിരോഡി ലാൽ മീണയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

പുൽവാമയിൽ വീരമൃത്യു വരിച്ചവരുടെ ബന്ധുക്കൾക്കു സർക്കാർ ജോലി ലഭിക്കാൻ വഴിയൊരുക്കും വിധം നിയമത്തിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 28 മുതൽ സമരം നടക്കുകയാണ്. വീരമൃത്യു വരിച്ചവരുടെ മക്കൾക്കു മാത്രം ജോലി എന്ന വ്യവസ്ഥ ഭേദഗതി ചെയ്യണമെന്നാണ് ആവശ്യം. ഇവരെ കാണാൻ ഗെലോട്ട് വിസമ്മതിച്ചു. അതേസമയം, മക്കൾക്കു മാത്രം ജോലി എന്ന നയത്തെ പിന്തുണയ്ക്കുന്നവരെ കാണുകയും ചെയ്തു. 

‘വിഷയം നന്നായി കൈകാര്യം ചെയ്യാമായിരുന്നു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിലും സമരക്കാരെ നേരിൽ കാണാനും അവരെ കേൾക്കാനും തയാറാകണം. വിഷയം രാഷ്ട്രീയവൽക്കരിക്കരുത്. കാരണം, ഏതെങ്കിലും പ്രത്യേക സമുദായത്തിനു വേണ്ടിയല്ല നമ്മുടെ സേനാംഗങ്ങൾ പോരാടുന്നത്’– ഗെലോട്ടിനെ ഉന്നമിട്ട് സംസ്ഥാന രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ എതിരാളിയായ കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് പറഞ്ഞു.

പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ സിആർപിഎഫ് ജവാൻമാരുടെ ഭാര്യമാർ രാജസ്ഥാനിലെ ജയ്പൂരിൽ നടത്തിയ പ്രതിഷേധം. ബിജെപി എംപി കിരോരി ലാൽ മീന സമീപം. ചിത്രം: പിടിഐ
പുൽവാമ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ സിആർപിഎഫ് ജവാൻമാരുടെ ഭാര്യമാർ രാജസ്ഥാനിലെ ജയ്പൂരിൽ നടത്തിയ പ്രതിഷേധം. ബിജെപി എംപി കിരോരി ലാൽ മീന സമീപം. ചിത്രം: പിടിഐ

English Summary: BJP holds massive protest in Jaipur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com