ADVERTISEMENT

ചെന്നൈ ∙ ബംഗാൾ ഉൾക്കടലിന്റെ തീരപ്രദേശമായ കൊട്ടിവാക്കത്ത് ഹരിത സാഗരമൊരുക്കി മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് പ്രൗഢ സമാപനം. വൈഎംസിഎ മൈതാനം തിങ്ങിനിറഞ്ഞ് സമീപത്തെ ഒഎംആർ റോഡിലേക്കൊഴുകിയ ജനസഞ്ചയം പാർട്ടിയുടെ കരുത്തിന്റെ വിളംബരമായി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെല്ലാം പ്രവർത്തകരെത്തിയെങ്കിലും ഭൂരിഭാഗവും കേരളത്തിൽനിന്നായിരുന്നു. സ്പെഷൽ ട്രെയിനിലും വാഹനങ്ങളിലുമായി കേരളത്തിൽനിന്നെത്തിയ പ്രവർത്തകർ പച്ചപ്പതാകയുമായി രാവിലെ മുതൽ വൈഎംസിഎ മൈതാനത്തേക്കൊഴുകി.

പ്രതിസന്ധി ഘട്ടത്തിൽ പാർട്ടിക്ക് വഴികാട്ടിയ സ്ഥാപക പ്രസിഡന്റ് ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിലിന്റെ കബറിടത്തിൽ പ്രാർഥന നടത്തിയാണ് സമാപന ദിവസത്തെ പരിപാടികൾ തുടങ്ങിയത്. 221 വർഷത്തിന്റെ ചരിത്രമുള്ള രാജാജി ഹാളിൽ പിന്നീട് രൂപീകരണ യോഗത്തിന്റെ പുനരാവിഷ്കരണ സംഗമം. അഞ്ഞൂറിൽ താഴെ പേർക്കു മാത്രം പങ്കെടുക്കാൻ സൗകര്യമുള്ള രാജാജി ഹാളിൽ പാർട്ടി പ്രവർത്തകരുടെ ആവേശം തിക്കിത്തിരക്കി.

ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ് പ്രവർത്തകർ പങ്കെടുത്ത ഗ്രീൻ പരേഡോടെയാണ് കൊട്ടിവാക്കത്തെ സമാപന സമ്മേളനത്തിനു തുടക്കമായത്. പിന്നീട് നയപ്രഖ്യാപന പ്രസംഗങ്ങൾ. അസ്മതയം അടുക്കുംതോറും വൈഎംസിഎ മൈതാനത്തെ ജനക്കൂട്ടത്തിന്റെ വലുപ്പമേറി. നേതാക്കളുടെ പ്രസംഗത്തിനിടെ, കടലിലെ തിരമാല പോലെ ജനക്കൂട്ടത്തിനിടയിൽനിന്നു പച്ചപ്പതാകകൾ പാറി. വേദിയിലെ ആവേശത്തിനു മുദ്രാവാക്യം പ്രത്യഭിവാദ്യമായി. മുഖ്യാതിഥിയായ എം.കെ.സ്റ്റാലിൻ എത്തിയപ്പോഴേക്കും ആവേശത്തിന്റെ അലകടലായി വൈഎംസിഎ മൈതാനം മാറിയിരുന്നു.

 

പല ഭാഷ, വികാരം ഒന്ന്

ചെന്നൈ ∙ ഓർമകൾ തക്ബീർ മുഴക്കി, ആവേശം സിന്ദാബാദ് വിളിച്ചു. ഓരോ കോണിലും ചരിത്രം തുടിച്ചുനിൽക്കുന്ന ചെന്നൈ രാജാജി ഹാൾ പ്രകമ്പനം കൊണ്ടു. 75 വർഷത്തിനു ശേഷം മുസ്‌ലിം ലീഗ് പിറവികൊണ്ട വേദിയിലേക്കു തിരിച്ചെത്തിയപ്പോൾ അത് പാർട്ടി ചരിത്രത്തിലെ സുവർണ ലിപികളിൽ എഴുതിയ അധ്യായമായി മാറി. രാജ്യത്തിന്റെ വൈവിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി 9 ഭാഷകളിൽ പ്രതിനിധികൾ പ്രതിജ്ഞയെടുത്തു. ഭാഷകൾ പലതായിരുന്നുവെങ്കിലും അവയിലടങ്ങിയ വികാരം ഒന്നായിരുന്നു.‘ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച്, അഭിമാനകരമായ അസ്തിത്വമെന്ന പാർട്ടി ആദർശവുമായി മുന്നോട്ടു പോകും’.

1948 മാർച്ച് 10 ഒരു ബുധനാഴ്ചയായിരുന്നു. ഇന്നലെ വെള്ളിയാഴ്ച. രാജാജി ഹാളിനു വലിയ മാറ്റമൊന്നും സംഭവിച്ചില്ലെങ്കിലും 75 വർഷംകൊണ്ട് ലീഗ് ഒരുപാട് മാറി. അന്ന് ഹാളിൽ കൂടിയിരുന്നത് 51 പേരായിരുന്നു. പാർട്ടി വേണോ വേണ്ടയോ എന്നതായിരുന്നു ചർച്ച. ഇന്നലെ ഹാൾ തിങ്ങിനിറഞ്ഞ് അഞ്ഞൂറോളം പേരുണ്ടായിരുന്നു. പാർട്ടിയുടെ കരുത്ത് വിളിച്ചോതി പുറത്ത് ആയിരങ്ങൾ. ചരിത്രത്തിന്റെ സാക്ഷികളായി ചുമരിൽ പെരിയോറും നെഹ്റുവും അണ്ണാദുരൈയും രാജാജിയും. ചുമരിൽ ചിത്രമില്ലെങ്കിലും ഹാളിൽ കൂടിയവരുടെയെല്ലാം മനസ്സിൽ നക്ഷത്ര ശോഭയോടെയുണ്ടായിരുന്നത് ഒറ്റ ചിത്രമാണ്– പാർട്ടി സ്ഥാപകൻ ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്‌മായിൽ സാഹിബിന്റെ.

 ലീഗ് നിലനിർത്തണമെന്ന ചരിത്രപ്രധാനമായ പ്രമേയം 1948ൽ അവതരിപ്പിച്ചത് കുറ്റിപ്പുറത്തുകാരനായ പി.കെ.മൊയ്തീൻകുട്ടിയായിരുന്നു. ഇന്നലെ മലയാളത്തിൽ ആദ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത് കുറ്റിപ്പുറം മണ്ഡലത്തെ മുൻപ് പ്രതിനിധീകരിച്ചിട്ടുള്ള അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടിയും. ഇംഗ്ലിഷിൽ ഇ.ടി.മുഹമ്മദ് ബഷീറും ഉറുദുവിൽ എം.പി.അബ്ദുസ്സമദ് സമദാനിയും പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

പാർട്ടി കടന്നുവന്ന വഴികൾ വിവരിക്കുമ്പോൾ വികാരത്തള്ളിച്ചയിൽ അഖിലേന്ത്യാ പ്രസിഡന്റ് ഖാദർ മൊയ്തീൻ പലതവണ മുദ്രാവാക്യം മുഴക്കി. പല ഭാഷകളിൽ പ്രത്യഭിവാദ്യം വന്നു. പാർട്ടിയുടെ കരുത്തിന്റെ അടയാളമായി ഏറ്റവും ഉച്ചത്തിൽ മുഴങ്ങിയത് മലയാളമായിരുന്നു.

 

മലയാളം പറഞ്ഞ് കയ്യടി നേടി സ്റ്റാലിൻ

 

ചെന്നൈ ∙ ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിൽ മലയാളികളുടെ കയ്യടി നേടി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘ഈ പരിപാടിയിൽ പങ്കെടുക്കാൻ കേരളത്തിൽനിന്നു വന്നിട്ടുള്ള പ്രിയപ്പെട്ട മലയാളികൾക്ക് വണക്കം’ എന്നു പറഞ്ഞുകൊണ്ടാണ് സ്റ്റാലിൻ പ്രസംഗം തുടങ്ങിയത്. സ്റ്റാലിന്റെ പ്രസംഗം തുടങ്ങിയപ്പോൾത്തന്നെ പതിനായിരക്കണക്കിന് മലയാളികൾ ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റ് കരഘോഷം മുഴക്കി. സ്റ്റാലിൻ പ്രസംഗം അവസാനിപ്പിച്ചതും മലയാളത്തിലായിരുന്നു. മതം കൊണ്ട് വിദ്വേഷം വളർത്തുന്നവരെ ചെറുക്കാൻ നമ്മൾ എല്ലാവരും ഒരുമിച്ചു നിൽക്കണം എന്നായിരുന്നു വാക്കുകൾ. പിതാവും മുൻ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയും മുസ്‌ലിം സഹോദരങ്ങളും തമ്മിലുണ്ടായിരുന്ന ആത്മബന്ധം വെളിവാക്കിയ പല സന്ദർഭങ്ങളും സ്റ്റാലിൻ അനുസ്മരിച്ചു

 

 

English Summary: Muslim League platinum jubilee concludes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com