ചണ്ഡിഗഡ് ∙ പഞ്ചാബ് വിദ്യാഭ്യാസമന്ത്രി ഹർജോത് ബെയ്ൻസിന് പൊലീസ് സൂപ്രണ്ട് ജ്യോതി യാദവ് വധു. വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു. ഭരണകക്ഷിയായ ആം ആദ്മിയുടെ ദക്ഷിണ ലുധിയാന എംഎൽഎ രജീന്ദപാർ കൗൾ ഛിന്നയുമായി ഉരസി കഴിഞ്ഞ ജൂലൈയിൽ വിവാദങ്ങളിൽ നിറഞ്ഞ ഐപിഎസ് ഓഫിസറും ആം ആദ്മി മന്ത്രിയും തമ്മിലുള്ള വിവാഹം വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്.
തന്നെ മുൻകൂട്ടി അറിയിക്കാതെ മണ്ഡലത്തിൽ തിരച്ചിൽ നടത്തിയതിനെതിരെയാണ് ഛിന്ന രംഗത്തുവന്നത്. പൊലീസ് കമ്മിഷണറുടെ നിർദേശപ്രകാരമാണ് തിരച്ചിൽ നടത്തിയതെന്നും ജനപ്രതിനിധിയാണെങ്കിലും മോശം പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്നുമുള്ള ഉറച്ച നിലപാടാണ് അന്ന് ജ്യോതി യാദവ് എടുത്തത്. പിന്നീട്, ലുധിയാന എസിപിയായി നിയോഗിക്കപ്പെട്ട ജ്യോതിയെ അടുത്തിടെയാണ് മാൻസയിൽ എസ്പി ആയി നിയമിച്ചത്. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയായ ജ്യോതി ഡെന്റിസ്റ്റ് കൂടിയാണ്.
Read also: എനിക്കും ശ്വാസം മുട്ടുന്നു; രാത്രിയിൽ ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല: മമ്മൂട്ടി
ആം ആദ്മി പാർട്ടിയിൽ സന്നദ്ധ പ്രവർത്തകനായി ചേർന്ന ബെയ്ൻസ് 2016 ൽ പാർട്ടിയുടെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റായി. സ്വദേശമായ അനന്തപ്പുർ സാഹിബ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസിന്റെ റാണ കെ.പി.സിങ്ങിനെ പരാജയപ്പെടുത്തി എംഎൽഎയായി. ആം ആദ്മി മന്ത്രിസഭയിലെ രണ്ടാമത്തെ വിവാഹമാണിത്. മുഖ്യമന്ത്രി ഭഗവന്ത് മാനും ഡോ.ഗുർപ്രീത് കൗറും തമ്മിലുള്ള വിവാഹം കഴിഞ്ഞ ജൂലൈയിലായിരുന്നു.
English Summary: AAP Punjab Minister Harjot Singh Bains To Marry Senior Police Officer Jyoti Yadav