ADVERTISEMENT

ന്യൂഡൽഹി ∙ യുഎസിലെ സിലിക്കൺ വാലി ബാങ്കിന്റെ (എസ്‍വിബി) തകർച്ചയുടെ ആഘാതം വിലയിരുത്താനായി കേന്ദ്ര ഐടി മന്ത്രാലയം ഈയാഴ്ച ഇന്ത്യൻ സ്റ്റാർട്ടപ് ഉടമകളുടെ യോഗം വിളിക്കും. യുഎസിൽ പ്രവർത്തനമുള്ള മലയാളി സംരംഭങ്ങൾ അടക്കം മിക്ക സ്റ്റാർട്ടപ്പുകൾക്കും സിലിക്കൺ വാലി ബാങ്കിലാണ് അക്കൗണ്ട്. ഇവരുടെ പണം മരവിച്ച അവസ്ഥയിലാണ്. ശമ്പളം അടക്കമുള്ള ദൈനംദിന ചെലവുകൾക്കു വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ് പല കമ്പനികളും.

സ്റ്റാർട്ടപ് ഉടമകൾ പലരും ആശങ്ക പങ്കുവച്ചതോടെയാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ യോഗം വിളിച്ചത്. എസ്‍വിബിയുടെ ഓൺലൈൻ ബാങ്കിങ് സേവനം അടക്കം മരവിപ്പിച്ചിരിക്കുകയാണ്. സ്വന്തം നിക്ഷേപം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ പോലും അക്കൗണ്ടുള്ളവർക്കു ലഭ്യമല്ലെന്നു ചുരുക്കം.

യുഎസിലെ പല കമ്പനികളും മാസത്തിൽ 2 തവണയായിട്ടാണു ശമ്പളം നൽകുന്നത്. അക്കൗണ്ട് മരവിച്ചതിനാൽ യുഎസിൽ ജീവനക്കാരുള്ള കമ്പനികൾക്ക് 15 നു നൽകേണ്ട ഗഡു മുടങ്ങാം. ഇതിന്റെ പ്രത്യാഘാതം മറ്റു മേഖലകളിലും പ്രതിഫലിക്കുമെന്നാണ് ആശങ്ക. റിസീവറായി നിയമിച്ചിരിക്കുന്ന ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻ‍സ് കോർപറേഷന്റെ (എഫ്ഡിഐസി) നിർദേശമനുസരിച്ച് ഇന്നു വൈകിട്ടോടെ ഓൺലൈൻ ബാങ്കിങ് സേവനം പുനരാരംഭിച്ചേക്കുമെന്നാണു സൂചന.

English Summary: Silicon valley bank closure crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com