ADVERTISEMENT

ന്യൂഡൽഹി ∙ സേനകളിൽ നിന്നു വിരമിച്ചവർക്ക് ‘ഒരേ റാങ്ക്, ഒരേ പെൻഷൻ’ പദ്ധതിപ്രകാരമുള്ള കുടിശിക മാർച്ച് 15നു മുൻപു നൽകണമെന്ന ഉത്തരവു നിലനിൽക്കെ, ഇതു 4 ഘട്ടമായി നൽകുമെന്നു വിജ്ഞാപനമിറക്കിയ പ്രതിരോധ മന്ത്രാലയത്തിനു സുപ്രീം കോടതിയുടെ നിശിത വിമർശനം. നിയമലംഘനം അനുവദിക്കില്ലെന്നു താക്കീതു ചെയ്ത കോടതി, കുടിശിക നൽകുന്നതിനു കൂടുതൽ സമയം ചോദിച്ച മന്ത്രാലയത്തോട് നേരത്തേയിറക്കിയ ഉത്തരവു പിൻവലിച്ച ശേഷം ആവശ്യമുന്നയിക്കാൻ നിർദേശിച്ചു. ഹർജി ഈ മാസം 20നു വീണ്ടും പരിഗണിക്കും. 

മാർച്ച് 15നു മുൻപ് കുടിശിക തീർക്കണമെന്നു ജനുവരി 9ന് ആണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. ഇതു പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സർക്കാർ കോടതിയെ സമീപിച്ചു. ഇതിനിടെ, തുക 4 തവണയായി മാത്രമേ നൽകാൻ കഴിയൂ എന്നു ജനുവരി 20നു വിജ്ഞാപനമിറക്കി. ഇതാണു കോടതിയുടെ അതൃപ്തിക്കിടയാക്കിയത്. 

കുടിശിക ഉടൻ തീർക്കുമെന്നും ആദ്യ ഗഡു മാർച്ച് 31നുള്ളിൽ നൽകുമെന്നും അറ്റോർണി ജനറൽ ആർ.വെങ്കിട്ടരമണി അറിയിച്ചു. ഇക്കാര്യത്തിൽ നേരിട്ടു മേൽനോട്ടം വഹിക്കുന്നുണ്ടെന്നു പറഞ്ഞ അദ്ദേഹം നടപടികളിലെ പ്രയാസം അറിയിച്ചു. 25 ലക്ഷം പെൻഷൻകാരുണ്ടെന്നും ഇവരിൽ 7 ലക്ഷം പേരുടേതു തീർപ്പാക്കിയെന്നും വ്യക്തമാക്കി. എന്നാൽ, പെൻഷനു വേണ്ടിയുള്ള കാത്തിരിപ്പിനിടെ 4 ലക്ഷം പേർ മരിച്ച കാര്യം ഹർജിക്കാർ ആവർത്തിച്ചു. 4 തവണയാണ് സമയം നീട്ടിവാങ്ങിയത്. തുടർന്നു കുടിശിക വിതരണത്തിന്റെ മുഴുവൻ വിശദാംശങ്ങളും അറിയിക്കാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഒരേ റാങ്ക്, ഒരേ പെൻഷൻ പദ്ധതിക്കായി കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നയവും നടപ്പാക്കുന്ന രീതിയും സുപ്രീം കോടതി കഴിഞ്ഞ മാർച്ചിൽ ശരിവച്ചിരുന്നു. 

English Summary: ‘Ex-Army Personnel Must Get Paid’: SC Expresses Concerns Over Pension Dues Under OROP Scheme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com