ADVERTISEMENT

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധി ലണ്ടനിൽ നടത്തിയ പരാമർശങ്ങളെച്ചൊല്ലിയുള്ള ബഹളത്തിൽ രണ്ടാംദിനവും പാർലമെന്റിലെ ഇരുസഭകളിലെയും നടപടികൾ തടസ്സപ്പെട്ടു. 

ഇന്ത്യയെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തിയതിനു രാഹുൽ മാപ്പു പറയണമെന്നാണ് ഭരണപക്ഷത്തിന്റെ ആവശ്യം. ലോക്സഭയിൽ ഇന്നലെ കോൺഗ്രസ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിദേശ രാജ്യങ്ങളിൽ നടത്തിയ പരാമർശങ്ങൾ പ്ലക്കാർഡുകളായി ഉയർത്തിയാണു തിരിച്ചടിച്ചത്. ഒപ്പം അദാനി–ഹിൻഡൻബർഗ് വിഷയത്തിൽ സംയുക്ത പാർലമെന്ററി അന്വേഷണവും ആവശ്യപ്പെട്ടു. ഈ വിഷയം മറച്ചുവയ്ക്കാനാണ് രാഹുൽ ഗാന്ധിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണമുന്നയിക്കുന്നതെന്ന് കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. 

ഇന്നലെ ലോക്സഭാ നടപടികൾ ആരംഭിച്ചയുടനെ ബിജെപി അംഗങ്ങളും പ്രതിപക്ഷാംഗങ്ങളും മുദ്രാവാക്യം വിളികളുമായി എഴുന്നേറ്റു. മോദിയുടെ പരാമർശങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലേക്കിറങ്ങാതെ വഴിയിൽനിന്ന് മുദ്രാവാക്യം വിളിച്ചു. സഭയുടെ അന്തസ്സു പാലിക്കണമെന്ന സ്പീക്കറുടെ അഭ്യർഥന ബഹളത്തിൽ മുങ്ങി. സഭ 2 മണിവരെ നിർത്തിവച്ചു. തുടർ‌ന്നു നടപടികൾ പൂർത്തിയാക്കി പിരിഞ്ഞു. 

രാജ്യസഭയിലും സമാന രംഗങ്ങളുണ്ടായി. പ്രശ്നം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിക്കുമെന്ന് ചെയർമാൻ ജഗ്ദീപ് ധൻകർ പറഞ്ഞു. ഓസ്കർ ജേതാക്കളെ സഭ ഒറ്റക്കെട്ടായി അഭിനന്ദിച്ചെങ്കിലും രാഹുൽ ഗാന്ധി മാപ്പുപറയണമെന്ന വിഷയം മന്ത്രി പീയൂഷ് ഗോയൽ ആവർത്തിച്ചതോടെ ബഹളം തുടങ്ങി. 

English Summary: Parliament proceeding interrupted on the second day also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com