ADVERTISEMENT

കൊൽക്കത്ത ∙ ബംഗാളിൽ സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനം, പുനർനിയമനം, കാലാവധി നീട്ടൽ തുടങ്ങിയവയ്ക്കു സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നു കൽക്കട്ട ഹൈക്കോടതി വ്യക്തമാക്കി. 29 സർവകലാശാലകളിലെ വിസിമാരെ ഒഴിവാക്കാൻ നിർദേശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജർഷി ഭരദ്വാജ് എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം. 

പശ്ചിമ ബംഗാൾ സർവകലാശാലാ നിയമത്തിലെ ഭേദഗതിയിലൂടെ 2012-14 കാലത്തു നിയമിച്ചതോ പുനർനിയമിച്ചതോ ആയ വിസിമാരെ ഒഴിവാക്കാനാണ് ഉത്തരവിട്ടത്. നിയമാനുസൃതമായി മാത്രമേ വിസിമാരെ നിയമിക്കാനാകൂവെന്നും പൊതുതാൽപര്യ ഹർജിയിലെ വിധിയിൽ കോടതി വ്യക്തമാക്കി. 

യുജിസി ചട്ടപ്രകാരം (2018) വിസിമാരെ നിയമനത്തിനു സേർച് കമ്മിറ്റിയുണ്ട്. യുജിസി, സർവകലാശാലാ പ്രതിനിധികളും ഗവർണർ ശുപാർശ ചെയ്യുന്നയാളും ചേർന്നതാണ് സേർച് കമ്മിറ്റി. ഇതു മറികടക്കാൻ ബംഗാൾ സർക്കാർ സർവകലാശാലാ നിയമത്തിൽ ഭേദഗതി കൊണ്ടുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിയമനങ്ങളും തുടർന്നു. നിലവിലെ ഉപരാഷ്ട്രപതി ജഗദീപ് ധൻകർ ബംഗാൾ ഗവർണറായിരിക്കെ വിഷയത്തിൽ അതൃപ്തി ഉന്നയിച്ചിരുന്നു. ഗവർണറുടെ നിയമനാധികാരത്തെ മറികടക്കാൻ കൊണ്ടുവന്ന ഭേദഗതി ശരിയല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 

വിധി കേരളത്തിലും പ്രസക്തം

തിരുവനന്തപുരം ∙ യുജിസി ചട്ടങ്ങൾ പാലിക്കാത്തതിന്റെ പേരിൽ ബംഗാളിലെ 29 സർവകലാശാലകളിലെ വിസി നിയമനം റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി കേരളത്തിലും പ്രസക്തമാണ്. സാങ്കേതിക സർവകലാശാലാ വിസി ഡോ. എം.എസ്.രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനെത്തുടർന്ന് യുജിസി ചട്ടം ലംഘിച്ചു നിയമിക്കപ്പെട്ട എല്ലാ വിസിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണംകാണിക്കൽ നോട്ടിസ് നൽകിയിരുന്നു. എന്നാൽ, തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു. യുജിസി ചട്ടത്തിനു വിരുദ്ധമായി സേർച് കമ്മിറ്റി രൂപീകരിച്ചതും വിസി നിയമനത്തിനായി പാനലിനു പകരം ഒരു പേരു മാത്രം സമർപ്പിച്ചതുമാണ് ഗവർണറുടെ നോട്ടിസിൽ ചൂണ്ടിക്കാട്ടിയത്. 

നോട്ടിസ് ലഭിച്ചവരിൽ കേരള, മലയാള സർവകലാശാലാ വിസിമാർ കാലാവധി പൂർത്തിയാക്കി വിരമിച്ചു. കുസാറ്റ്, എംജി വിസിമാർ ഏപ്രിൽ, മേയ് മാസങ്ങളിൽ വിരമിക്കും. കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനിടെ കാലിക്കറ്റ്, കുസാറ്റ്, എംജി, സംസ്കൃത സർവകലാശാലകളിലെ വിസിമാർക്കെതിരെയുള്ള ക്വോവാറന്റോ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

English Summary: Calcutta High Court says State has no power to appoint, reappoint, extend tenure of Vice Chancellors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com