പാർലമെന്റ് മൂന്നാം ദിവസവും സ്തംഭിച്ചു

Parliament House complex (Photo: PTI Photo/Manvender Vashist)
പാർലമെന്റ് മന്ദിരം (Photo: PTI Photo/Manvender Vashist)
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തെപ്പറ്റിയുള്ള ഭരണപക്ഷ ബഹളവും അദാനി വിഷയത്തിലെ ജെപിസി അന്വേഷണമാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധവും പാർലമെന്റിന്റെ ഇരുസഭകളെയും തുടർച്ചയായ മൂന്നാം ദിവസവും സ്തംഭിപ്പിച്ചു. ലോക്സഭയിൽ സ്പീക്കർ എത്തിയ ഉടൻ ഭരണപക്ഷാംഗങ്ങൾ രാഹുൽഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യം വിളി തുടങ്ങി. അദാനി വിഷയത്തിൽ ജെപിസി അന്വേഷണാവശ്യം എഴുതിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷവും രംഗത്തെത്തി. 

സഭയിലുണ്ടായിരുന്ന മന്ത്രി പീയൂഷ് ഗോയൽ സഭയെയും രാജ്യത്തെയും രാഹുൽഗാന്ധി അപമാനിച്ചുവെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ടതോടെ ബഹളം രൂക്ഷമായി. തുടർന്ന് 2 വരെ നിർത്തിവച്ചു. അതിനു ശേഷം ചേർന്നപ്പോഴും ഇരുപക്ഷവും ബഹളം തുടർന്നു. അതോടെ സഭ പിരിഞ്ഞതായി സ്പീക്കർ പ്രഖ്യാപിച്ചു. 

ലോക്സഭയിൽ ബഹളത്തിനിടെ ഇന്റ‍ർസർവീസസ് (കമാൻഡ്, കൺട്രോൾ, ഡിസിപ്ലിൻ) ബിൽ പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അവതരിപ്പിച്ചു. 

രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗെയെ ചെയർമാൻ ജഗ്ദീപ് ധൻകർ പ്രസ്താവനയ്ക്കു ക്ഷണിച്ചപ്പോൾ ബിജെപി ബെഞ്ചുകൾ ബഹളമുണ്ടാക്കി. സഭയിലല്ലാതെ എവിടെ പറയുമെന്നും അംഗങ്ങൾ മര്യാദ പാലിക്കണമെന്നും ചെയർ പറഞ്ഞെങ്കിലും വഴങ്ങിയില്ല.

English Summary : Parliament stucked for the third day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.