എംപി ഫണ്ട്: എസ്‌സി–എസ്ടി വിഹിതം നിർബന്ധമാക്കുന്ന വ്യവസ്ഥ വീണ്ടും

SHARE

ന്യൂഡൽഹി ∙ പാർലമെന്റ് അംഗങ്ങളുടെ പ്രാദേശിക വികസന ഫണ്ടിന്റെ നിശ്ചിത ഭാഗം പട്ടിക ജാതി - വർഗ മേഖലയ്ക്കു മാറ്റിവയ്ക്കണമെന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ പുനഃസ്ഥാപിച്ചു. ഫണ്ടിന്റെ 15% പട്ടികജാതി (എസ്‍സി) മേഖലയിലും 7.5% പട്ടികവർഗ (എസ്ടി) മേഖലയിലും ചെലവഴിക്കണമെന്ന വ്യവസ്ഥ  കഴിഞ്ഞ ഫെബ്രുവരി 22നു പുതുക്കിയ മാർഗരേഖയിൽ നിർബന്ധമല്ലാതാക്കിയിരുന്നു. ഇതിനെതിരെ ജോൺ ബ്രിട്ടാസ് കത്തു നൽകിയിരുന്നു. 

ഈ വ്യവസ്ഥയിലൂടെ 1.12 കോടി രൂപയാണ് ഓരോ എംപിയും എസ്‍സി–എസ്ടി മേഖലയിൽ ലഭ്യമാക്കുന്നത്. വ്യവസ്ഥ ഒഴിവാക്കുന്നത് എസ്‍സി–എസ്ടി മേഖലകളിലെ വികസനത്തെ കാര്യമായി ബാധിക്കുമെന്നു വിമർശനമുയർന്നിരുന്നു.

∙എയ്ഡഡ് സ്ഥാപനങ്ങൾക്ക് ഫണ്ട് നൽകാം

സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളെ എംപി ഫണ്ട് പരിധിയിൽനിന്ന് ഒഴിവാക്കിയ വ്യവസ്ഥയും റദ്ദാക്കി. ഫെബ്രുവരി 22നു പുറത്തിറക്കിയ മാർഗരേഖ പ്രകാരം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംപി ഫണ്ട് ഉപയോഗിച്ചു വികസനപ്രവർത്തനങ്ങൾ നടത്താൻ കഴിയുമായിരുന്നില്ല. എയ്ഡഡ് സ്ഥാപനങ്ങളേറെയുള്ള കേരളമുൾപ്പെടെ സംസ്ഥാനങ്ങൾക്ക് ഈ നീക്കം തിരിച്ചടിയായിരുന്നു. എന്നാൽ, ഈ വ്യവസ്ഥ റദ്ദാക്കിയതോടെ എംപി ഫണ്ട് ഉപയോഗിച്ച് ഈ സ്ഥാപനങ്ങളിൽ വികസനപ്രവർത്തനം നടത്താം. സഹകരണസംഘങ്ങൾ ഫണ്ട് പരിധിയിൽ വരുമെങ്കിലും സഹകരണ ഹൗസിങ് സൊസൈറ്റികൾ ഇതിൽപെടില്ലെന്നു പുതുക്കിയ മാർഗരേഖയിലുണ്ട്.

English Summary : MP fund to sc- st category

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.