2 സഭ, 3 മിനിറ്റ് ! പാർലമെന്റ് ചേരുന്നു, അവസാനിക്കുന്നു

Parliament House complex (Photo: PTI Photo/Manvender Vashist)
പാർലമെന്റ് മന്ദിരം (Photo: PTI Photo/Manvender Vashist)
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ പ്രസംഗവും അദാനി വിഷയവും ചേർന്ന് ഭരണ–പ്രതിപക്ഷങ്ങളുടെ ബഹളത്തിൽ ലോക്സഭയും രാജ്യസഭയും ഇന്നലെ പ്രവർത്തിച്ചത് ആകെ 3 മിനിറ്റ്. ഇരു സഭകളിലും ഭരണകക്ഷിയും പ്രതിപക്ഷവും മുദ്രാവാക്യങ്ങളുയർത്തി. ഇന്നലെ രാവിലെയും രാഹുൽ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ഭരണപക്ഷ ബെഞ്ചുകൾ മുദ്രാവാക്യം വിളിച്ചു. 

അദാനിയും മോദിയും തമ്മിലുള്ള ബന്ധവും അദാനി വിഷയത്തിൽ ജെപിസി അന്വേഷണവും ആവശ്യപ്പെട്ട് പ്രതിപക്ഷവും രംഗത്തെത്തി. തുടർന്ന് 2 മിനിറ്റിനുള്ളിൽ നടപടികളിലേക്കു കടക്കാതെ സഭ നിർത്തിവച്ചു. ഉച്ചയ്ക്ക് ചേർന്നപ്പോൾ രാഹുൽ ഗാന്ധി സഭയിലെത്തി. രാഹുലിനെ കണ്ടതോടെ ‘ആഗയാ, മാഫി മാംഗോ (വന്നു, മാപ്പു പറയൂ) എന്ന് ട്രഷറി ബെഞ്ചുകൾ ആർത്തു വിളിച്ചു. 

പറയാനാണ് വന്നിരിക്കുന്നതെന്നും മൈക്ക് നൽകണമെന്നും കോൺഗ്രസ് സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി ചെയറിലുണ്ടായിരുന്ന കിരിത് സോളങ്കിയോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സഭ പിരിയുന്നതായി പ്രഖ്യാപിച്ചു. 

രാഹുൽ വരണമെന്ന് മുദ്രാവാക്യം വിളിച്ച ബിജെപി അംഗങ്ങൾ രാഹുൽ വന്നപ്പോൾ പ്രസംഗിക്കാൻ സമ്മതിക്കാതെ ബഹളം വയ്ക്കുകയാണെന്ന് അധീർ രഞ്ജൻ പറഞ്ഞു. എല്ലാം ആദ്യം ചെയ്തു എന്നവകാശപ്പെടുന്ന നരേന്ദ്രമോദി സഭ ഒരു മിനിറ്റു പോലും ചേരാതെ പിരിഞ്ഞതും ആദ്യത്തെ സംഭവമായി അവകാശപ്പെടുമെന്ന് അധീർ പരിഹസിച്ചു. സഭയ്ക്കു പുറത്തിറങ്ങിയ രാഹുൽ ഗാന്ധി സ്പീക്കർക്കു മേൽ വലിയ സമ്മർദമുണ്ടെന്ന് സൂചിപ്പിച്ചു. രാജ്യസഭയിലും രാവിലെയും ഉച്ചയ്ക്കും ബഹളമുണ്ടായപ്പോൾ പെട്ടെന്നു തന്നെ നിർത്തിവച്ചു.

English Summary: Houses of Parliament adjourned over Rahul Gandhi, Adani row

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.