ADVERTISEMENT

ന്യൂഡൽഹി ∙ അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതിയുടെ (ജെപിസി) അന്വേഷണം ആവശ്യപ്പെട്ട് പാർലമെന്റിനു മുന്നിൽ പ്രതിപക്ഷ എംപിമാർ മനുഷ്യച്ചങ്ങല തീർത്തു. തൃണമൂൽ, ബിഎസ്പി ഒഴികെയുള്ള 17 കക്ഷികൾ ചങ്ങലയിൽ അണിനിരന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിൽ യോഗം ചേർന്ന ശേഷമാണ് എംപിമാർ മനുഷ്യച്ചങ്ങല ഒരുക്കിയത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സിബിഐ ആസ്ഥാനത്തേക്കും രാഷ്ട്രപതി ഭവനിലേക്കും മാർച്ച് നടത്തുന്നതും പരിഗണനയിലുണ്ട്. 

അദാനി വിഷയം ഉന്നയിക്കാൻ അനുവദിക്കാത്തതിനെതിരെ തൃണമൂൽ എംപിമാർ ഇരുസഭകളിലും കറുത്ത തുണി കൊണ്ട് വായ് മൂടിക്കെട്ടി നടുത്തളത്തിൽ പ്രതിഷേധിച്ചു. ലണ്ടനിലെ പരാമർശത്തിൽ രാഹുൽ ഗാന്ധി മാപ്പു പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയം ഉന്നയിച്ച് പ്രതിപക്ഷവും ബഹളം വച്ചതോടെ ഇരു സഭകളും ഇന്നലെ മിനിറ്റുകൾക്കുള്ളിൽ പിരിഞ്ഞു. 

വിദേശ പര്യടനത്തിനു ശേഷം ആദ്യമായി ലോക്സഭയിലെത്തിയ രാഹുൽ, തനിക്കെതിരെ ഭരണപക്ഷം ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയാൻ അവസരം നൽകണമെന്നാവശ്യപ്പെട്ട് സ്പീക്കർ ഓം ബിർലയെ കണ്ടു. ഇന്നു സംസാരിക്കാൻ അവസരം ലഭിക്കുമെന്നാണു പ്രതീക്ഷയെന്നു രാഹുൽ പറഞ്ഞു. അദാനി വിഷയത്തിൽ കേന്ദ്ര സർക്കാരും പ്രധാനമന്ത്രിയും ഭയന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. 

 

 

സംസ്ഥാനങ്ങൾ അന്വേഷണം പ്രഖ്യാപിക്കണം: തൃണമൂൽ

സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) ബിജെപിക്കു ഭൂരിപക്ഷമുള്ളതിനാലാണ് അദാനി വിഷയത്തിൽ സമിതി അന്വേഷണം ആവശ്യപ്പെടാത്തതെന്നു തൃണമൂൽ കോൺഗ്രസിന്റെ വിശദീകരണം. 

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ അദാനിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് തൃണമൂൽ എംപിമാരായ സൗഗത റോയ്, ഡെറക് ഒബ്രയൻ എന്നിവർ ആവശ്യപ്പെട്ടു. രാജസ്ഥാൻ, ഹിമാചൽ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ കോൺഗ്രസും കേരളത്തിൽ ഇടതു മുന്നണിയും അന്വേഷണം പ്രഖ്യാപിക്കണം. ബംഗാളിൽ തൃണമൂൽ സർക്കാർ അന്വേഷണം നടത്തും. ദേശീയതലത്തിൽ അദാനി വിഷയത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്നും നേതാക്കൾ പറഞ്ഞു.

 

English Summary: Opposition protest against Adani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com