ADVERTISEMENT

ന്യൂഡൽഹി ∙ അദാനി വിഷയത്തിലെ ജെപിസി അന്വേഷണവും രാഹുൽഗാന്ധി മാപ്പു പറയണമെന്ന ആവശ്യവും പാർലമെന്റിന്റെ ഇരുസഭകളെയും വീണ്ടും സ്തംഭിപ്പിച്ചു. ബഹളത്തിനിടെ ലോക്സഭ 1.48 ലക്ഷം കോടി രൂപയുടെ ഉപധനാഭ്യർഥനകളും 1.18 ലക്ഷം കോടി രൂപയുടെ ജമ്മു കശ്മീർ ബജറ്റും ചർച്ചകളില്ലാതെ പാസാക്കി. രാജ്യസഭയും ബഹളം മൂലം ഒരു തവണ നിർത്തി പിന്നീടു പിരിഞ്ഞു. ഇന്ന് ഉഗാദി പ്രമാണിച്ചുള്ള അവധിക്കു ശേഷം പാർലമെന്റ് നാളെ ചേരും. 

ലോക്സഭയിൽ ചോദ്യോത്തരവേള ആരംഭിച്ചയുടൻ ബിജെപി അംഗങ്ങളും പ്രതിപക്ഷവും മുദ്രാവാക്യം വിളി തുടങ്ങി. ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ സ്പീക്കർ 2 മണിവരെ നിർത്തിവച്ചു. 

2 ന് സഭ ചേർന്നപ്പോൾ ഇരുപക്ഷവും മൗനം പാലിച്ചു. ചെയറിലുണ്ടായിരുന്ന രാജേന്ദ്ര അഗർവാൾ നടപടികൾ തുടങ്ങിയപ്പോൾ ബിജെപി അംഗങ്ങൾ രാഹുൽഗാന്ധി മാപ്പു പറയണമെന്ന് മുദ്രാവാക്യം വിളിച്ചു. അതോടെ പ്രതിപക്ഷവും മുദ്രാവാക്യം വിളി തുടങ്ങി. 

ടി.എൻ.പ്രതാപൻ, ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, വി.കെ.ശ്രീകണ്ഠൻ, രമ്യ ഹരിദാസ്, രാജ്മോഹൻ ഉണ്ണിത്താൻ, കെ.മുരളീധരൻ, എം.കെ.രാഘവൻ, എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരടക്കമുള്ള പ്രതിപക്ഷം പ്ലക്കാർഡുകളും മുദ്രാവാക്യവുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടെ ചെയറിലുണ്ടായിരുന്ന രാജേന്ദ്രപ്രസാദ് ഉപധനാഭ്യർഥനകളും ജമ്മു കശ്മീർ ബജറ്റും പാസാക്കാൻ ധനസഹമന്ത്രി പങ്കജ് ചൗധരിയെ ക്ഷണിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ ഇവ ശബ്ദവോട്ടോടെ പാസാക്കി. 

ജമ്മു കശ്മീർ ബജറ്റിൽ ഭവന നിർമാണത്തിനും ജലവിതരണത്തിനും മറ്റു ജനക്ഷേമ നടപടികൾക്കുമാണു മുൻതൂക്കം. ഈ വർഷത്തെ ഉപധനാഭ്യർഥനകളിൽ 1,48,133.23 കോടി രൂപയാണു ചെലവ്. ഇതിൽ 36,325 കോടി രൂപ വളം സബ്സിഡികൾക്കാണ്. ഈ വർഷത്തെ രണ്ടാം ബാച്ച് ധനവിനിയോഗ ബില്ലും ചർച്ചയില്ലാതെ പാസാക്കി. പ്രതിരോധ പെൻഷനായി 33,718.49 കോടി രൂപ അധികച്ചെലവു വകയിരുത്തിയിട്ടുണ്ട്. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി പ്രകാരമുള്ള കുടിശികയ്ക്കാണ് ഇതിലേറെയും വിനിയോഗിക്കുന്നത്. സംസ്ഥാനങ്ങൾക്ക് ജിഎസ്ടി കുടിശിക നൽകാൻ 33,506 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 

പ്രശ്നപരിഹാര ചർച്ചയും പ്രതിപക്ഷം ബഹിഷ്കരിച്ചു

രാജ്യസഭയിലെ ബഹളത്തിനു പരിഹാരം കാണാൻ അധ്യക്ഷൻ ജഗ്ദീപ് ധൻകർ വിളിച്ച യോഗം പ്രതിപക്ഷ കക്ഷികൾ ബഹിഷ്കരിച്ചു. രാവിലെ സഭ തടസ്സപ്പെട്ടതിനു പിന്നാലെ 11.30നു ധൻകർ യോഗം വിളിച്ചെങ്കിലും പ്രതിപക്ഷം വിട്ടുനിന്നു. തുടർന്ന് 2.30ന് വീണ്ടും വിളിച്ചപ്പോഴും പങ്കെടുത്തില്ല. ബിജെപിക്കു പുറമേ വൈഎസ്ആർ കോൺഗ്രസ്, ടിഡിപി എന്നീ കക്ഷികൾ മാത്രമാണു യോഗത്തിനെത്തിയത്. 

English Summary : Bill passed without discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com