ADVERTISEMENT

ന്യൂഡൽഹി ∙ തൂക്കിലേറ്റാതെ വധശിക്ഷ നടപ്പാക്കുന്നതിനെക്കുറിച്ച് പഠിക്കാൻ സമിതി രൂപീകരിക്കാമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ബദൽ മാർഗങ്ങൾ സംബന്ധിച്ച അഭിപ്രായം അറിയിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തോടാവശ്യപ്പെട്ടു. ദേശീയ നിയമ സർവകലാശാലകളിലെ വിദഗ്ധർ, വിവിധ എയിംസുകളിലെ ഡോക്ടർമാർ, ശാസ്ത്രജ്ഞന്മാർ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. അഭിഭാഷകൻ ഋഷി മൽഹോത്ര ഫയൽ ചെയ്ത പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്. 

കൂടുതൽ സമയം വേദന അനുഭവിക്കേണ്ടി വരുന്ന തൂക്കിക്കൊല നിരോധിച്ച്, പകരം വിഷം കുത്തിവയ്ക്കൽ, വെടിവയ്പ്, വൈദ്യുതാഘാതം, ഗ്യാസ് ചേംബർ തുടങ്ങിയ രീതികൾ നടപ്പാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. വെടിവയ്പ് പ്രാകൃതമായതിനാൽ അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. 

വിഷം കുത്തിവച്ചാൽ കൂടുതൽ സമയം വേദന അനുഭവിക്കേണ്ടി വരില്ലേയെന്നും ഇക്കാര്യത്തിൽ കൃത്യമായ ഗവേഷണം നടന്നിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. ഇത്തരം കുത്തിവയ്പുകൾ വേദനാജനകമാണെന് ചില യുഎസ് മാസികകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. മേയ് അവസാനം കേസ് വീണ്ടും പരിഗണിക്കും.

English Summary: Death by hanging cruel supreme court asks centre to begin discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com