ഇരുപക്ഷങ്ങളും അയയുന്നില്ല; ലോക്സഭയും രാജ്യസഭയും വീണ്ടും തടസ്സപ്പെട്ടു

Parliament House complex (Photo: PTI Photo/Manvender Vashist)
പാർലമെന്റ് മന്ദിരം (Photo: PTI Photo/Manvender Vashist)
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശങ്ങളും അദാനി വിഷയത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്വേഷണാവശ്യവും ഉന്നയിച്ച് ഭരണ–പ്രതിപക്ഷങ്ങൾ ബഹളം വച്ചതോടെ പാർലമെന്റിന്റെ ഇരുസഭകളും വീണ്ടും തടസ്സപ്പെട്ടു. ബജറ്റ് സെഷന്റെ രണ്ടാംഘട്ട സമ്മേളനം കഴിഞ്ഞയാഴ്ച മുഴുവൻ ഇങ്ങനെ തടസ്സപ്പെട്ടിരുന്നു. ലോക്സഭയിൽ സ്പീക്കർ ഓം ബിർല ഇരുപക്ഷത്തെയും ചർച്ചയ്ക്കു ക്ഷണിച്ചു. ഇരുകൂട്ടർക്കും പറയാനുള്ളതു പറയാമെന്നും സഭ നടത്തിക്കൊണ്ടുപോകാൻ അനുവദിക്കണമെന്നും അഭ്യർഥിച്ചെങ്കിലും ആരും വഴങ്ങിയില്ല.

സഭ നടത്തി ജനാധിപത്യം രക്ഷിക്കണം എന്നെഴുതിയ പ്ലക്കാർഡുമായി എത്തിയ അകാലിദൾ എംപി ഹർസിമ്രത് കൗറിനെ സ്പീക്കർ ശാസിച്ചു. ചോദ്യോത്തരവേള തുടങ്ങുമ്പോഴേ ബിജെപി അംഗങ്ങൾ രാഹുൽ ഗാന്ധി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു മുദ്രാവാക്യം വിളിച്ചു. രാഹുൽ ഷെയിം ഷെയിം എന്നു ഭരണപക്ഷവും നരേന്ദ്ര മോദി ഷെയിം ഷെയിം എന്നു പ്രതിപക്ഷവും മുദ്രാവാക്യമുയർത്തി. പ്രതിപക്ഷാംഗങ്ങളോട് സീറ്റിലിരിക്കാനും ചട്ടപ്രകാരം ആവശ്യപ്പെട്ടാൽ സംസാരിക്കാൻ അവസരം നൽകാമെന്നും സ്പീക്കർ പറഞ്ഞു.

ഭരണകക്ഷി അംഗങ്ങൾക്ക് അച്ചടക്കം ബാധകമല്ലേയെന്ന് അധീർ രഞ്ജൻ ചൗധരിയും (കോൺഗ്രസ്) ടി.ആർ.ബാലുവും (ഡിഎംകെ) ചോദിച്ചു. രാഹുലിനെ ചോദ്യംചെയ്യാൻ ഡൽഹി പൊലീസ് എത്തിയ കാര്യം ഗൗരവ് ഗൊഗോയ് വിളിച്ചുപറഞ്ഞു. ബഹളം രൂക്ഷമായപ്പോൾ 2 മണി വരെ സ്പീക്കർ സഭ നിർത്തി. 2 മണിക്കു ശേഷം സഭയുടെ മേശപ്പുറത്തു വയ്ക്കാനുണ്ടായിരുന്ന റിപ്പോർട്ടുകൾ വച്ച ശേഷം ഇന്നത്തേക്കു പിരിഞ്ഞു.

രാജ്യസഭയും ആദ്യം 2 മണി വരെ നിർത്തിവച്ച് പിന്നീടു പിരിഞ്ഞു. രാഹുൽ മാപ്പു പറഞ്ഞാൽ സഭാതടസ്സം നീങ്ങുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ആർക്കും അവസരം നിഷേധിച്ചിട്ടില്ലെന്ന് പാർലമെന്ററികാര്യ സഹമന്ത്രികൂടിയായ വി.മുരളീധരൻ പറഞ്ഞു.

വിശദീകരണത്തിന് അവസരം തേടി രാഹുൽ

ലണ്ടനിൽ നടത്തിയ പരാമർശങ്ങളെക്കുറിച്ചു ലോക്സഭയിൽ വിശദീകരിക്കാൻ അവസരം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്പീക്കർ ഓം ബിർലയ്ക്കു കത്തു നൽകി. കഴിഞ്ഞയാഴ്ച സ്പീക്കറെ നേരിട്ടുകണ്ട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാണെന്ന പരാമർശങ്ങളുടെ പേരിൽ രാഹുൽ മാപ്പു പറയണമെന്നാവശ്യപ്പെട്ട് പാർലമെന്റിൽ ബിജെപി പ്രതിഷേധത്തിലാണ്. രാജ്യത്തു വിദേശശക്തികൾ ഇടപെടണമെന്ന് രാഹുൽ ആവശ്യപ്പെട്ടതായും ബിജെപി ആരോപിച്ചിരുന്നു. ഇന്ത്യയിൽ 2014നു മുൻപ് ജനാധിപത്യം അഴിമതി നിറഞ്ഞതായിരുന്നുവെന്ന മട്ടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശത്തു നടത്തിയ പരാമർശങ്ങളുയർത്തിയാണ് കോൺഗ്രസ് ബിജെപിയെ ചെറുക്കുന്നത്.

English Summary: Lok sabha and Rajya sabha functioning stuck

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

FROM ONMANORAMA