ADVERTISEMENT

ന്യൂഡൽഹി ∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ കണ്ടെത്താനുള്ള ശ്രമം നാലാം ദിവസവും വിഫലം. പഞ്ചാബ് പൊലീസും കേന്ദ്ര സേനകളും അസമിലുൾപ്പെടെ തിരച്ചിൽ തുടർന്നു. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച ഉന്നതതല യോഗം വിളിച്ചു.

പല വേഷത്തിലും രൂപത്തിലുമുള്ള അമൃത്പാലിന്റെ ചിത്രങ്ങളടങ്ങിയ നോട്ടിസുകൾ പഞ്ചാബിലുടനീളം പൊലീസ് പതിപ്പിച്ചു. സംസ്ഥാനത്ത് ഇന്റർനെറ്റ്, എസ്എംഎസ് സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിച്ചു.

ശനിയാഴ്ച ജലന്തറിൽ പൊലീസിനെ വെട്ടിച്ചു കാറിൽ കടന്ന അമൃത്പാൽ, പ്രദേശത്തുള്ള ഗുരുദ്വാരയിൽ ഒളിച്ചെന്നും പിന്നീടു വേഷം മാറി, അവിടെ നിന്നു ബൈക്കിൽ പോയെന്നും പഞ്ചാബ് ഐജി സുഖ്ചെയ്ൻ സിങ് ഗിൽ അറിയിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഈ കാർ കണ്ടെടുത്തു. ഇതിൽനിന്ന് തോക്ക്, വാൾ തുടങ്ങിയവ ലഭിച്ചു.

പൊലീസിനെ വെട്ടിച്ചുകടക്കാൻ സഹായിച്ച 4 പേരെക്കൂടി അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ ആയുധനിയമപ്രകാരം കേസെടുത്തു. ഇതുവരെ 154 പേരെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അറസ്റ്റിലായ ബന്ധു ഹർജിത് സിങ്ങിനെ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്കു മാറ്റി. അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരവും കേസെടുത്തു. ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു.

80,000 പൊലീസുകാർ എന്തുചെയ്തു: കോടതി

അമൃത്പാലുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച പഞ്ചാബ്–ഹരിയാന ഹൈക്കോടതി പൊലീസിനെ രൂക്ഷഭാഷയിൽ വിമർശിച്ചു. 80,000 പൊലീസുകാരുണ്ടായിട്ടും അമൃത്പാൽ എങ്ങനെ കടന്നുകളഞ്ഞെന്നു ജഡ്ജി എൻ.എസ്.ശെഖാവത്ത് ചോദിച്ചു. ജി20 സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾക്കു സുരക്ഷ ഒരുക്കുന്നതിന്റെ തിരക്കുണ്ടായിരുന്നുവെന്നു പൊലീസ് മറുപടി നൽകി.

അമൃത്പാലുമായി ബന്ധപ്പെട്ട വിശദ റിപ്പോർട്ട് 4 ദിവസത്തിനകം സമർപ്പിക്കാൻ പൊലീസിനോടു കോടതി നിർദേശിച്ചു. വിഷയത്തിൽ കോടതിയെ സഹായിക്കുന്നതിനുള്ള അമിക്കസ് ക്യൂരിയായി തനു ബേദിയെ നിയമിച്ചു.

English Summary: Cops Suspect Amritpal Singh Changed Appearance, Share Many Looks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com