അപ്രതീക്ഷിത വിധിയിൽ ഞെട്ടി കോൺഗ്രസ്; ഗൗരവത്തിലെടുത്തില്ല എന്നും വിമർശനം

Rahul Gandhi | File Photo: Rahul R Pattom / Manorama
രാഹുൽ ഗാന്ധി (File Photo: Rahul R Pattom / Manorama)
SHARE

ന്യൂഡൽഹി ∙ രാഹുൽ ഗാന്ധിയെ കുറ്റക്കാരനായി പ്രഖ്യാപിക്കുമെന്നു കോൺഗ്രസ് കരുതിയിരുന്നെങ്കിലും തൊട്ടുപിന്നാലെ ശിക്ഷാവിധി വരുമെന്നു കരുതിയില്ല. കുറ്റക്കാരനായി പ്രഖ്യാപിച്ച ശേഷം ശിക്ഷ മറ്റൊരു ദിവസം പ്രഖ്യാപിക്കുന്ന പതിവ് ഇവിടെയും ഉണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ. കുറ്റക്കാരനായി പ്രഖ്യാപിക്കുമ്പോൾ കോടതിക്കു പുറത്തു പാർട്ടിയുടെ കരുത്തറിയിക്കാൻ പരമാവധി പ്രവർത്തകരോടു സൂറത്തിലെത്താൻ പാർട്ടി നിർദേശിച്ചിരുന്നു. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനൊപ്പം ഇന്നലെ രാവിലെയാണു രാഹുൽ സൂറത്തിലെത്തിയത്.

വിധി പറയുന്നതിനു മുന്നോടിയായി അതിനെ നേരിടാനുള്ള മാർഗങ്ങൾ സംബന്ധിച്ചു പാർട്ടിയിലെ അഭിഭാഷകരായ പി.ചിദംബരം, അഭിഷേക് മനു സിങ്‍വി എന്നിവരുമായി കൂടിയാലോചിച്ചു തീരുമാനമെടുക്കാനായിരുന്നു കോൺഗ്രസിന്റെ പദ്ധതി. 

എന്നാൽ, അതിവേഗം വിധി വന്നതു പാർട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വൈകിട്ട് ഡൽഹിയിൽ തിരിച്ചെത്തിയ രാഹുലിനെ സോണിയ ഗാന്ധി വസതിയിൽ സന്ദർശിച്ചു. മുതിർന്ന പാർട്ടി എംപിമാരുമായി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ രാത്രി കൂടിക്കാഴ്ച നടത്തി.

തെറ്റൊന്നും ചെയ്യാത്തതിനാൽ മാപ്പു പറയേണ്ട കാര്യമില്ലെന്നും ജയിലിൽ പോകാൻ തയാറാണെന്നുമായിരുന്നു പാർട്ടി നേതൃത്വത്തോടുള്ള രാഹുലിന്റെ ആദ്യ പ്രതികരണം. വിധിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഒരുക്കത്തിലാണു കോൺഗ്രസ്. അയോഗ്യത ഒഴിവാക്കാൻ കോടതി വിധി സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ വേണമെന്നതിനാൽ, മേൽക്കോടതിയിൽനിന്ന് എത്രയും വേഗം അനുകൂല വിധി നേടുകയാണ് ആദ്യ ലക്ഷ്യം. രാഹുൽ പാർലമെന്റിൽ സംസാരിക്കുന്നതിനെ ഭയക്കുന്ന ബിജെപി അതു തടയാൻ നീങ്ങുന്നുവെന്ന വാദം കോൺഗ്രസ് രാഷ്ട്രീയമായി ഉന്നയിക്കും.

ലണ്ടനിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ കേന്ദ്രമന്ത്രിമാരടക്കം ഉന്നയിച്ച ആരോപണത്തിനു ലോക്സഭയിൽ മറുപടി നൽകാൻ അവസരം നൽകണമെന്നു രാഹുൽ കഴിഞ്ഞ ദിവസങ്ങളിൽ സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. രാഹുൽ മറുപടി നൽകുന്നതിനെ അനുകൂലിക്കാതിരുന്ന ഭരണപക്ഷം, ഇപ്പോൾ അദ്ദേഹം പാർലമെന്റിൽനിന്നു തന്നെ ഒഴിവാക്കപ്പെടുന്ന സാഹചര്യത്തിൽ രാഷ്ട്രീയനേട്ടം കാണുന്നു. മറുവശത്ത്, മുന്നണിപ്പോരാളിയെ നഷ്ടമാകുന്ന സാഹചര്യം ഏതുവിധേനയും തടയാനുള്ള തീവ്രശ്രമത്തിലാണു കോൺഗ്രസ്.

ഗൗരവത്തിലെടുത്തില്ല എന്നും വിമർശനം

രാഹുലിന് എതിരെയുണ്ടായ കേസ് കോൺഗ്രസ് വേണ്ടത്ര ഗൗരവത്തോടെ കൈകാര്യം ചെയ്തില്ലെന്ന വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, പോരാളിയെന്ന രാഹുലിന്റെ പ്രതിഛായയ്ക്ക് കോടതിവിധി സഹായകമാകുമെന്നു വാദിക്കുന്നവരുമുണ്ട്. 

English Summary: Congress on Rahul Gandhi's case verdict

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA